
ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം നാളെ, പട്ടികയിൽ 15 രാജ്യങ്ങൾ; ഇന്ത്യയെ എങ്ങനെ ബാധിക്കും?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘ഏപ്രിൽ ഏറ്റവും ക്രൂരമാം മാസം’ എന്നാണ് വിഖ്യാത കവി ടി.എസ്.എലിയറ്റ് പറഞ്ഞത്. എന്നാൽ യുഎസുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് ഈ ഏപ്രിൽ ക്രൂരമാകുമോ അല്ലയോ എന്നത് നാളെയറിയാം. ന്റെ പകരച്ചുങ്ക പ്രഖ്യാപനം നാളെയാണ്. വിമോചനദിനമെന്നാണ് ട്രംപ് ബുധനാഴ്ചയെ വിശേഷിപ്പിച്ചിരിക്കുന്നത്. ആഗോള വിപണിയിൽ യുഎസിനോട് മറ്റു രാജ്യങ്ങൾ അന്യായമായി പെരുമാറുന്നു എന്ന ട്രംപിന്റെ വിശ്വാസമാണ് പകരച്ചുങ്കം ചുമത്താൻ അദ്ദേഹത്തിനു പ്രേരണയായത്. പല രാജ്യങ്ങളും യുഎസ് ഉൽപന്നങ്ങൾക്ക് ഉയർന്ന തോതിലാണ് തീരുവ ചുമത്തുന്നത്. പതിനഞ്ചോളം രാജ്യങ്ങൾക്കായിരിക്കും നികുതി ചുമത്തുക എന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടെങ്കിലും ആർക്കും ഇളവില്ലെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചത്. കാബിനറ്റിലെ മുഴുവൻ അംഗങ്ങളും നാളെ പ്രഖ്യാപനച്ചടങ്ങിന് എത്തുമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് വ്യക്തമാക്കിയത്. എന്നാൽ ട്രംപ് എന്തെല്ലാം കാര്യങ്ങൾ വ്യക്തമാക്കും എന്നത് ഇപ്പോഴും അവ്യക്തമാണ്.
പട്ടികയിൽ 15 രാജ്യങ്ങൾ, ആരെയും ‘വെറുതെ വിടില്ലെ’ന്ന് ട്രംപ്
നാഷനൽ ഇക്കണോമിക് കൗൺസിലിലെ കെവിൻ ഹാസറ്റ് കഴിഞ്ഞ ദിവസം രാജ്യാന്തര മാധ്യമങ്ങളോടു വെളിപ്പെടുത്തിയത് 10–15 രാജ്യങ്ങളാണ് ട്രംപിന്റെ ലിസ്റ്റിലുള്ളതെന്നാണ്. എന്നാൽ അവ ഏതെല്ലാമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. യുഎസുമായുള്ള വ്യാപാരത്തിൽ കമ്മി രേഖപ്പെടുത്തുന്ന രാജ്യങ്ങളാണ് ആ പട്ടികയിലുള്ളതെന്നാണ് വിവരം. വാണിജ്യ വകുപ്പിന്റെ 2024ലെ കണക്ക് പ്രകാരം ചൈനയാണ് പട്ടികയിൽ മുന്നിലുള്ളത്. യൂറോപ്യൻ യൂണിയൻ, മെക്സിക്കോ, വിയറ്റ്നാം, അയർലൻഡ്, ജർമനി, തയ്വാൻ, ജപ്പാൻ, ദക്ഷിണ കൊറിയ, കാനഡ, ഇന്ത്യ, തായ്ലൻഡ്, ഇറ്റലി, സ്വിറ്റ്സർലൻഡ്, മലേഷ്യ, ഇന്തൊനീഷ്യ, ഫ്രാൻസ്, ഓസ്ട്രിയ, സ്വീഡൻ എന്നീ രാജ്യങ്ങളും ട്രംപിന്റെ പട്ടികയിലുണ്ട്. ഇന്ത്യയും മറ്റു രാജ്യങ്ങളുമെല്ലാം അമേരിക്കൻ ഉൽപന്നങ്ങൾക്കു മേൽ ചുമത്തുന്ന വലിയ നികുതിയെപ്പറ്റി ട്രംപ് എപ്പോഴും വിമർശനങ്ങൾ ഉന്നയിക്കാറുമുണ്ട്. എന്നാൽ ആർക്കും ഇളവില്ലെന്നും എല്ലാ രാജ്യങ്ങൾക്കു മേലും നികുതി ചുമത്തുമെന്നും ആയിരുന്നു ട്രംപിന്റെ പുതിയ പ്രഖ്യാപനം.
