
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങുകളില്‍ രണ്ട് എണ്ണത്തിനെ കൂട്ടിലാക്കി. ഭക്ഷണം എടുക്കാൻ വന്നപ്പോഴാണ് കുരങ്ങുകളെ കൂട്ടിലാക്കിയത്. ഒരണ്ണം മരത്തിന് മുകളിൽ തന്നെയാണ്. ഇതിനെ നാളെ മരത്തിൽ കയറി പിടികൂടാനാണ് മൃഗശാല അധികൃതരുടെ തീരുമാനം.
ഇന്നലെ രാവിലെ 8.45 ഓടെയാണ് മൂന്ന് ഹനുമാൻ കുരങ്ങുകൾ കൂട്ടില്‍ നിന്ന് പുറത്ത് ചാടിയത്. മൃഗശാലയിൽ തന്നെയുള്ള മരത്തിന് മുകളിലായി നിലയുറപ്പിച്ചിരിക്കുകയാണ് മൂന്ന് കുരങ്ങുകളും. ഭക്ഷണം കൊടുത്തും ഇണയെ കാട്ടിയും തിരികെയെത്തിക്കാനായിരുന്നു അധികൃതരുടെ ശ്രമം. ഇടയ്ക്ക് താഴേക്ക് ഇറങ്ങുന്നുണ്ടെങ്കിലും പിടികുടാനാകുന്നതിന് മുമ്പേ വീണ്ടും മരത്തിന് മുകളിലേക്ക് കയറി പോയ കുരങ്ങുകൾ കുറച്ചൊന്നുമല്ല അധികൃതര്‍ക്ക് തലവേദന ഉണ്ടാക്കിയത്. ഇന്ന് വൈകിട്ട് ഭക്ഷണം എടുക്കാൻ വന്നപ്പോഴാണ് രണ്ട് കുരങ്ങുകളെ പിടികൂടിയത്.
ആകെ 4 ഹനുമാൻ കുരങ്ങുകളാണ് മൃഗശാലയിലുള്ളത്. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നാണ് മാസങ്ങൾക്ക് മുമ്പ് ഹനുമാൻ കുരങ്ങുകളെ തിരുവനന്തപുരത്തെ മൃഗശാലയിലെത്തിച്ചത്. സന്ദർശകർക്ക് കാണാൻ പാകത്തിൽ കൂട്ടിലേക്ക് മാറ്റുന്നതിനിടെ കഴിഞ്ഞ ജൂണിൽ ഒരു കുരങ്ങ് ചാടിപ്പോയിരുന്നു. തലസ്ഥാന നഗരത്തിൽ സ്വൈര്യവിഹാരം നടത്തിയിരുന്ന കുരങ്ങിനെ ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അന്ന് മൃഗശാല അധികൃതർ കൂട്ടിലാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]