
കംബോഡിയൻ നോതാവിനെ ‘അങ്കിൾ’ എന്നു വിളിച്ചു, സൈന്യത്തെ തള്ളി; ഫോൺ ലീക്കിൽ തായ്ലൻഡ് പ്രധാനമന്ത്രിക്ക് സസ്പെൻഷൻ
ബാങ്കോക്ക്∙ കംബോഡിയൻ നേതാവുമായുള്ള ഫോൺ കോൾ ചോർന്നതിനു പിന്നാലെ തായ്ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയ്ക്ക് സസ്പെൻഷൻ. തായ് ഭരണഘടന കോടതിയുടേതാണ് നടപടി.
രണ്ടിനെതിരെ 7 വോട്ടുകൾക്ക് കോടതി പയേതുങ്താന്റെ സസ്പെൻഷൻ ശരിവച്ചു. കംബോഡിയയും തായ്ലൻഡും തമ്മിലുള്ള അതിർത്തി തർക്കം സംബന്ധിച്ച് കംബോഡിയയിലെ മുതിർന്ന നേതാവ് ഹുൻ സെന്നുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ അദ്ദേഹത്തെ ‘അങ്കിൾ’ എന്നു വിളിച്ചതും തായ് സൈന്യത്തെ തള്ളിപ്പറഞ്ഞതും വലിയ വിവാദമായിരുന്നു.
ഇതിനു പിന്നാലെ പയേതുങ്താന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു.
പയേതുങ്താൻ ധാർമിക മര്യാദകളും ഭരണഘടനയും ലംഘിച്ചെന്നാരോപിച്ച് 36 സെനറ്റംഗങ്ങളാണ് ഭരണഘടനാ കോടതിയെ സമീപിച്ചത്.
ധാർമിക ലംഘനക്കേസിൽ തീരുമാനമാകുന്നതുവരെ പയേതുങ്താനെ സസ്പെൻഡ് ചെയ്യാനാണ് കോടതി വിധി. സസ്പെൻഷൻ ലഭിച്ചതോടെ പയേതുങ്താന് പ്രധാനമന്ത്രിയുടെ ചുമതലകൾ നിർവഹിക്കാനാവില്ല.
എന്നാൽ സാംസ്കാരിക മന്ത്രിയായി തുടരാം. ധാർമിക ലംഘനക്കേസിൽ വിധി പ്രതികൂലമായാൽ പയേതുങ്താനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയേക്കും.
കംബോഡിയ–തായ് അതിർത്തിയിൽ രണ്ടു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയും ഒരു കംബോഡിയൻ സൈനികൻ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിലാണ് പയേതുങ്താൻ ഹൂനിനെ വിളിച്ചത്. ഷിനവത്ര കുടുംബത്തിന്റെ അടുത്ത സുഹൃത്തു കൂടിയാണ് ഹൂൻ.
ജൂൺ 15നു നടന്ന ടെലിഫോൺ സംഭാഷണത്തിനിടെ പയേതുങ്താൻ ഹൂനിനെ അങ്കിൾ എന്നു വിളിച്ചതാണ് വിവാദത്തിന് ആധാരം. കൂടാതെ അതിർത്തിയിലെ തർക്കത്തിൽ തായ് സൈനിക കമാൻഡറെ വിമർശിച്ചതും എന്താവശ്യമുണ്ടെങ്കിലും തന്നോടു പറഞ്ഞാൽ മതി പരിഹരിക്കാമെന്ന് ഹൂനിന് വാക്കുനൽകിയതും തായ്ലൻഡിൽ കടുത്ത പ്രതിഷേധത്തിനിടയാക്കി.
പയേതുങ്താൻ രാജ്യത്തെയും സൈന്യത്തെയും ഒറ്റുകൊടുത്തുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഫോൺ സംഭാഷണം ചോർന്നതോടെ പയേതുങ്താന്റെ സഖ്യസർക്കാരിൽനിന്ന് രണ്ടാമത്തെ വലിയ പാർട്ടിയായ ഭുംജയ്തായ് പിന്മാറിയിരുന്നു.
ഇതോടെ വളരെ ചെറിയ ഭൂരിപക്ഷത്തിലാണ് പയേതുങ്താന്റെ നിലനിൽപ്. 15 ദിവസത്തിനുള്ളിൽ വാദങ്ങൾ അവതരിപ്പിക്കാൻ കോടതി പയേതുങ്താന് സമയം നൽകിയിട്ടുണ്ട്.
അതുവരെ ഉപപ്രധാനമന്ത്രി സൂര്യ ജ്വങ്രൂൻര്വാങ്കിത് പ്രധാനമന്ത്രിയുടെ താൽക്കാലിക ചുമതല വഹിക്കും. പത്തുമാസം മുൻപാണ് പയേതുങ്താൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.
മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയുടെ മകളാണ് പയേതുങ്താൻ. മുൻഗാമി സ്രദ്ദ തവിസിനെ അഴിമതിക്കേസിൽ കോടതി പുറത്താക്കിയതിനു പിന്നാലെയാണ് പയേതുങ്താൻ പ്രധാനമന്ത്രിയായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]