
പാലക്കാട്: ജപ്തി ചെയ്ത വീട് ഡിവൈഎഫ്ഐ പ്രവർത്തകർ പൂട്ട്പൊളിച്ച് തുറന്നു കൊടുത്തു. പാലക്കാട് അയിലൂർ കരിങ്കുളത്താണ് സംഭവം.
വായ്പ കുടിശ്ശിക മുടങ്ങിയതിനെ തുടർന്ന് സ്വകാര്യ ധനകാര്യ സ്ഥാപനം പ്രദേശവാസിയായ സതീഷിന്റെ വീട് ജപ്തി ചെയ്യുകയായിരുന്നു. വിദ്യാർത്ഥികളായ സതീഷിന്റെ മക്കൾ മാത്രമുള്ള സമയത്താണ് ജപ്തി നടപടിയെന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ പറയുന്നു.
വിദ്യാർത്ഥികൾ വീടിനു പുറത്തു നിൽക്കുന്ന വിവരം അധ്യാപകരും പിടിഎ ഭാരവാഹികളും അറിയിച്ചതോടെയാണ് പൂട്ടുപൊളിച്ച് കുടുംബത്തെ അകത്തുകയറ്റിയതെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. ഡിവൈഎഫ്ഐ നേതാവായ രാഹുലിന്റെ നേതൃത്വത്തിലായിരുന്നു വീടിൻറെ പൂട്ടുപൊളിച്ച് കുടുംബത്തെ അകത്തുകയറ്റിയിരുത്തിയത്.
കഴിഞ്ഞ ദിവസം പാലക്കാട് തന്നെ മണപ്പുറം ഫിനാൻസ് ജപ്തി ചെയ്ത് പൂട്ടിയ വീടിന്റെ പൂട്ടു പൊളിച്ച് ഗൃഹനാഥയെ സിപിഎം പ്രവർത്തകർ അകത്ത് കയറ്റിയിരുന്നു. പാലക്കാട് കോങ്ങാട് ചെറായി സ്വദേശിനി തങ്കമ്മ മണപ്പുറം ഫിനാൻസിൽ നിന്നും അഞ്ച് വർഷം മുമ്പ് ഭർത്താവിന്റെ ചികിത്സാവശ്യത്തിനു വേണ്ടി 2,25,000 രൂപ വായ്പ എടുത്തിരുന്നു.
1,75,000 രൂപ പല പ്രാവശ്യമായി തിരിച്ചടച്ചു. ഇനി 2 ലക്ഷം രൂപ തിരിച്ചടക്കാനുണ്ടെന്ന് പറഞ്ഞ് വീട് ജപ്തി ചെയ്ത് വീട്ടിൽ നിന്നും പുറത്താക്കുകയായിരുന്നു.
കോങ്ങാട് പൊലീസും ഫിനാൻസ് അധികൃതരും എത്തിയാണ് വാതിൽ അടച്ചു പൂട്ടിയത്. ഇതോടെ തങ്കമ്മ വീടിന് പുറത്ത് ഇരുന്നു.
പട്ടികജാതി വിഭാഗത്തിൽ പെട്ട 61 വയസ്സായ തങ്കമ്മയെ വീട്ടിൽ നിന്നും പുറത്താക്കിയ സംഭവമറിഞ്ഞ് എത്തിയ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ പൂട്ട് പൊളിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]