
കൊളംബോ: ശ്രീലങ്കൻ തുറമുഖത്ത് ഗവേഷണ കപ്പൽ നങ്കൂരമിടാൻ അനുമതി തേടി ചൈന വീണ്ടും ശ്രീലങ്കയെ സമീപിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ ആശങ്ക നിലനിൽക്കെയാണ് ചൈന വീണ്ടും അനുമതി തേടിയത്. കഴിഞ്ഞ വർഷം ബഹിരാകാശ പേടകം ട്രാക്ക് ചെയ്യാനടക്കം സാധിക്കുന്ന കപ്പൽ ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടിരുന്നു. ഗവേഷണ കപ്പലാണെന്നാണ് ചൈനയുടെ വാദം. എന്നാൽ, ചാരക്കപ്പലാണെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ആരോപിക്കുന്നു. ഷി യാൻ 6 ഡോക്ക് ചെയ്യാൻ ചൈന അനുമതി തേടിയിട്ടുണ്ടെന്നും എന്നാൽ തീയതി നിശ്ചയിച്ചിട്ടില്ലെന്നും ശ്രീലങ്കൻ വിദേശകാര്യ വക്താവ് പ്രിയങ്ക വിക്രമസിംഗെ പറഞ്ഞു.
സമുദ്രശാസ്ത്രം, മറൈൻ ജിയോളജി, മറൈൻ ഇക്കോളജി എന്നീ രംഗത്ത് പരിശോധനകൾ നടത്തുന്ന 60 പേർ അടങ്ങുന്ന ശാസ്ത്രീയ ഗവേഷണ കപ്പൽ എന്നാണ് എന്നാണ് ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ഷി യാൻ 6 നെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വർഷം, ബഹിരാകാശവാഹന ട്രാക്കിംഗിൽ വൈദഗ്ദ്ധ്യമുള്ള യുവാൻ വാങ് 5 എന്ന ചൈനീസ് ഗവേഷണ കപ്പൽ ഹമ്പൻടോട്ടയിൽ നങ്കൂരമിട്ടതിൽ ഇന്ത്യ ആശങ്ക ഉന്നയിച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ വർധിച്ചുവരുന്ന സാന്നിധ്യവും ശ്രീലങ്കയിലെ ചൈനീസ് സ്വാധീനവും സംശയത്തോടെയാണ് ഇന്ത്യ അടക്കമുള്ള ലോക രാഷ്ട്രങ്ങൾ വീക്ഷിക്കുന്നത്.
ശ്രീലങ്കൻ കടലിൽ ആയിരിക്കുമ്പോൾ ഒരു ഗവേഷണ പ്രവർത്തനങ്ങളിലും ഏർപ്പെടരുതെന്ന് ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖം ചൈന 2017 മുതൽ 1.12 ബില്യൺ ഡോളറിന് 99 വർഷത്തെ പാട്ടത്തിനെടുത്താണ് നടത്തുന്നത്. ശ്രീലങ്കയെ സമ്മർദത്തിലാക്കാൻ ചില രാജ്യങ്ങൾ സുരക്ഷാ ആശങ്കകൾ ഉന്നയിക്കുന്നത് ന്യായമല്ലെന്നും ചൈന പറഞ്ഞിരുന്നു. ശ്രീലങ്കയുടെ വിദേശ കടത്തിൻ്റെ 52 ശതമാനം ചൈനയുമായാണ്.
Last Updated May 1, 2024, 2:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]