
താക്കോൽദ്വാര ശസ്ത്രക്രിയയ്ക്കു പിന്നാലെ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി; കേസെടുത്ത് പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ താക്കോൽദ്വാര ശസ്ത്രക്രിയയ്ക്കിടെ കൊണ്ട് രോഗി മരിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ചോറ്റാനിക്കര പഞ്ചായത്തിലെ കടുങ്ങമംഗലത്ത് ഞാളിയത്ത് വീട്ടിൽ ബിജു തോമസ് (54) ആണ് തിങ്കളാഴ്ച മരിച്ചത്. നടുവേദനയ്ക്കുള്ള താക്കോൽദ്വാര ശസ്ത്രക്രിയയിലെ പിഴവു കാരണം ആന്തരിക രക്തസ്രാവം ഉണ്ടായെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം എടത്തല പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ആരോപിച്ചു. തുടർന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ബിജുവിന്റെ മരണവുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് ആലുവയിലെ രാജഗിരി ആശുപത്രി പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്നു നടക്കുന്ന പോസ്റ്റ്മോർട്ടത്തിൽ ബിജുവിന്റെ മരണത്തിന്റെ കാരണം വ്യക്തമാകും.
കാറ്റിറിങ് സര്‍വീസ് നടത്തുന്ന ബിജു നടുവേദനയെ തുടർന്ന് പരിശോധന നടത്തിയപ്പോൾ ഡിസ്കില്‍ ഞരമ്പ് കയറിയതായി കണ്ടെത്തി. തുടർന്ന് ചികിത്സക്കായി ജൂണ്‍ 25ന് രാജഗിരി ആശുപത്രിയിലെത്തി. ന്യൂറോ സർജൻ ശസ്ത്രക്രിയ നിർദേശിച്ചെന്നു കുടുംബം നൽകിയ പരാതിയിൽ പറയുന്നു. 27ന് താക്കോൽദ്വാര ശസ്ത്രക്രിയ നടത്തി. അന്നു രാത്രി തന്നെ ബിജുവിനെ റൂമിലേക്ക് മാറ്റി. വയറുവേദയുണ്ടെന്ന് സഹോദരന് പറഞ്ഞതിെന തുടർന്ന് ഗ്യാസ്ട്രോയുടെ ഡോക്ടര്‍ പരിശോധിച്ചു. ഗ്യാസിനുള്ള മരുന്ന് നല്കി. പിറ്റേന്ന് ഡോക്ടർ നിർദേശിച്ചതനുസരിച്ച് ബിജു നടന്നെങ്കിലും തളര്‍ന്ന് വീഴുകയായിരുന്നു.
പരിശോധനയില്‍ ബിപി കുറഞ്ഞതാണെന്ന് കണ്ടെത്തി. തുടർന്നു നടത്തിയ പരിശോധനയിലാണ് രക്തസ്രാവം കണ്ടെത്തിയത്. മുൻപ് നടത്തിയ ശസ്ത്രക്രിയ മൂലമാണ് രക്തസ്രാവമെന്ന് ഡോക്ടർ അറിയിച്ചെന്നു കുടുംബം പറയുന്നു. തുടർന്ന് ബിജുവിനെ വെന്റിലേറ്ററിലേക്ക് മാറ്റി. സ്റ്റെന്റ് ഇടാനായി 28ന് വീണ്ടും ശസ്ത്രക്രിയ നടത്തിയെന്നും വൃക്കകളുടെ പ്രവർത്തനം മോശമായതിനാൽ ഡയാലിസിസ് ആരംഭിച്ചെന്നും കുടുംബം പറയുന്നു. വയറ്റിൽ കിടക്കുന്ന രക്തം നീക്കാനായി വീണ്ടും ശസ്ത്രക്രിയ നടത്തിയെന്നും കുടുംബം പറഞ്ഞു. വെന്റിലേറ്ററിലായിരിക്കേ 30ന് മരിക്കുകയായിരുന്നു.
ബിജുവിന്റെ മരണവുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി.ഓരത്തേൽ വ്യക്തമാക്കി. ബിജുവിനെ ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടു മണിക്കൂർ നിരീക്ഷിച്ചു. യാതൊരു പ്രശ്നങ്ങളുമില്ല എന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് മുറിയിലേക്ക് മാറ്റിയത്. രോഗി രാത്രി ചെറിയ അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. തുടർന്ന് വിദഗ്ധ പരിശോധന നടത്തുകയും സ്കാനിങ്ങിന് വിധേയനാക്കുകയും ചെയ്തു. പരിശോധനയിൽ ബോധ്യമായ കാര്യങ്ങൾ പരിഹരിക്കുന്നതിന് തുടർ ചികിത്സകളും നൽകി.
രോഗിയുടെ ജീവൻ രക്ഷിക്കുന്നതിന് സാധ്യമായതെല്ലാം വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നൽകിയിട്ടുണ്ടെന്ന് ആശുപത്രി പറയുന്നു. ബിജുവിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നെന്നും മരണകാരണം വ്യക്തമാകുന്നതിനായി പോസ്റ്റ്മോർട്ടം വേണമെന്ന ആവശ്യം തങ്ങൾ തന്നെയാണ് രോഗിയുടെ ബന്ധുക്കളോടും പൊലീസിനോടും ആവശ്യപ്പെട്ടതെന്നും ആശുപത്രി അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.