ഇടുക്കി: ‘ഞാൻ ജനിച്ചപ്പോൾ മുതൽ എന്റെയീ ഒരു കൈ കൊണ്ടാണ് എല്ലാക്കാര്യങ്ങളും ചെയ്യുന്നത്. അതുകൊണ്ടാണ് എന്റെ സംരംഭത്തിന് ഞാൻ ‘വൺ ഹാൻഡ് എംബ്രോയ്ഡറി’ എന്ന് പേരിട്ടത്.
എന്റെ പേജ് കാണുന്ന എല്ലാരും ചോദിക്കും എന്ത് പറ്റിയതാ, ആക്സിഡൻറാണോ എന്നൊക്കെ, ഒന്നുമല്ല, ജന്മനാ അങ്ങനെയാണ്. പക്ഷേ എനിക്കിതൊരു പ്രശ്നമല്ല കേട്ടോ, ഞാൻ ഓകെയാണ്.’ മുന്നിൽ നിരന്നിരിക്കുന്ന കുഞ്ഞുടുപ്പുകളും മുഖം നിറയെ ചിരിയുമായി അഞ്ജന തന്റെ കുഞ്ഞുസംരംഭത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങി.
ഒറ്റക്കൈ കൊണ്ടാണ് അഞ്ജന തന്റെയീ കുഞ്ഞുസംരംഭത്തെ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് കൂടി അറിയുമ്പോള്‍ നമുക്ക് അത്ഭുതം തോന്നാം. ടീനേജ് പ്രായത്തിലൊക്കെ എനിക്ക് ഒരു വിഷമമുണ്ടായിരുന്നു.
ഞാൻ എന്താ ഇങ്ങനെയെന്ന് ഓര്‍ത്ത്. പക്ഷേ ചെറുപ്പത്തിലൊന്നും എനിക്കിങ്ങനെയൊരു കുറവുണ്ടെന്ന് എനിക്കറിയത്തേ ഇല്ലായിരുന്നു.
സ്കൂളിലൊക്കെ പഠിക്കുന്ന സമയത്ത് എല്ലാ പരിപാടികളിലും പങ്കെടുക്കും. പിന്നീട് പതിയെ എല്ലാക്കാര്യത്തിൽ നിന്നും ഞാൻ പിൻമാറാൻ തുടങ്ങി.
അതിന് മുമ്പ് സ്പോര്‍ട്സ് ഒഴികെ ബാക്കിയെല്ലാ പരിപാടികളിലും ഞാൻ പങ്കെടുക്കുമായിരുന്നു. ഹൈസ്കൂളൊക്കെ ആയപ്പോഴേയ്ക്കും ശരിക്കും ഇൻട്രോവെർട്ട് ആയിപ്പോയി.
പിന്നെ പിജി കഴിഞ്ഞ സമയത്താണ് അതിൽ നിന്ന് പുറത്ത് കടക്കുന്നത്. ഡിഗ്രി പഠിച്ചത് ഹോസ്റ്റലിൽ നിന്നാണ്.
കോട്ടയം ബിസിഎം കോളേജിലാണ് ഡിഗ്രിക്ക് പഠിച്ചത്. പിജി തൊടുപുഴ ശാന്തിഗിരിയിലും.
അഞ്ജന പറയുന്നു. സ്റ്റിച്ചിംഗും എംബ്രോയിഡറിയും പഠിച്ചിട്ടില്ലെന്നും അഞ്ജന പറയുന്നു. എന്റെ അമ്മച്ചി തയ്ക്കുമായിരുന്നു.
വീട്ടിലുള്ളവര്‍ക്കെല്ലാം അമ്മച്ചിയാണ് ഡ്രസ് തയ്ച്ചു കൊടുത്തിരുന്നത്. അതുകൊണ്ട് തന്നെ മെഷീൻ ബാലന്സുണ്ടായിരുന്നു എന്ന് അഞ്ജന പറയുന്നു.
സ്റ്റിച്ചിംഗ് പഠിക്കുന്നതിനെക്കുറിച്ചോ അതിങ്ങനെയൊരു സംരംഭമാകുമെന്നോ ചിന്തിച്ചിട്ട് കൂടിയില്ലെന്നാണ് അഞ്ജനയുടെ വാക്കുകള്‍. 2022ലായിരുന്നു കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ ആൽവിനുമായുള്ള വിവാഹം. എംഎസ് ഡബ്ലിയു ബിരുദം നേടിയെങ്കിലും ആ ജോലിയിലേക്ക് എത്താൻ അഞ്ജനയ്ക്ക് സാധിച്ചില്ല.
പിന്നീട് ഒരു സ്വകാര്യ സ്ഥാപനത്തിലും ജോലി ചെയ്തു. പക്ഷേ ആ ജോലി തുടരാൻ സാധിച്ചില്ലെന്ന് അഞ്ജന പറഞ്ഞു.
ഒരു വര്‍ഷം അവിടെ ജോലി ചെയ്ത് രാജിവെച്ചിറങ്ങി പുതിയ ജോലി തേടുന്നതിനിടെയാണ് ഒരു കുഞ്ഞു വഴിത്തിരിവ്. ‘ഹസ്ബന്‍ഡിന്റെ കസിന് ഒരു വാവയുണ്ടായി. അന്നവിടെ പോകുന്ന സമയത്ത് ആ വാവയുടെ ഉടുപ്പിലൊരു കുഞ്ഞ് എംബ്രോയിഡറി കണ്ടു.
അതെനിക്ക് ഇഷ്ടപ്പെട്ടു. ഇതൊന്ന് ട്രൈ ചെയ്താലോ എന്ന് തോന്നി.
