
അമ്പലപ്പുഴ: വീട് ജപ്തിയായതില്‍ മാനസികസംഘർഷത്തിലായിരുന്ന യുവാവ് മരിച്ച നിലയിൽ. പുന്നപ്ര സ്വദേശി പ്രഭുലാലി (33) നെയാണ് വീടിനോട്ട് ചേർന്നുള്ള ഷെഡിൽ മരിച്ച നിലയിൽ കണ്ടത്. തിങ്കളാഴ്ച വൈകിട്ട് നാലോടെ അവശനിലയയിൽ കണ്ട പ്രഭുലാലിനെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.
പുന്നപ്ര വയലാർ സമരസേനാനി പരേതനായ ഗംഗാധരന്റെ ചെറുമകനാണ് പ്രഭുലാൽ. പ്രഭുലാലിനോടൊപ്പമായിരുന്നു വയോധികരായ അച്ഛന് അനിലനും അമ്മ ഉഷയും കഴിഞ്ഞിരുന്നത്. അമ്മ ഉഷയുടെ പേരിൽ ലൈഫ് പദ്ധതിയിൽ നാലുലക്ഷം രൂപ വീടുവെക്കാനായി ലഭിച്ചിരുന്നു. വീടിന്റെ നിർമ്മാണം പൂർത്തിയാക്കാനായി കിടപ്പാടമായി ഉണ്ടായിരുന്ന ഏഴ് സെന്റ് സ്ഥലം പണയപ്പെടുത്തി കേരളബാങ്കിന്റെ പുന്നപ്ര ശാഖയിൽ നിന്നും 2018 ൽ മൂന്ന് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കെട്ടിട നിർമ്മാണത്തൊഴിലാളിയായ പ്രഭുലാലിന്റെ വരുമാനത്തിൽ നിന്നായിരുന്നു വയ്പ തിരിച്ചടച്ചിരുന്നത്. ജോലിക്കിടയിൽ അപകടം പറ്റിയതോടെ പ്രഭുലാലിന്റെ നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായതോടെ വായ്പത്തിരിച്ചടവിൽ മുടക്കം വന്നു. വായ്പ കുടിശിക വരുത്തിയതിന്റെ പേരിൽ കിടപ്പാട്ടം ജപ്തി നടപടികളിലായി. കഴിഞ്ഞ 30 നുള്ളിൽ പലിശ ഉൾപ്പെടെ അടച്ചില്ലെങ്കിൽ ജപ്തി നടപടികൾ സ്വീരിക്കുമെന്ന മുന്നറിയിപ്പ് ബാങ്ക് മാനേജർ നൽകിയിരുന്നതായി ബന്ധുക്കൾ പറയുന്നു.
എന്നാൽ കഴിഞ്ഞ 24 ന് വീടിനുള്ളിലുള്ള സാധനങ്ങൾ പോലും എടുക്കാനുള്ള സാവകാശം നൽകാതെ ബാങ്ക് മാനേജരും ജീവനക്കാരുമെത്തി വീട് പൂട്ടി നോട്ടീസ് പതിപ്പിച്ചു. വയോധികരായ മാതാപിതാക്കൾ പിന്നീട് സഹോദരിയുടെ വീട്ടിലും പ്രഭുലാൽ വീടിനോട് ചേർന്നുള്ള താൽക്കാലിക ഷെഡ്ഡിലുമായിരുന്നു താമസം. തൊട്ടടുത്തായി മറ്റൊരും വീട് വാടകക്കെടുത്തെങ്കിലും പലതവണ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും പാത്രങ്ങളുള്‍പ്പെടെയുള്ള അത്യാവശ്യസാധനങ്ങൾ എടുക്കാൻ പോലും ബങ്ക് അധികൃതർ കൂട്ടാക്കിയില്ല. ഒടുവിൽ തിങ്കളാഴ്ച വീട് തുറന്നുകൊടുക്കാമെന്ന് പറഞ്ഞതനുസരിച്ച് സാധനങ്ങൾ എടുക്കാനായി സുഹൃത്തുക്കളെയും ഏർപ്പാട് ചെയ്തിരുന്നു. എന്നാൽ വീട് തുറക്കാൻ ആരും എത്താതിരുന്നത് പ്രഭുലാലിനെ മാനസികമായി തളർത്തിയതായി ബന്ധുക്കൾ പറയുന്നു. വീട്ടുസാധനങ്ങൾ എടുക്കാനായി പിതാവ് അനിലും സുഹൃത്തുക്കളും എത്തിയപ്പോഴാണ് പ്രഭുലാലിനെ അവശനിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മൃതദേഹം പൊതുദർശനത്തിന് വെക്കാനോ സംസ്ക്കാര ചടങ്ങുകൾക്കുപോലും വീട് തുറന്നുകൊടുക്കാനോ ബാങ്ക് അധികൃതർ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. തുടർന്ന് നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് വീടിന്റെ പൂട്ട് പൊളിച്ചാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചതും സംസ്ക്കാര ചടങ്ങുകൾ നടത്തിയതും. പ്രഭുലാലിന്റേത് ആത്മഹത്യയല്ലെന്നാണ് പോസ്റ്റ് മോർട്ടത്തിലെ പ്രഥമിക വിവരം എന്നാൽ രാസപരിശോധനാഫലം കിട്ടിയാലെ മരണകാരണം വ്യക്തമാകുകയുള്ളു. കേരളാ ബാങ്കിന്റെ മാനേജരുടെ നടപടിയിൽ കുടുംബവും നാട്ടുകാരും ശക്തമായ പ്രതിഷേധത്തിലാണ്. മാനേജർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പ്രഭുവിന്റെ പിതാവ് അനിലൻ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Read More:നടുറോഡിൽ ട്രാഫിക് കുരുക്കുണ്ടാക്കി ഭാര്യയുടെ റീൽ, പൊലീസുകാരനായ ഭർത്താവിന് സസ്പെൻഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]