
കോഴിക്കോട്: മുസ്ലിം ലീഗ് ലോക്സഭയിലേക്ക് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. മുൻപും അവർക്ക് സീറ്റ് കൊടുത്തിട്ടുണ്ട്. അതിന്റെ പേരിൽ തർക്കം ഉണ്ടാകില്ല. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മുരളീധരൻ പറഞ്ഞു.
കരുവന്നൂരിൽ ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ പ്രേരിതമാണെന്ന് ആർക്കും പറയാനാകില്ല. ഇ.ഡി. അന്വേഷിച്ചാലും സംസ്ഥാനം അന്വേഷിച്ചാലും അത് അഴിമതി തന്നെയാണ്. എന്നാൽ കരുവന്നൂരിന്റെ മറവിൽ എല്ലാ സഹകരണ ബാങ്കുകളെയും തകർക്കാൻ അനുവദിക്കില്ല. അതിനോട് കോൺഗ്രസിന് യോജിപ്പില്ല. ഞങ്ങളുടെ ബാങ്കുകളിലും അന്വേഷണം നടക്കട്ടെ. ഒരു ഭയവുമില്ല. കരുവന്നൂരിൽ ഇ ഡി അന്വേഷണം പരമാവധി എ സി മൊയ്തീൻ വരെയേ എത്തു. അതിനു മുമ്പേ അഡ്ജസ്റ്റ്മെന്റ് നടക്കും. കരുവന്നൂർ വെച്ച് തൃശൂർ സീറ്റ് പിടിക്കാമെന്നു ബി ജെ പി കരുതേണ്ട. കെട്ടി വെച്ച പണം കിട്ടുമോ എന്ന് നോക്കിയാൽ മതിയെന്നും കെ മുരളീധരൻ പറഞ്ഞു.
ഈ രീതിയിലാണ് അഴിമതി പോകുന്നതെങ്കിൽ കെ.എസ്.ആർ.ടി.സിയിലാണോ പൊലീസ് വാഹനത്തിലാണോ മന്ത്രിമാരുടെ മണ്ഡലപര്യടനം പോകുന്നതെന്ന് കണ്ടറിയാമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. മൂന്നാം ലോക്സഭാ സീറ്റിന് മുസ്ലിം ലീഗിന് എല്ലാ അർഹതയുമുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇന്നലെ പ്രതികരിച്ചിരുന്നു. ഇപ്പോഴുളളത് പോരാ എന്നത് ശരിയാണ്. എന്നാൽ യുഡിഎഫിൽ ആലോചിച്ചാവും അന്തിമ തീരുമാനമെന്നും കുഞ്ഞാലിക്കുട്ടി കണ്ണൂരിൽ പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സീറ്റുമായി ബന്ധപ്പെട്ടുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം ഉണ്ടായത്.
Last Updated Oct 1, 2023, 12:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]