ചെന്നൈ ∙ ഓണക്കാലത്ത് സ്പെഷൽ ട്രെയിനെന്ന പേരിൽ
നടത്തുന്ന പ്രഹസനത്തിൽ തട്ടിവീണു മലയാളികളുടെ യാത്രാ പ്രതീക്ഷകൾ. ഓണത്തിരക്ക് കുറയ്ക്കാനെന്ന പേരിൽ കേരളത്തിന്റെ തെക്കോട്ടും വടക്കോട്ടും റെയിൽവേ ശനിയാഴ്ച രാത്രി പ്രഖ്യാപിച്ച സ്പെഷൽ ട്രെയിനുകൾ ഓടിയത് കാലിയായി.
സ്ഥിരം ട്രെയിനുകളിൽ നൂറുകണക്കിനു ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിൽ കിടക്കുമ്പോഴാണു സ്പെഷൽ ട്രെയിനുകൾ യാത്രക്കാരില്ലാതെ ഓടിയത്. സ്പെഷൽ ട്രെയിനുകൾ നേരത്തേ പ്രഖ്യാപിക്കണമെന്ന ചെന്നൈ മലയാളികളുടെ നിരന്തര ആവശ്യത്തിനു പുല്ലുവില കൽപിക്കുന്ന സമീപനം ഇത്തവണയും മാറ്റമില്ലാതെ റെയിൽവേ തുടർന്നു.
വല്ലാത്ത ചെയ്ത്ത്
സെൻട്രലിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.45നു തിരുവനന്തപുരം നോർത്തിലേക്കു പുറപ്പെട്ട
ട്രെയിനിൽ 800ലേറെ സീറ്റുകളാണു ബാക്കിയായത്. കാട്പാടി, സേലം, നാമക്കൽ, കരൂർ, മധുര, കൊല്ലം വഴി സർവീസ് നടത്തിയ ട്രെയിൻ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
തുടങ്ങിയ ജില്ലകളിലേക്കു യാത്ര ചെയ്യുന്നവർക്ക് ഉപകാരപ്രദമായിരുന്നു. എന്നാൽ, ട്രെയിൻ പുറപ്പെടുന്നതിനു തലേന്നു രാത്രി 9നു ശേഷമാണു സ്പെഷൽ ട്രെയിൻ സംബന്ധിച്ച വിവരം പുറത്തു വിട്ടത്.
ഒരാഴ്ച മുൻപെങ്കിലും അറിയിച്ചിരുന്നെങ്കിൽ, ഒട്ടേറെ പേർക്കു സുഗമമായി നാട്ടിലെത്താൻ സാധിക്കുമായിരുന്നു.
ഇതിനൊപ്പം പ്രഖ്യാപിച്ച, കേരളത്തിന്റെ വടക്കൻ ജില്ലകൾ വഴി കടന്നു പോകുന്ന വില്ലുപുരം–ഉധ്ന സ്പെഷൽ ട്രെയിനിലും സമാനമായ സ്ഥിതിയാണ്. ഇന്ന് ഉച്ചയ്ക്കു 12.34നു താംബരത്ത് നിന്നു പുറപ്പെടുന്ന ട്രെയിനിൽ ഇന്നലെ വൈകിട്ട് വരെ 500ലേറെ ടിക്കറ്റുകൾ ബാക്കിയാണ്.
ചെന്നൈയിൽ എഗ്മൂർ, പെരമ്പൂർ എന്നിവിടങ്ങളിലും കേരളത്തിൽ പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ സ്ഥലങ്ങളിലും സ്റ്റോപ്പുണ്ട്.
നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാർ നിറയേണ്ടതായിരുന്നു.
ടിക്കറ്റ് കിട്ടാനില്ലാത്തതിനാൽ ഓണത്തിന് എങ്ങനെ നാട്ടിലെത്തുമെന്നു മലബാറിലേക്കുള്ള പതിനായിരക്കണക്കിനു പേർ ചിന്തിച്ചു വലയുമ്പോഴാണു ട്രെയിൻ കാലിയായി ഓടുന്ന അവസ്ഥ.
ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിലെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച ജൂലൈയിൽ തന്നെ കേരളത്തിലേക്കുള്ള മിക്ക ട്രെയിനുകളിലും ടിക്കറ്റുകൾ തീർന്നിരുന്നു. എല്ലാ വർഷങ്ങളിലും ഓണക്കാലത്ത് ഇതേ രീതിയിൽ ടിക്കറ്റുകൾ അതിവേഗം തീരാറുണ്ട്.
ഇതിനു പരിഹാരമായി, സ്പെഷൽ ട്രെയിനുകൾ നേരത്തെ പ്രഖ്യാപിക്കണമെന്നു മലയാളികൾ നിരന്തരം ആവശ്യപ്പെടാറുണ്ട്. എന്നാൽ, കഴിഞ്ഞ വർഷങ്ങളിലും അവസാന സമയങ്ങളിൽ സ്പെഷൽ ഓടിക്കുകയാണു ചെയ്തത്.
സാങ്കേതിക കാരണങ്ങൾ നിരത്തി നേരത്തെ പ്രഖ്യാപിക്കാതിരിക്കുകയും ഒടുവിൽ കണ്ണിൽ പൊടിയിടാനായി അവസാന മണിക്കൂറുകളിൽ സർവീസ് നടത്തുകയുമാണു ചെയ്യുന്നതെന്നു യാത്രക്കാർ പറയുന്നു.
സ്പെഷൽ ട്രെയിനുകൾക്ക് ആവശ്യമായ കോച്ചുകൾ ഉണ്ടായിട്ടും കൃത്യമായ തയാറെടുപ്പോടെ ട്രെയിനുകൾ ഓടിക്കാൻ ദക്ഷിണ റെയിൽവേ തയാറാകുന്നില്ല. തിരുവനന്തപുരം നോർത്ത്–ബെംഗളൂരു ഹംസഫറിന്റെ കോച്ചുകൾ ചൊവ്വാഴ്ച സ്പെഷൽ സർവീസ് നടത്താൻ ലഭ്യമാണ്.
ആഴ്ചയിലൊരിക്കലുള്ള 2 എറണാകുളം–നിസാമുദ്ദീൻ ട്രെയിനുകളുടെ കോച്ചുകളും സ്പെഷൽ സർവീസിനായി റെയിൽവേയുടെ പക്കലുണ്ട്. കഴിഞ്ഞ തിരുവനന്തപുരം നോർത്ത് –ചെന്നൈ എസി എക്സ്പ്രസ് ഉണ്ടായിരുന്നതു യാത്രക്കാർക്കു വലിയ ആശ്വാസമായിരുന്നു.
ചെന്നൈ എഗ്മൂർ സ്റ്റേഷനിലെ പണികളുടെ പേരിൽ ട്രെയിൻ റദ്ദാക്കിയതോടെ ആ സർവീസും ഇല്ലാതായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]