പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ട് പ്രതിഷേധങ്ങൾ തുടരുന്നു. രാഹുലിന് സംരക്ഷണമൊരുക്കുമെന്ന് കോൺഗ്രസ് നേതൃത്വം ആവർത്തിക്കുന്നതിനിടെയാണ് ഇന്ന് ഡിവൈഎഫ്ഐ പ്രതിഷേധം നടത്തുന്നത്.
എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമം സംഘടിപ്പിക്കും. വൈകീട്ട് സ്റ്റേഡിയം സ്റ്റാൻ്റ് പരിസരത്താണ് ആത്മാഭിമാന സദസ് എന്ന പേരിൽ പരിപാടി നടത്തുന്നത്.
രാഹുൽ മണ്ഡലത്തിൽ എത്തിയാൽ തടയുമെന്ന് ഡിവൈഎഫ്ഐയും ബിജെപിയും നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിന് കോൺഗ്രസിൽ നിന്ന് പിന്തുണയേറി വരികയാണ്.
കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ എംഎം ഹസ്സൻ പിന്തുണച്ച് രംഗത്തെത്തി. ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അനുകൂലിച്ചും പൊലീസിനെ പരിഹസിച്ചുമാണ് എംഎം ഹസ്സൻ്റെ പ്രതികരണം.
അമ്മി കൊത്താൻ ഉണ്ടോ എന്ന് ചോദിക്കും പോലെ പരാതിക്കാർ ഉണ്ടോ എന്ന് ചോദിക്കുകയാണ് പൊലീസെന്ന് അദ്ദേഹം പരിഹസിച്ചു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി മുഖ്യമന്ത്രി ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം പാർട്ടിയിലെ സ്ത്രീ പീഡകരെ സംരക്ഷിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും ഹസൻ കുറ്റപ്പെടുത്തി. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം രാഷ്ട്രീയമായി ഉപയോഗിച്ചാൽ നേരിടും.
നിയമസഭയിൽ വരണോയെന്നത് എംഎൽഎയുടെ തീരുമാനമാണ്. നിയമസഭയിൽ വരുന്നത് അവകാശമാണ്.
ഷാഫി പറമ്പിലിനെ തടഞ്ഞാൽ കയ്യും കെട്ടി നോക്കിനിൽക്കില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇതുവരെ ആരും പരാതി ഉന്നയിച്ചിട്ടില്ല.
എന്നാൽ എം മുകേഷ് എംഎൽഎയ്ക്കെതിരായ കേസ് അങ്ങിനെയല്ലെന്നും ഹസ്സൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]