‘ട്രംപിന്റെ നികുതി നിയമം പാസായാൽ പുതിയ ‘അമേരിക്കൻ പാർട്ടി’ രൂപീകരിക്കും’; ഭീഷണിയുമായി ഇലോൺ മസ്ക്
വാഷിങ്ടൻ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദ നികുതി ബില്ലിൽ സെനറ്റിൽ വോട്ടെടുപ്പും നടക്കാനിരിക്കേ ഭീഷണിയുമായി ഇലോൺ മസ്ക്. ‘ഒരു വലിയ മനോഹര ബിൽ’ എന്ന ഓമനപ്പേരിൽ ട്രംപ് വിശേഷിപ്പിക്കുന്ന ചെലവു ചുരുക്കൽ നിയമം പാസായാൽ ‘അമേരിക്കൻ പാർട്ടി’ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് മസ്കിന്റെ പുതിയ ഭീഷണി.
‘കട അടിമത്ത ബിൽ’ ആണ് ട്രംപ് കൊണ്ടുവന്നിട്ടുള്ളതെന്നും ബില്ലിനെ പിന്തുണയ്ക്കുന്ന സെനറ്റർമാരുടെ ജനപ്രതിനിധി സ്ഥാനം തെറിക്കുമെന്നും മസ്ക് പറഞ്ഞു.
‘‘സർക്കാരിന്റെ ചെലവു കുറയ്ക്കുന്നതിനെക്കുറിച്ച് പ്രചാരണം നടത്തുകയും പെട്ടെന്ന് രാജ്യത്തിന്റെ കടം ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്കിലെത്തിക്കുന്ന ബില്ലിന് വോട്ടുചെയ്യുകയും ചെയ്യുന്ന കോൺഗ്രസ് അംഗങ്ങൾ ലജ്ജിച്ച് തലതാഴ്ത്തണം. ഈ ഭ്രാന്തൻ ബിൽ പാസാകുകയാണെങ്കിൽ അമേരിക്കൻ പാർട്ടി അടുത്ത ദിവസം തന്നെ രൂപീകരിക്കും.
നമ്മുടെ രാജ്യത്ത് ഡെമോക്രാറ്റിക്–റിപ്പബ്ലിക്കൻ പാർട്ടികൾക്കു ബദലായി, ജനങ്ങളുെട ശബ്ദമാകുന്ന ഒരു പാർട്ടി ഉണ്ടാകേണ്ടിയിരിക്കുന്നു’’.
–മസ്ക് എക്സിൽ പറഞ്ഞു.
രാജ്യത്തിന്റെ കടം 5 ലക്ഷം കോടിയിൽ എത്തിക്കുന്ന ഈ ബിൽ പാസാക്കാനാണെങ്കിൽ അതിനർഥം നമ്മൾ ജീവിക്കുന്നത് പോർക്കി പന്നികളുടെ പാർട്ടിയുടെ ഏകകക്ഷി ഭരണത്തിലാണെന്നും മസ്ക് മറ്റൊരു പോസ്റ്റിൽ ആരോപിച്ചു.
വാർണർ ബ്രോസ് രൂപം നൽകിയ കാർട്ടൂൺ കഥാപാത്രമാണ് പോർക്കി പിഗ്. നികുതി വരുമാനം 4.5 ലക്ഷം കോടി ഡോളറായി വർധിപ്പിക്കാനും സൈനിക മേഖലയിൽ ചെലവ് കൂട്ടാനും തിരിച്ചയയ്ക്കൽ, അതിർത്തി സുരക്ഷ ഉൾപ്പെടെയുള്ള കുടിയേറ്റ വിരുദ്ധ നടപടികൾക്കായി ചെലവഴിക്കുന്ന തുക വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ട്രംപ് പുതിയ നികുതി ബിൽ കൊണ്ടു വരുന്നത്.
നേരത്തേ മസ്ക് ബില്ലിനെ പിന്തുണച്ചിരുന്നെന്ന് മാത്രമല്ല ഇതിന്റെ പ്രചാരണത്തിനായി 25 കോടി ഡോളർ സംഭാവന നൽകുകയും ചെയ്തിരുന്നു. അതേസമയം, ജൂലൈ നാലിനു മുൻപ് ബിൽ നിയമമാക്കാൻ ലക്ഷ്യമിട്ട് മാരത്തൺ നീക്കത്തിലാണ് യുഎസ് സെനറ്റ്. നേരത്തേ ജനപ്രതിനിധിസഭയിൽ ഒരു വോട്ടിന് ബിൽ പാസായിരുന്നു.
സെനറ്റിലും വിജയിച്ചാൽ ബില്ലിന്റെ അന്തിമ രൂപം വീണ്ടും ജനപ്രതിനിധി സഭയുടെ പരിഗണനയ്ക്ക് വിടും. അതും പാസായാൽ ബിൽ നിയമമാകും.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് (shutterstock.com) നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]