

ശക്തമായ മഴ ; പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ കരുതൽ ; പനിയുള്ള കുട്ടികളെ സ്കൂളില്‍ വിടരുത്, ചികിത്സ ഉറപ്പാക്കണം; എലിപ്പനി, ഡെങ്കിപ്പനി പ്രതിരോധത്തിന് നിര്‍ദേശങ്ങള്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം:മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്‍, എച്ച് 1 എന്‍ 1 തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാല്‍ എലിപ്പനിക്കെതിരെ വളരെയേറെ ശ്രദ്ധിക്കണം.
എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ക്യാമ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്കി. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഐ എം എയുമായുള്ള അടിയന്തര യോഗം ചേരണം. സംസ്ഥാന തലത്തില്‍ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നുണ്ട്.
കണ്ട്രോള് റൂം ഇല്ലാത്ത ജില്ലകളില്‍ അടിയന്തരമായി കണ്ട്രോള് റൂം ആരംഭിക്കും. ജില്ലാ തലത്തില്‍ ഒരു ആശുപത്രിയിലെങ്കിലും 8 മണി വരെ പ്രത്യേക ഫീവര്‍ ഒപി ഉണ്ടായിരിക്കണമെന്ന് നിര്‍ദേശിച്ചു. എല്ലാ മെഡിക്കല്‍ കോളജിലും ഫീവര്‍ ക്ലിനിക്ക് ആരംഭിക്കും. ആശുപത്രികളില്‍ മതിയായ ജീവനക്കാരെ ഉറപ്പാക്കും. ആവശ്യമെങ്കില്‍ അധിക ജീവനക്കാരെ ഈ കാലയളവില്‍ നിയോഗിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി.
മഞ്ഞപ്പിത്തം ബാധിച്ച സ്ഥലങ്ങളില്‍ പ്രത്യേകം ശ്രദ്ധ വേണം. കുടിവെള്ളത്തില്‍ മഴ വെള്ളം കലരുന്നതിനാല്‍ കിണറുകള്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള സ്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണം. വയറിളക്ക രോഗങ്ങള്‍ക്കെതിരേയും ശ്രദ്ധയുണ്ടാവണം. ഭക്ഷണം മൂടിവയ്ക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. വീടുകളും ഓഫീസുകളും സ്ഥാപനങ്ങളും അവയുടെ പരിസരങ്ങളും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം.
എല്ലാ സ്കൂളുകളും കുടിവെള്ള സ്രോതസുകളുടെ ശുദ്ധത ഉറപ്പാക്കണം. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കുട്ടികള്‍ക്ക് തിളപ്പിച്ചാറ്റിയ വെള്ളം നല്‍കണം. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള കുട്ടികളെ സ്കൂളില്‍ വിടരുത്. കുട്ടികള്‍ക്ക് യഥാസമയം ചികിത്സ ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]