
ഒരു സിനിമ റിലീസ് ചെയ്യുക, അതിന് മികച്ച കളക്ഷൻ നേടുക എന്നത് ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ വലിയ സ്വപ്നമാണ്. ഈ സ്വപ്നം ചിലപ്പോൾ ഫലിക്കും ചിലപ്പോൾ ഫലിക്കാതെയും പോകും. ഒരു മുൻവിധിയും ഇല്ലാതെ എത്തി ഹിറ്റ് അടിച്ച് പോകുന്ന സിനിമകൾ ഇക്കൂട്ടത്തിൽ ഉണ്ടാകാറുണ്ട്. അത്തരത്തിലൊരു സിനിമയാണ് വാഴ- ബയോപിക് ഓഫ് ബില്യൺ ബോയ്സ്.
ആനന്ദ് മേനോന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപോലെ നേടി വിജയ യാത്ര തുടരുകയാണ്. ഒട്ടനവധി യുവാക്കൾക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന ചിത്രമെന്ന് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞ ചിത്രം ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിക്കുകയാണ്. ഇപ്പോഴിതാ മൂന്നാം വാരത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ വാഴ ഇതുവരെ നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.
പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ഇതിനോടകം 35 കോടിയാണ് ആഗോള തലത്തിൽ വാഴ നേടിയിരിക്കുന്നത്. കേരളത്തിൽ മാത്രം 25 കോടിയാണ് ചിത്രം സ്വന്തമാക്കിയതെന്നും ഇവർ പറയുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മോഹൻലാൽ നായകനായി എത്തിയ മലൈക്കോട്ടൈ വാലിബന്റെ ലൈഫ് ടൈം കളക്ഷനാണ് ചിത്രം മറികടന്നിരിക്കുന്നത്. 30 കോടിയാണ് വാലിബന്റെ ലൈഫ് ടൈം കളക്ഷൻ. ഈ വർഷം മികച്ച കളക്ഷൻ നേടിയ മലയാള സിനിമകളുടെ ടോപ് 10 ലിസ്റ്റിലും വാഴ ഇടംപിടിച്ചു കഴിഞ്ഞു.
2024 ഓഗസ്റ്റ് 15ന് റിലീസ് ചെയ്ത ചിത്രമാണ് വാഴ- ബയോപിക് ഓഫ് ബില്യൺ ബോയ്സ്. പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തില്‍ സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങള്‍ ആയിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. ഒപ്പം സുരാജ് വെഞ്ഞാറമൂട്, നോബി, അസീസ്, കോട്ടയം നസീര്‍, ജഗദീഷ് തുടങ്ങി മുന്‍നിര താരങ്ങളും അണിനിരന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]