വീട്ടിലെത്തി പഴയ നൂലും തുണിയും ഒക്കെ വെച്ച് ചെയ്ത് നോക്കിയപ്പോൾ, കണ്ട എല്ലാവരും പറഞ്ഞു കൊള്ളാം.
ചെയ്ത വർക്കിന്റെയെല്ലാം ഫോട്ടോയെടുത്ത് വെക്കുമായിരുന്നു. ഇത് ഒരു സംരംഭമാക്കാമെന്ന് പറഞ്ഞത് ഭർത്താവ് ആൽവിനാണെന്നും അഞ്ജനയുടെ വാക്കുകള്‍. പിന്നീട് യൂട്യൂബിൽ നോക്കിയാണ് സ്റ്റിച്ചിംഗും എംബ്രോയിഡറിയും പഠിച്ചത്.വീട്ടിലുണ്ടായിരുന്ന ഒരു പഴയ തയ്യൽ മെഷീൻ പൊടി തട്ടിയെടുത്ത് അതിലും സ്റ്റിച്ച് ചെയ്ത് നോക്കി.
ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോസ് കണ്ടിട്ടാണ് ആളുകള്‍ വിളിച്ച് ഓര്‍ഡര്‍ തരുന്നത്. കൂടുതലും കുഞ്ഞുടുപ്പുകളാണ് ചെയ്യാറുള്ളതെന്നും അഞ്ജന പറയുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കണ്ട് ഒരുപാട് പേര് വിളിക്കാറുണ്ടെന്നും അവർക്കൊക്കെ പ്രചോദനമായെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമാണെന്നും അഞ്ജന പറയുന്നു.
എനിക്ക് എല്ലാരോടും ചിരിക്കാനും വർത്തമാനം പറയാനുമൊക്കെ ഇഷ്ടമാണ്. മറ്റുളളവരോട് ഇടപെടാനും അവരെ സഹായിക്കാനും ഇഷ്ടമുള്ളത് കൊണ്ടാണ് എംഎസ് ഡബ്ലിയു പഠിച്ചതെന്നും അഞ്ജന പറയുന്നു. ജോലിക്കായുള്ള അഭിമുഖങ്ങളിൽ നിന്നുള്ള ചില ചോദ്യങ്ങൾ സങ്കടപ്പെടുത്തിയിട്ടുണ്ട്.
യാത്ര ചെയ്യാൻ പറ്റുമോ എന്നൊക്കെയാണ് ചോദിക്കുക. എനിക്കൊരു കുറവുണ്ടെന്ന് അവർക്ക് തോന്നിയത് കൊണ്ടാകാം അങ്ങനെയൊരു ചോദ്യം.
‘എനിക്കങ്ങനെ തോന്നിയിട്ടേയില്ല. ഒരിടത്തും പ്രത്യേക പരിഗണന എനിക്കാവശ്യമില്ല.
അങ്ങനെയൊരു പരിഗണന കിട്ടുമ്പോഴാണ് എനിക്കെന്തെങ്കിലും കുറവുണ്ടെന്ന് ഞാൻ ചിന്തിക്കുക. വണ്ടിയോടിക്കും, സൈക്കിള്‍ ചവിട്ടും, നീന്തും, രണ്ട് കൊല്ലമായി കരാട്ടേയും പഠിക്കുന്നുണ്ട്..
എന്റെ കാര്യങ്ങളൊക്കെ എനിക്ക് ഒറ്റക്ക് ചെയ്യാം.’ ഒരു കൺസെഷന്റെയും ആവശ്യമില്ലെന്ന് അഞ്ജന ആവർത്തിക്കുന്നു. പലരും ഗിഫ്റ്റായി കൊടുക്കാനാണ് വർക്ക് തരുന്നത്.
പിന്നെ സ്പെഷൽ മോമന്റ്സ്, ഓരോ തീം പറഞ്ഞുള്ള വർക്കും ലഭിക്കാറുണ്ട്. വർക്ക് ചെയ്യാനായി ഡ്രസ് അയച്ചു തരുന്നവരുമുണ്ട്.
കുടുംബത്തിന്റെ സപ്പോർട്ട് ഒന്നു കൊണ്ട് മാത്രമാണ് തനിക്ക് ഇത്രയും എത്താൻ പറ്റിയതെന്നും അഞ്ജന. മാത്രമല്ല, ഇഷ്ടപ്പെട്ട
ജോലി ചെയ്യുന്നതിന്റെ സന്തോഷം ഓരോ നിമിഷവുമുണ്ട്. ഇതൊരു വലിയ സംരംഭമാക്കണം.
എന്നെപ്പോലെയുള്ള ഒരുപാട് പേരെ സഹായിച്ച്, അവർക്ക് ജോലി കൊടുത്ത് അവരുടെ പ്രതീക്ഷയാകണമെന്നാണ് ആഗ്രഹം. എന്നെപ്പോലെ ഒരുപാട് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുണ്ട്.
ഞാനും ചെറുപ്പത്തിലൊരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. എനിക്ക് കുറവുണ്ടല്ലോന്നോർത്ത്.
പുറത്തിറങ്ങാൻ പോലും മടിയായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനല്ല.
നമ്മളാണ് നമ്മുടെ പരിധി നിശ്ചയിക്കുന്നത്. ഇപ്പോ എനിക്ക് അങ്ങനെ തോന്നുന്നു.
തടസ്സങ്ങൾ നമ്മുടെ മനസിലാണ്. പരിശ്രമിച്ചാൽ ഈ തടസങ്ങളെയൊക്കെ നമുക്ക് കാറ്റിൽ പറത്താനും പറ്റും.’ ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ അഞ്ജന ഇപ്പോൾ കൊച്ചിയിൽ ഭർത്താവിനൊപ്പമാണ് താമസം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]