മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് എത്തും. വൈകിട്ട് നിലമ്പൂർ കോടതിപ്പടിയിൽ നടക്കുന്ന ഇടതുമുന്നണി കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
സർക്കാരിനെതിരെ യുഡിഎഫ് രാഷ്ട്രീയ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് ഇടതുപ്രചാരണം നയിക്കാൻ മുഖ്യമന്ത്രിയെത്തുന്നത്. പിവി അൻവർ അടക്കം ഉയർത്തുന്ന രാഷ്ട്രീയ വിമർശനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ മറുപടിയാണ് ഇന്നത്തെ ഇടതുമുന്നണി കൺവെൻഷനെ ഉദ്വേഗഭരിതമാക്കുന്നത്.
മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായുള്ള കൂടിക്കാഴ്ചയാണ് ഇടതു സ്ഥാനാർത്ഥി സ്വരാജ് ഇന്ന് നടത്തുക.
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തും പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ്. യുഡിഎഫിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
അനിശ്ചിതത്വത്തിനൊടുവിൽ നിലമ്പൂരിൽ മത്സരിക്കാൻ ബിജെപി ഇന്ന് അന്തിമ തീരുമാനം പ്രഖ്യാപിക്കും. മൂന്ന് പേരുടെ പട്ടിക സംസ്ഥാന നേതൃത്വം തയ്യാറാക്കി.
പ്രാദേശിക നേതാക്കളാണ് പട്ടികയിലുള്ളത്. ഇന്ന് കേന്ദ്ര നേതൃത്വവുമായി ആലോചിച്ചു അന്തിമ തീരുമാനം എടുക്കും.
ബിഡിജെഎസുമായും ചർച്ച ചെയ്യും. ബിഡിജെഎസ് സംസ്ഥാന കൗൺസിൽ യോഗവും ഇന്ന് കോട്ടയത്ത് ചേരുന്നുണ്ട്.
രാവിലെ 10.30ന് പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ അധ്യക്ഷതയിലാണ് യോഗം. മുഴുവൻ ജില്ലാ പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]