
അഹമ്മദാബാദ്: പാസഞ്ചർ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. ട്രെയിൻ പാളം തെറ്റിച്ച ശേഷം യാത്രക്കാരെ കൊള്ളയടിക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന് വേണ്ടി റെയിൽവേ പാളത്തിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് കഷണത്തിൽ ട്രെയിൻ ഇടിച്ചെങ്കിലും ഭാഗ്യവശാൽ പാളം തെറ്റിയില്ലെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 25 ന് പുലർച്ചെ ഗുജറാത്തിലെ കുണ്ഡ്ലി ഗ്രാമത്തിന് സമീപമാണ് സംഭവമുണ്ടായത്.
പ്രതികളുടെ ഇരുവരുടെയും സാമ്പത്തിക സ്ഥിതി മോശമായതിനാൽ ട്രെയിനിൽ മോഷണം നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് റിപ്പോർട്ട്. യൂട്യൂബ് വീഡിയോ കണ്ടാണ് ഇരുവരും കവർച്ച ആസൂത്രണം ചെയ്തത്. പ്രതികളായ രമേഷ്, ജയേഷ് എന്നീ രണ്ട് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുരുതരമായ കുറ്റമായതിനാൽ ബോട്ടാഡ് ജില്ലാ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും എടിഎസും വിവിധ കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തിയെന്നും പ്രതികളായ രമേശിന്റെയും ജയേഷിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയെന്നും ബോട്ടാഡ് പൊലീസ് സൂപ്രണ്ട് കിഷോർ ബലോലിയ പറഞ്ഞു.
ട്രെയിൻ അട്ടിമറിക്കാനായി നാല്-അഞ്ച് അടി നീളമുള്ള ഇരുമ്പ് കഷണമാണ് പാളത്തിൽ സ്ഥാപിച്ചിരുന്നത്. വയലുകളുള്ള മേഖലയിലാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്തത്. ട്രെയിൻ പാളം തെറ്റി സമീപത്തുള്ള വയലുകളിലേയ്ക്ക് വീഴുമെന്നായിരുന്നു ഇരുവരുടെയും കണക്കുകൂട്ടൽ. ഈ സമയം മുതലെടുത്ത് യാത്രക്കാരുടെ പണവും മറ്റ് സാധനങ്ങളും കൊള്ളയടിക്കാനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നത്. പദ്ധതി പൊളിഞ്ഞതിന് പിന്നാലെ ഇരുവരും ഇരുചക്ര വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]