
ദില്ലി: ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് സിപിഎം മാറ്റിയത് പാർട്ടി കേന്ദ്ര നേതൃത്വവുമായി കൂടി ആലോചിച്ച ശേഷം. ഏറെനാളായി ഉയരുന്ന വിവാവദങ്ങളുടെ പശ്ചാത്തലത്തിൽ ഉചിതമായ തീരുമാനം എടുക്കാൻ പാർട്ടി സംസ്ഥാന ഘടകത്തിന് പിബി അനുമതി നൽകുകയായിരുന്നു. എന്നാൽ പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാൽ അദ്ദേഹത്തിനെതിരെ കൂടുതൽ നടപടികൾക്ക് സാധ്യതയില്ല.
കേരളത്തിലെ നേതൃത്വത്തിൽ വലിയൊരു മാറ്റത്തിന് ഇടയാക്കുന്ന തീരുമാനമാണ് സംസ്ഥാന ഘടകം കൈക്കൊണ്ടിരിക്കുന്നത്. ഡിവൈഎഫ്ഐയുടെ ആദ്യ അഖിലേന്ത്യ പ്രസിഡൻറായിരുന്ന ഇപി ജയരാജൻ പാർട്ടി കേന്ദ്ര കമ്മിറ്റിയിലെയും ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളാണ്. തന്നേക്കാൾ ജൂനിയറായ എംഎ ബേബിയും പിന്നീട് എംവി ഗോവിന്ദനും പാർട്ടി പോളിറ്റ് ബ്യൂറോയിലെത്തിയതിലെ കടുത്ത അതൃപ്തി ഇപി ജയരാജനുണ്ടായിരുന്നു. പലപ്പോഴായി ഉയർന്ന വിവാദങ്ങൾ സിപിഎം കേന്ദ്ര നേതൃത്വത്തിലുണ്ടാക്കിയ അതൃപ്തിയും ഇപി ജയരാജനെ ഏറ്റവും ഉയർന്ന ഘടകത്തിൽ ഉൾപ്പെടുത്താത്തതിന് കാരണമായിരുന്നു.
ബന്ധു നിയമന വിവാദം ഉയർന്നപ്പോൾ പിണറായി വിജയൻ പിന്തുണച്ചെങ്കിലും കേന്ദ്ര നേതാക്കൾ ഇടപെട്ടാണ് മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയത്. തെരഞ്ഞെടുപ്പ് ദിനത്തിൽ ഇപി നടത്തിയ പ്രസ്താവനയിൽ പാർട്ടിക്കകത്തും മുന്നണിയിലും ഉയർന്ന അസ്വസ്ഥത സംസ്ഥാന നേതാക്കൾ കഴിഞ്ഞ പിബി യോഗത്തിൽ അറിയിച്ചിരുന്നു. സംസ്ഥാന തലത്തിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കാനുള്ള നിർദ്ദേശമാണ് പിബി നൽകിയത്. ബിജെപി നേതാവിനെ കണ്ട വിഷയം അവഗണിച്ച് പോകാനാവില്ല എന്നായിരുന്നു സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയേറ്റിലും നേതാക്കളുടെ വികാരം.
എന്നാൽ തീരുമാനത്തെക്കുറിച്ച് അറിയില്ല എന്ന പ്രതികരണമാണ് പ്രകാശ് കാരാട്ട് ദില്ലിയിൽ നൽകിയത്. അടുത്ത പാർട്ടി കോൺഗ്രസ് 2025 ഏപ്രിലിൽ നടത്താനാണ് ധാരണ. ഇപി ജയരാജന് 75 വയസ് പൂർത്തിയാകുന്നത് 2025 മേയിലാണ്. അതായത് സാങ്കേതികമായി പ്രായപരിധി നിബന്ധന ഇപി ജയരാജന് ബാധകമാകില്ല. എന്നാൽ ഈ വിവാദങ്ങൾ സമ്മേളന കാലത്തും ശക്തമായി ഉയർന്നു വരാനാണ് സാധ്യത. ഇപി ജയരാജൻറെ തുടർനീക്കങ്ങളും കൂടുതൽ നടപടി ഉണ്ടാകുമോ എന്ന കാര്യത്തിൽ നിർണ്ണായകമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]