
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ അവധിക്കാലം ജൂൺ, ജൂലൈ മാസത്തിലേക്ക് മാറ്റണമെന്ന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ നിർദ്ദേശം ചര്‍ച്ചയാവുന്നു. കനത്ത മഴ കണക്കിലെടുത്തുള്ള നിർദ്ദേശം എല്ലാവരുടെയും സമ്മതമുണ്ടെങ്കിൽ മാത്രമേ നടപ്പാക്കൂ എന്നാണ് വിദ്യാഭ്യാസമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
അവധി മാറ്റത്തോട് വിദ്യാർത്ഥികൾക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ്. എന്നാല്‍ നിര്‍ദേശം ശുദ്ധവിഡ്ഢിത്തരമെന്നായിരുന്നു കോൺഗ്രസ് അധ്യാപക സംഘടനയുടെ പ്രതികരണം.
കോരിച്ചൊരിയുന്ന മഴയത്ത് അവധിക്കായുള്ള കാത്തിരിപ്പ് ഒഴിവാക്കാനും കുട്ടികൾക്കുള്ള അപകട ഭീഷണി മാറ്റാനുമാണ് മന്ത്രിയുടെ ബദൽ നിർദ്ദേശം.
കേരളത്തിൽ പതിറ്റാണ്ടുകളായി ഏപ്രിൽ- മെയ് മാസങ്ങളിലാണ് മധ്യവേനലവധി. ജൂണിൽ പുതിയ അധ്യയന വർഷം തുടങ്ങും.
വേനലവധി എന്ന പേരിലുള്ള അവധിക്കാലം മാറ്റാനുള്ള നിർദ്ദേശത്തിൽ വലിയ ചർച്ചയാണ് നടക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മന്ത്രി മനസ്സിൽ തോന്നുന്നത് പറയുന്നുവെന്ന് കോൺഗ്രസ് അധ്യാപക സംഘടന കെപിഎസ് ടി എ വിമർശിക്കുന്നു.
കേരളത്തിൻ്റെ ഭൂ പ്രകൃതിയും കാലാവസ്ഥാ വ്യതിയാനവും കണക്കിലെടുത്തുള്ള അക്കാദമിക് കലണ്ടർ മാറ്റാൻ അനുവദിക്കിലലെന്നാണ് നിലപാട്. ഏപ്രിൽ-മെയ് മാസങ്ങളിലെ കൊടും ചൂടാണ് എതിർക്കുന്നവർ പ്രധാനമായും ഉന്നയിക്കുന്നത്.
40 ഡിഗ്രി വരെ എത്തുന്ന ചൂടിൽ ക്ലാസ് വേണോ എന്നാണ് ചോദ്യം. നീറ്റ് അടക്കമുള്ള പ്രധാന ദേശീയ പ്രവേശ പരീക്ഷകൾ ഏപ്രിൽ- മെയ് മാസങ്ങളിലുള്ളത് മറ്റൊരു പ്രശ്നം.
ജൂണിൽ പുതിയ അക്കാഡമിക് വർഷം ദേശീയ തലത്തിൽ തുടങ്ങുന്നുണ്ട്. സിയുഇടി കോഴ്സുകളിലേക്ക് അടക്കം ഈ കാലയളവിലാണ് പ്രവേശനം.
ദേശീയ തലത്തിലെ അക്കാഡമിക് ടൈം ടേബിളിന് വിരുദ്ധമായി കേരളം അവധി മാറ്റിയാൽ ഇവിടെ നിന്നുള്ള വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ ബാധിച്ചേക്കാം. ആദ്യം അധ്യാപക സംഘടനകളുമായി സർക്കാർ ചർച്ച നടത്തും.
പിന്നീട് വിദ്യാർത്ഥി സംഘടനകളുടെയും വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെയും അഭിപ്രായങ്ങൾ കൂടി ആരാഞ്ഞ ശേഷമാകും മാറ്റം വേണോ എന്നതിൽ അന്തിമ തീരുമാനമെടുക്കുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]