
ദില്ലി: മൊബൈല് ഫോൺ നമ്പറുകൾ പോർട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോർട്ടിങ് കോഡ് (യുപിസി) അനുവദിക്കുന്നതിൽ പുതിയ മാനദണ്ഡം അവതരിപ്പിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇത് പ്രകാരം നമ്പർ മാറ്റാതെ പുതിയ സിം എടുത്തശേഷം ഏഴ് ദിവസം കഴിയാതെ യു.പി.സി. നൽകില്ല. അതേസമയം, 3 ജിയിൽനിന്നും മറ്റും 4 ജിയിലേക്കോ 5 ജിയിലേക്കോ അപ്ഗ്രേഡ് ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ല.
കൂടാതെ, മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതി ജൂലൈ ഒന്ന് മുതൽ നിലവിൽ വരും. സിം സ്വാപ്പ്, റീപ്ലേസ്മെന്റ് പോലുള്ള തട്ടിപ്പുകൾ നിരീക്ഷിക്കുന്നതിനായാണ് ഭേദഗതി കൊണ്ടുവന്നത്. 2024 മാർച്ച് 14 കൊണ്ടുവന്ന മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിലെ ഒമ്പതാം ഭേദഗതിയാണ് നിലവിൽ വരുന്നതെന്ന് ട്രായ് അറിയിച്ചു.
ട്രായ്യുടെ നിയമം അനുസരിച്ച് നിലവിലുള്ള ഉപഭോക്താവിന് നഷ്ടപ്പെട്ടിട്ടുള്ള സിമ്മിന് പകരം പുതിയ സിം കാർഡ് നല്കുന്നതിനാണ് സിം സ്വാപ്പ് അല്ലെങ്കിൽ സിം റീപ്ലേസ്മെന്റ് എന്ന് പറയുന്നത്. കൂടാതെ മൊബൈൽ നമ്പർ നിലനിർത്തിക്കൊണ്ടു തന്നെ മറ്റൊരു സേവനദാതാവിലേക്ക് മാറാനായുള്ള മൊബൈൽ നമ്പർ പോർട്ടബിലിറ്റി സൗകര്യവും ലഭിക്കും. പ്രക്രിയ കൂടുതൽ സുഗമവും സുരക്ഷിതവുമാക്കാനായാണ് 2009 ലെ മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിൽ നേരത്തെയും ഭേദഗതി കൊണ്ടുവന്നത്.
നിലവിൽ പോർട്ട് ചെയ്യാനുള്ള നടപടി ക്രമങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയത് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ നിബന്ധനപ്രകാരം നഷ്ടപ്പെട്ട സിം കാർഡിലെ നമ്പർ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷൻ മാറ്റുന്നതിന് ഏഴ് ദിവസം വരെ കാത്തിരിക്കണം. സിം നഷ്ടപ്പെട്ടാൽ മറ്റൊരു സിമ്മിലേക്ക് നമ്പർ മാറ്റാനും ഉപഭോക്താവിന് കഴിയും. ഉപഭോക്താവ് അറിയാതെ ഫോൺ നമ്പർ മറ്റൊരു സിമ്മിലേക്കുമാറ്റി സാമ്പത്തികത്തട്ടിപ്പുകൾ നടത്തുന്നതും വ്യാപകമായി വരുന്നുണ്ട്. സിം പ്രവർത്തനരഹിതമായാലും കാരണം എന്താണെന്ന് ഉപഭോക്താവിന് മനസ്സിലാകണമെന്നില്ല. നമ്പർ പോർട്ട് ചെയ്ത കാര്യം അറിഞ്ഞുവരുമ്പോഴേക്കും അക്കൗണ്ടിൽനിന്ന് പണവും നഷ്ടമാകും.
Last Updated Jul 1, 2024, 8:29 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]