
കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുകയും അവരെ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുക എന്നത് മാതാപിതാക്കളുടെ ഏറ്റവും അടിസ്ഥാനപരമായ കടമകളിൽ ഒന്നാണ്. എന്നാൽ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കാഴ്ചക്കാരില്‍ ഭയമാണ് സൃഷ്ടിച്ചത്. ഒരു ചീങ്കണ്ണിയ്ക്ക് അരികിൽ നിന്ന് മക്കളെ ഫോട്ടോ എടുക്കാൻ നിർബന്ധിക്കുന്ന മാതാപിതാക്കളുടെ ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്. യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ തീർത്തും അലക്ഷ്യമായി ഇവർ കുട്ടികളെ അത്യന്തം അപകടകരമായ രീതിയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ നിർബന്ധിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. വ്യത്യസ്ത തരത്തിലുള്ള വന്യജീവികളുടെ ആവാസ കേന്ദ്രമായ ഫ്ലോറിഡയിലെ എവർഗ്ലേഡ്സ് നാഷണൽ പാർക്കിലാണ് സംഭവം.
കഴിഞ്ഞ വർഷം ടിക് ടോക്കിൽ പോസ്റ്റ് ചെയ്യപ്പെട്ട ഈ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും പങ്കുവയ്ക്കപ്പെട്ടതോടെയാണ് മാതാപിതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നത്. സൈക്കിള്‍ യാത്രക്കാരായ ഒരു കൂട്ടം സഞ്ചാരികളാണ് റോഡ് സൈഡില്‍ ഒരു ചീങ്കണ്ണിയെ കണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനായി തിരക്ക് കൂട്ടയത്. വീഡിയോയിൽ തങ്ങളുടെ രണ്ട് പെൺകുട്ടികളെ ഫോട്ടോ എടുക്കുന്നതിനായി മുതലയ്ക്കരികിലേക്ക് നീങ്ങി നിൽക്കാൻ മാതാപിതാക്കൾ നിർബന്ധിക്കുന്ന കാഴ്ച കാണാം. എന്നാൽ കുട്ടികൾ പരിഭ്രാന്തരാകുന്നതും ചീങ്കണ്ണിയ്ക്കരികിലേക്ക് നീങ്ങി നിൽക്കാൻ മടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തം. എന്നാൽ, കുട്ടികളുടെ ഈ വിസമ്മതം കണക്കിലെടുക്കാതെ മാതാപിതാക്കൾ മക്കളെ നിർബന്ധിക്കുന്നത് തുടരുന്നു.
തുടർന്ന് വായ തുറന്നു കിടക്കുന്ന ചീങ്കണ്ണിക്കരികിൽ നിന്ന് കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീ ചിത്രങ്ങൾ പകര്‍ത്താനായി പോസ് ചെയ്യുന്നത് കാണാം. പിന്നാലെ ഒരു പുരുഷനും മറ്റൊരു കുട്ടിയും ചേർന്ന് അപകടകരമായ രീതിയിൽ ചിത്രം പകര്‍ത്തുന്നു. ഈ സമയമത്രയും രണ്ട് പെണ്‍കുട്ടികളും ചീങ്കണ്ണിയെയും ശ്രദ്ധിച്ച് മാറി നില്ക്കുന്നു. മാതാപിതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായ നിരുത്തരവാദപരമായ പെരുമാറ്റം വ്യാപകമായ രോഷത്തിനും കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയ്ക്കും കാരണമായി. നിരവധി ഉപയോക്താക്കൾ കുട്ടികളുടെ ക്ഷേമത്തേക്കാൾ ഫോട്ടോയ്ക്ക് മുൻഗണന നൽകിയ മാതാപിതാക്കളെ കുറ്റപ്പെടുത്തി. വൈൽഡ് ഫ്ലോറിഡയുടെ അഭിപ്രായത്തിൽ, ചീങ്കണ്ണികൾക്ക് ചെറിയ ദൂരങ്ങളിൽ വളരെ വേഗത്തിൽ ഓടിയെത്തി ആക്രമിക്കാൻ കഴിയും, മണിക്കൂറിൽ 35 മൈൽ വരെ വേഗതയിൽ കരയിലൂടെ സഞ്ചരിക്കാൻ ഇവയ്ക്ക് കഴിയുമെന്നാണ് പറയപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]