
മുംബൈ: ഈ വര്‍ഷം അവസാനം നടക്കേണ്ട ഐപിഎല്‍ മെഗാ താരലേലത്തില്‍ ഓരോ ടീമുകള്‍ക്കും എത്ര കളിക്കാരെ നിലനിര്‍ത്താന്‍ അനുവദിക്കണമെന്ന കാര്യം ചര്‍ച്ച ചെയ്യാനായി ബിസിസിഐ വിളിച്ച ടീം ഉടമകളുടെ യോഗത്തില്‍ പരസ്പരം പോരടിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാനും പഞ്ചാബ് കിംഗ്സ് ഉടമ നെസ് വാഡിയയും. ഒരു ടീമിലെ എട്ട് കളിക്കാരെ വരെ നിലനിര്‍ത്താന്‍ ടീമുകളെ അനുവദിക്കണമെന്ന് ഷാരൂഖ് ഖാന് യോഗത്തില്‍ ആവശ്യപ്പെട്ടപ്പോള്‍ നെസ് വാഡിയ ഇതിനെ എതിര്‍ത്തതാണ് ഇരുവരും തമ്മിലുള്ള വാക് പോരിന് കാരണമായത്.
ടീമുകള്‍ ഉടച്ചുവാര്‍ക്കണമെന്ന് നെസ് വാഡിയ ആവശ്യപ്പെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം ചാമ്പ്യൻമാരായ കൊല്‍ക്കത്ത ടീം ഉടമയായ ഷാരൂഖും റണ്ണേഴ്സ് അപ്പായ സൺറൈസേഴ്സ് ടീം ഉടമയായ കാവ്യ മാരനും ശക്തമായി എതിര്‍ത്തു. കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്താണ് പഞ്ചാബ് ഫിനിഷ് ചെയ്തത്.
ഒരു ടീം കെട്ടിപ്പടുക്കാന്‍ ഒരുപാട് സമയം എടുക്കുമെന്നും മെഗാ താരലേലത്തിനുശേഷം ഒരു ടീം വീണ്ടും പടുത്തുയര്‍ത്തേണ്ടിവരുന്നത് ശരിയല്ലെന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീം ഉടമ കാവ്യ മാരൻ പ്രതികരിച്ചു. യുവതാരങ്ങളില്‍ വലിയ നിക്ഷേപം നടത്തിയശേഷം അവരെ മറ്റ് ടീമുകള്‍ ലേലത്തില്‍ കൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ലെന്നും ഷാരൂഖിനെ പിന്തുണച്ച് കാവ്യ പറഞ്ഞു. അഭിഷേക് ശര്‍മയെപ്പോലൊരു താരം മികച്ച പ്രകടനം പുറത്തെടുക്കാന്‍ മൂന്ന് വര്‍ഷമെടുത്തുവെന്നും മറ്റ് ടീമുകളിലും ഇതുപോലെ നിരവധി ഉദാഹരണങ്ങള്‍ കാണാമെന്നും കാവ്യ മാരന് പറഞ്ഞു.
ഐപിഎല്‍ മെഗാ താരലേലം, എത്ര കളിക്കാരെ നിലനിര്‍ത്താം, ഓരോ ടീമിനും എത്ര തുക ചെലവഴിക്കാം എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായാണ് ബിസിസിഐ ആസ്ഥാനത്ത് ടീം ഉടമകളുടെ യോഗം വിളിച്ചത്. ഷാരൂഖും നെസ് വാഡിയയും കാവ്യ മാരനുമെല്ലാം യോഗത്തിന് നേരിട്ടെത്തിയപ്പോള്‍ മുംബൈ ഇന്ത്യൻസ് ടീം ഉടമകള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുത്തു. ടീമുകളുടെ നിര്‍ദേശങ്ങള്‍ ഐപിഎല്‍ ഭരണസമിതിക്ക് കൈമാറുമെന്ന് ബിസിസിഐ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]