
മുംബൈ: എഐ ടൂളുകള്‍ ഉപയോഗിച്ച് തന്റെ ശബ്ദം ദുരുപയോഗം ചെയ്യുന്നു എന്ന ഹര്‍ജിയില്‍ ഗായകനായ അരിജിത് സിംഗിന് ആശ്വാസം നൽകി ബോംബെ ഹൈക്കോടതി. ഒരു സെലിബ്രിറ്റിയുടെ ശബ്ദമോ ചിത്രമോ ഉപയോഗിച്ച് സമ്മതമില്ലാതെ കണ്ടന്റ് സൃഷ്ടിക്കുന്ന എഐ ഉപകരണങ്ങള്‍ ആ വ്യക്തിയുടെ അവകാശങ്ങളുടെ ലംഘനമാണ് എന്നാണ് കോടതി പരാമര്‍ശിച്ചത്.
സെലിബ്രിറ്റികൾ എഐ ടൂളുകൾ വഴി അനധികൃതമായ ഉള്ളടക്കം സൃഷ്ടിക്കുന്ന വിഷയത്തില്‍ നിസഹായരാണെന്നം കോടതി നിരീക്ഷിച്ചു. അരിജിത് സിംഗ് സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് ആർ ഐ ചഗ്ല ജൂലായ് 26-ന് ഇടക്കാല ഉത്തരവിൽ സിംഗിൻ്റെ വ്യക്തി അവകാശങ്ങൾ ലംഘിച്ചതിന് എട്ട് ഓൺലൈൻ പ്ലാറ്റ്ഫോമുകളോട് എഐ വഴി സൃഷ്ടിച്ച കണ്ടന്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു.
ഈ പ്ലാറ്റ്ഫോമുകൾ തൻ്റെ ശബ്ദം അനുകരിച്ച് കൃത്രിമ ഗാനങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് ആരോപിച്ചാണ് അരിജിത് സിംഗ് കോടതിയെ സമീപിച്ചിരുന്നത്. ഗായകന് എന്നതിനപ്പുറം തന്റെ ശബ്ദം ഉപയോഗിച്ച് പരസ്യങ്ങളിലോ മറ്റോ പങ്കെടുക്കാത്ത വ്യക്തിയാണ് അരിജിത് സിംഗ് എന്നാണ് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ ഹിരേൻ കാമോദ് പറഞ്ഞത്.
ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് വേണം എന്ന അര്‍ജിത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ തുടര്‍ന്നും വാദം കേള്‍ക്കും.
അഭിപ്രായസ്വാതന്ത്ര്യം വിമർശനത്തിനും വ്യാഖ്യാനത്തിനും അവസരമൊരുക്കുന്നു. എന്നാൽ ഒരു സെലിബ്രിറ്റിയുടെ വ്യക്തിത്വത്തെ വാണിജ്യ നേട്ടത്തിനായി ചൂഷണം ചെയ്യുന്നതിനുള്ള ലൈസൻസായി അത് മാറുന്നില്ലെന്ന് ഇടക്കാല വിധിയില്‍ കോടതി പറഞ്ഞു.
ഒരു സെലിബ്രിറ്റിയുടെ അനുമതിയില്ലാതെ ഏതൊരു ശബ്ദവും ഒരു സെലിബ്രിറ്റിയുടെ ശബ്ദമാക്കി മാറ്റാൻ പ്രാപ്തമാക്കുന്ന എഐ ടൂളുകൾ ലഭ്യമാക്കുന്നത് സെലിബ്രിറ്റിയുടെ വ്യക്തിത്വ അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]