കൊച്ചി: സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിന് ഏറ്റെടുക്കാനുള്ള ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ തീരുമാനം ഹൈക്കോടതി താത്കാലികമായി തടഞ്ഞു. മൃതദേഹം വ്യാഴാഴ്ച വരെ മോർച്ചറിയിൽ സൂക്ഷിക്കാൻ ജസ്റ്റിസ് വി.ജി. അരുൺ നിർദ്ദേശിച്ചു. അന്ന് വിശദമായ വാദം കേൾക്കും. പ്രിൻസിപ്പലിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ലോറൻസിന്റെ മകൾ ആശ നൽകിയ ഹർജിയിലാണ് നടപടി.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെപ്പോലെ ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വീണ്ടും ഹിയറിംഗ് നടത്താനാകുമോ എന്നതിൽ സർക്കാർ വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
ലോറൻസിന്റെ മൃതദേഹം ക്രൈസ്തവ മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ആശ നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിതാവിന്റെ ആഗ്രഹപ്രകാരം മൃതശരീരം പഠനാവശ്യത്തിന് വിട്ടുനൽകുമെന്നാണ് മറ്റുമക്കളായ അഡ്വ. എം.എൽ. സജീവനും സുജാത ബോബനും നിലപാടെടുത്തത്. തുടർന്ന് മൂന്നു പേരേയും കേട്ട് അനാട്ടമി ആക്ട് പ്രകാരം തീരുമാനമെടുക്കാൻ കോടതി മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തി. പ്രിൻസിപ്പൽ സമിതി രൂപീകരിച്ച് മൂന്നു പേരുടെയും അഭിപ്രായങ്ങൾ കേട്ട് ആശയുടെ ആവശ്യം തള്ളുകയായിരുന്നു.
ലോറൻസ് ജീവിച്ചിരിക്കെ നൽകിയതായി പറയുന്ന സമ്മതം ആധികാരികമാണോയെന്ന് സംശയിക്കുന്നതായി ആശ വാദിച്ചു. സഹോദരി സുജാത ഈ തീരുമാനത്തിൽ നിന്ന് പിന്നീട് പിന്മാറിയതാണെന്നും അവകാശപ്പെട്ടു. കോടതിയുടെ അനുമതിയില്ലാതെ സമിതിക്ക് രൂപംകൊടുത്ത പ്രിൻസിപ്പലിന്റെ നടപടി തെറ്റാണ്. അനാട്ടമി നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് തീരുമാനം. സമിതിയുടെ തീരുമാനം ഏകപക്ഷീയമായിരുന്നു. മക്കളെ ഒരുമിച്ചിരുത്തിയുള്ള ചർച്ച ഉണ്ടായില്ലെന്നും ആശയുടെ അഭിഭാഷകൻ കൃഷ്ണരാജ് ചൂണ്ടിക്കാട്ടി.
ഒരു വശം മാത്രം കേട്ടാണോ തീരുമാനമെന്ന് വാദത്തിനിടെ കോടതി സംശയം പ്രകടിപ്പിച്ചു. തുടർന്ന് എല്ലാ കക്ഷികളെയും കേൾക്കുന്നതിന് ഹർജി മാറ്റുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]