
ഐബി ഉദ്യോഗസ്ഥയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് പിതാവ്, തെളിവുകൾ കൈമാറി; സുകാന്തിനായി ലുക്കൗട്ട് നോട്ടിസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ട്രെയിൻ തട്ടി മരിച്ച ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥയെ സഹപ്രവർത്തകനായ സുകാന്ത് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന് ഉദ്യോഗസ്ഥയുടെ പിതാവ്. ഇതു സംബന്ധിച്ച തെളിവുകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുകാന്ത് 3.5 ലക്ഷം രൂപയോളം മകളിൽനിന്നു തട്ടിയെടുത്തെന്നും പിതാവ് ആരോപിച്ചു.
സുകാന്തിന് എതിരെ ഇതുവരെയും കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. നിലവിലെ അന്വേഷണം തൃപ്തികരമെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഒളിവിൽ കഴിയുന്ന സുകാന്തിനെ പിടികൂടാൻ പൊലീസ് സംഘം കൊച്ചിയിലും മലപ്പുറത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേത്തുടർന്ന് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥയായിരുന്ന 23 വയസ്സുകാരി മാർച്ച് 23നാണ് തിരുവനന്തപുരത്ത് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. കൊച്ചി വിമാനത്താവളത്തിൽ ഐബി ഉദ്യോഗസ്ഥനാണ് മലപ്പുറം സ്വദേശിയായ സുകാന്ത്. ഐബി പരിശീലന കാലത്താണ് ഇരുവരും അടുപ്പത്തിലായത്. പിന്നീട് പലവട്ടമായി ഇയാൾ ഐബി ഉദ്യോഗസ്ഥയിൽനിന്ന് പണം വാങ്ങിയെന്നും ശമ്പളമുൾപ്പെടെ പൂർണമായും സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തെന്നുമാണ് വിവരം.
സുകാന്തുമായുള്ള അടുപ്പം ഉദ്യോഗസ്ഥ വീട്ടിൽ അറിയിക്കുകയും വീട്ടുകാർ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ വിവാഹക്കാര്യത്തിൽനിന്ന് സുകാന്ത് ഒഴിഞ്ഞുമാറിയതിനെ തുടർന്ന് പെൺകുട്ടി മാനസിക സംഘർഷത്തിലായിരുന്നു. തുടർന്നാണ് ജോലി കഴിഞ്ഞ് വരവേ സുകാന്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചതിനുശേഷം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. സംഭവത്തിൽ പേട്ട പൊലീസും ഐബിയും അന്വേഷണം തുടരുകയാണ്.