
മാധ്യമപ്രവർത്തകനെന്ന വ്യാജേന അകത്ത് കടന്ന് ഒരാൾ; റവാഡ ചന്ദ്രശേഖറിന്റെ ആദ്യ വാർത്താ സമ്മേളനത്തിൽ നാടകീയ രംഗങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ മേധാവി റാവാഡ എ.ചന്ദ്രശേഖറിന്റെ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. വാർത്താ സമ്മേളനത്തിനിടെ, മാധ്യമപ്രവർത്തകനല്ലാത്ത ഒരാൾ പൊലീസ് മേധാവിയുടെ അടുത്തേക്ക് കടലാസുകളുമായി ചെന്ന് പരാതി ഉന്നയിച്ചു. പരാതി പരിശോധിക്കാമെന്ന് പൊലീസ് മേധാവി ഉറപ്പു കൊടുത്തു.
‘‘ മുഖ്യമന്ത്രിക്ക് ഞാൻ പരാതി കൊടുത്തിരുന്നു. 30 വർഷം കാക്കിയിട്ട വേദന കൊണ്ട് പറയുകയാണ്. ഇതിനു മറുപടി തരൂ. 30 കൊല്ലം ഞാൻ അനുഭവിച്ച വേദനയാണ് സാർ..’’–പരാതിക്കാരൻ വിളിച്ചു പറഞ്ഞു. ചില ചിത്രങ്ങളും ഇയാൾ ഉയർത്തിക്കാട്ടി. പൊലീസെത്തി ഇയാളെ ഹാളിന് പുറത്തേക്ക് കൊണ്ടുപോയി. മാധ്യമ പ്രവർത്തകനെന്ന് അവകാശപ്പെട്ടാണ് ഇയാൾ വാർത്താ സമ്മേളനത്തിനായി പൊലീസ് ആസ്ഥാനത്തെത്തിയത്. എങ്ങനെ ഇയാൾ അകത്തു കയറിയെന്ന് പരിശോധിക്കുന്നുണ്ട്.
പരാതിയുമായി അപ്രതീക്ഷിതമായി പൊലീസ് മേധാവിയുടെ മുന്നിലേക്കെത്തിയത് സുരക്ഷാ വീഴ്ചയായാണ് കാണുന്നത്. പൊലീസ് മേധാവിക്കൊപ്പം എഡിജിപി എച്ച്.വെങ്കിടേഷും എഡിജിപി എസ്.ശ്രീജിത്തും ഉണ്ടായിരുന്നു. ഇവരും പരാതി പരിഹരിക്കാമെന്ന് ഉറപ്പ് നൽകി. ബഷീർ വി.പി.എന്നാണ് പേരെന്നും കണ്ണൂർ സ്വദേശിയാണെന്നും ഇയാൾ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഐഡി ഉപയോഗിച്ചാണ് കയറിയത്. ഇപ്പോൾ ഗൾഫിലുള്ള ഓൺലൈൻ മാധ്യമത്തിലെ മാധ്യമ പ്രവർത്തകനാണ്. കണ്ണൂർ ഡിഐജി ഓഫിസിലാണ് എസ്ഐയായി ജോലി ചെയ്തിരുന്നത്. തന്നെ പീഡിപ്പിച്ചത് സംബന്ധിച്ചാണ് പരാതി പറഞ്ഞത്. കണ്ണൂർ വിമാനത്താവളത്തിലാണ് അവസാനമായി ജോലി ചെയ്തത്. 2023ൽ വിരമിച്ചെന്നും ഇയാൾ പറഞ്ഞു.
അതേസമയം, ലഹരിവിരുദ്ധ പോരാട്ടത്തിന് പ്രാധാന്യം നൽകുമെന്ന് റാവാഡ എ.ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാട്ടിലെ പ്രധാന പ്രശ്നമാണിത്. ലഹരിയെ നേരിടാനുള്ള നയം കൊണ്ടുവരും. നടപടികളെ ശക്തിപ്പെടുത്തും. സൈബർ ക്രൈം മേഖലയിൽ വിവിധ ഏജൻസികളെ കൂട്ടിയിണക്കി മുന്നോട്ടുപോകും. ക്രമസമാധാനപരിപാലനം ശക്തിപ്പെടുത്തും.
വാർത്താ സമ്മേളനത്തിലെ ചോദ്യങ്ങളും പൊലീസ് മേധാവിയുടെ മറുപടിയും:
∙ ഏറെ വർഷത്തിനുശേഷമാണ് കേരളത്തിലേക്ക് തിരിച്ചു വരുന്നത്. എങ്ങനെ കാണുന്നു?
സന്തോഷം തോന്നുന്നു. വെല്ലുവിളികളുണ്ട്. സഹപ്രവർത്തകരുടെ പിന്തുണയോടെ മുന്നോട്ടുപോകും.
∙ ലഹരി തടയാൻ എന്തൊക്കെ നടപടി സ്വീകരിക്കും?
ഇപ്പോഴത്തെ ലഹരിവിരുദ്ധ പ്രവർത്തനത്തെ ശക്തമായി മുന്നോട്ടു കൊണ്ടുപോകും. ബോധവൽക്കരണ പരിപാടികളും ശക്തമാക്കും. കേരളത്തിൽ മാത്രമല്ല, രാജ്യത്ത് മൊത്തം ലഹരിയുടെ പ്രശ്നങ്ങളുണ്ട്. കൂട്ടായ ഇടപെടൽ വേണം.
∙ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ എന്ത് നടപടി സ്വീകരിക്കും?
ഗുരുതരമായ വിഷയമാണത്. കേസുകൾ പരിശോധിച്ചശേഷം ശക്തമായ നടപടി സ്വീകരിക്കും.