
തിരുവനന്തപുരം: ലോകകേരളം ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്തിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ നോർക്ക വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ, ലോക കേരള സഭ ഡയറക്ടർ ആസിഫ് കെ യൂസഫ്, നോർക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി – സെന്റർ ഫോർ ഡിജിറ്റൽ ഇന്നൊവേഷൻ & പ്രോഡക്ട് ഡെവലപ്മെന്റ് ഡയറക്റ്റർ ഡോ. ആർ. അജിത് കുമാർ, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി സീനിയർ പ്രോജക്ട് മാനേജർ (എന്റർപ്രൈസ് സിസ്റ്റംസ്) അരുൺ കുമാർ ബാലകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.
പ്രവാസികൾക്കായി സർക്കാർ തലത്തിൽ തുടങ്ങുന്ന ലോകത്തിലെ ആദ്യ ഡിജിറ്റൽ പ്ലാറ്റ്ഫോം ആണ് ലോക കേരളം ഓൺലൈൻ. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് ഒരു ഡിജിറ്റൽ ഓൺലൈൻ പ്ലാറ്റ്ഫോം വേണമെന്ന നിർദേശം മൂന്നാം ലോക കേരള സഭയിലാണ് ഉയർന്നുവന്നത്. ഇതിനെ തുടർന്ന് രൂപപ്പെടുത്തിയതാണ് ലോക കേരളം ഓൺലൈൻ. പ്രവാസികൾക്ക് ആശയ വിനിമയത്തിനും തൊഴിൽ അവസരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറാനും സാംസ്കാരിക വിനിമയം സാധ്യമാക്കുന്നതുമായ വിപുലമായ സംവിധാനമാണ് ലോക കേരളം ഓൺലൈൻ ഒരുക്കുന്നത്.
നാലാം ലോക കേരള സഭയിൽ ലോക കേരളം ഓൺലൈന്റെ ആദ്യ ഘട്ടം അവതരിപ്പിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ പ്രവാസികൾക്ക് മാത്രമായി നിരവധി സേവനങ്ങളാണ് പ്ലാറ്റ്ഫോമിൽ ഉൾപ്പടുത്തുന്നത്. ഓൺലൈൻ മാനസികാരോഗ്യ ചികിത്സാ സംവിധാനം, ഓൺലൈൻ ആയുർവേദ ചികിത്സാ സംവിധാനം, കലാമണ്ഡലത്തിന്റെ ഓൺലൈൻ ഹ്രസ്വകാല കോഴ്സുകൾ, സ്കിൽ സർട്ടിഫിക്കേഷൻ, സർക്കാർ ഇ – സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ സേവനങ്ങൾ ഉൾപ്പെടുത്തുന്നതിന് പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയാണ് ലോക കേരളം ഓൺലൈന്‍ രൂപം കൊടുത്തിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്യുന്നവരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമായ രീതിയിലാണ് പ്ലാറ്റ്ഫോം വികസപ്പിച്ചിട്ടുള്ളത്. ഈ പ്ലാറ്റ്ഫോമിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. മൊബൈൽ ആപ്ലിക്കേഷനും കൂടി വരുന്നതോടെ മലയാളികളായ എല്ലാ പ്രവാസികൾക്കും വളരെ എളുപ്പത്തിൽ ഈയൊരു കൂട്ടായ്മയുടെ ഭാഗമാകാൻ സാധിക്കും.
ആപ്പിൾ സ്റ്റോർ : https://apps.apple.com/in/app/lokakeralamonline/id6740562302
ആൻഡ്രോയിഡ് പ്ലേ സ്റ്റോർ : https://play.google.com/store/apps/details?id=com.cdipd.norka
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]