
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ ആവശ്യമായ ചികിത്സാ ഉപകരണങ്ങൾ ലഭ്യമല്ലെന്ന വിവരം പുറത്തറിയിച്ചതിന് നടപടി നേരിടുന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ആശുപത്രി വികസന സമിതിക്കും സെക്രട്ടറിക്കും നൽകിയ കത്തുകൾ പുറത്ത്.
മൂത്രാശയ ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ രോഗികൾക്ക് കൃത്യമായ ചികിത്സ നൽകാൻ കഴിയുന്നില്ലെന്നാണ് കത്തുകളിൽ ഡോ. ഹാരിസ് ചൂണ്ടിക്കാട്ടുന്നത്.
രോഗികൾക്ക് മറ്റു ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തരമായി ഉപകരണങ്ങൾ വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാർച്ചിലും ജൂണിലുമായാണ് ഡോ.
ഹാരിസ് കത്തുകൾ നൽകിയത്. ഡോ.
ഹാരിസിന്റെ തുറന്ന് പറച്ചിലിലൂടെയാണ് മെഡിക്കൽ കോളേജിലെ ആരോഗ്യ സംവിധാനങ്ങളുടെ പോരായ്മകൾ സംബന്ധിച്ച് വലിയ ചർച്ചകളുണ്ടായത്. വിവാദമായതോടെ യൂറോളജിയിൽ ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങൾ സർക്കാർ ലഭ്യമാക്കുകയും ചെയ്തു.
എല്ലാ വഴികളും അടഞ്ഞത് കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ സംസാരിക്കേണ്ടി വന്നതെന്ന് നേരത്തെ ഡോ. ഹാരിസ് വ്യക്തമാക്കിയിരുന്നു.
ആരോഗ്യ വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസിന് ഡോ. ഹാരിസ് ചിറക്കൽ ഉടൻ മറുപടി നൽകും.
തെളിവുകൾ സഹിതം ആരോഗ്യ സെക്രട്ടറിക്ക് നേരിട്ട് മറുപടി നല്കാനാണ് നീക്കം. ഉപകരണം ഉണ്ടായിട്ടും ശസ്ത്രക്രിയ മുടക്കിയെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് ഡോ.
ഹാരിസിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നോട്ടീസ് നൽകിയത്. എന്നാൽ മറ്റൊരു ഡോക്ടർ സ്വന്തം നിലയിൽ വാങ്ങി വെച്ചിരുന്ന ഉപകരണമാണ് ശസ്ത്രക്രിയക്ക് ഉപയോഗിച്ചതെന്നാണ് ഡോ.
ഹാരിസ് ചൂണ്ടിക്കാട്ടുന്നത്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു, സർക്കാർ അപകീർത്തിപ്പെടുത്തിയെന്നും നോട്ടീസിൽ ഉണ്ട്.
ഡോ.ഹാരിസിന്റെ മറുപടിക്ക് ശേഷമായിരിക്കും നടപടിയിൽ അന്തിമ തീരുമാനം. വിദഗ്ദ്ധ സമിതി റിപ്പോർട്ടിൽ ഡോ.
ഹാരിസിനെതിരെ നടപടി ശുപാർശ ചെയ്തിരുന്നില്ല. നടപടി വേണ്ടെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ ആദ്യ തീരുമാനം.
സാങ്കേതിക നടപടികളുടെ ഭാഗമാണ് നോട്ടീസ് എന്നാണ് വകുപ്പ് വിശദീകരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]