ട്രംപിന്റെ നികുതി പ്രഖ്യാപനം പ്രധാന സംഭവങ്ങൾ
ജനുവരി 20
∙ അധികാരമേറ്റ ആദ്യ ദിവസം തന്നെ കാനഡയ്ക്കും മെക്സിക്കോയ്ക്കും 25 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം ട്രംപ് പ്രഖ്യാപിച്ചു.
ജനുവരി 26
∙ യുഎസിലെ അനധികൃത കൊളംബിയൻ കുടിയേറ്റക്കാരെ ചങ്ങലയിട്ട് കൊണ്ടുവന്ന രണ്ടു യുഎസ് സൈനിക വിമാനങ്ങളെ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ തിരിച്ചയച്ചിരുന്നു. ഇതിനു പിന്നാലെ കൊളംബിയൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. തിരിച്ചടിയെന്ന നിലയിൽ യുഎസ് ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ വർധിപ്പിക്കുമെന്ന് പെട്രോയും പ്രഖ്യാപിച്ചു. പക്ഷേ, ഈ തീരുമാനം പിന്നീടു മാറ്റി
ഫെബ്രുവരി 1
∙ മെക്സിക്കോ, കാനഡ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനവും മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള സാധനങ്ങൾക്ക് 25 ശതമാനവും തീരുവയാണ് ചുമത്തിയത്. ഉത്തരവിനെതിരെ മൂന്നു രാജ്യങ്ങളും പ്രതികാര നടപടികൾ പ്രഖ്യാപിച്ചു.
ഫെബ്രുവരി 3
∙ ലഹരിക്കടത്തും അതിർത്തി സുരക്ഷയും സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുമെന്ന് ഇരു രാജ്യങ്ങളും ഉറപ്പു നൽകിയതിനു പിന്നാലെ മെക്സിക്കോയ്ക്കും കാനഡയ്ക്കും എതിരെ തീരുവ വർധിപ്പിക്കാനുള്ള തീരുമാനം 30 ദിവസത്തേക്ക് മരവിപ്പിച്ചു.
ഫെബ്രുവരി 4
∙ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപന്നങ്ങൾക്ക് 10 ശതമാനം തീരുവ ഏർപ്പെടുത്തി. പിന്നാലെ ചൈന യുഎസ് ഉൽപന്നങ്ങൾക്ക് പുതിയ തീരുവ ചുമത്തി. കൂടാതെ ഗൂഗിളിനെതിരെ കുത്തക വിരുദ്ധ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഫെബ്രുവരി 7
∙ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന, 800 ഡോളറിൽ താഴെ വിലയുള്ള ഉൽപന്നങ്ങൾക്ക് നികുതിയിൽ ഇളവ് ഏർപ്പെടുത്തി.
ഫെബ്രുവരി 10
∙ സ്റ്റീൽ, അലുമിനിയം എന്നിവയുടെ തീരുവ (25 ശതമാനം) വർധിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. പിന്നാലെ 2018 ൽ ഇവയ്ക്കു നൽകിയ ഇളവുകൾ മാർച്ച് 12 ന് അവസാനിക്കുമെന്നും പറഞ്ഞു.
ഫെബ്രുവരി 13
∙ വ്യാപാര പങ്കാളികൾ ചുമത്തുന്ന നികുതി നിരക്കും അമേരിക്കയിലെ നികുതി നിരക്കും ഒരുപോലെയാകാനായി ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചു. ചൈന, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്കു പുറമെ ഇന്ത്യ പോലുള്ള രാജ്യങ്ങളും നികുതി വർധന നേരിടേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. യൂറോപ്യൻ രാജ്യങ്ങൾക്ക് 25 ശതമാനം താരിഫ് ചുമത്താനുള്ള പദ്ധതികളെപ്പറ്റിയും ട്രംപ് പരാമർശിച്ചു.
മാർച്ച് 4
∙ ചൈനീസ് ഉൽപന്നങ്ങൾക്ക് പ്രഖ്യാപിച്ച 10 ശതമാനം താരിഫ് 20 ശതമാനമാക്കി ഉയർത്തി. പിന്നാലെ വിവിധ കാർഷിക കയറ്റുമതികൾക്ക് ചൈന 15 ശതമാനം തീരുവ ചുമത്തി.
∙ 100 ബില്യൻ ഡോളറിന് മുകളിൽ മൂല്യമുള്ള ഉൽപന്നങ്ങൾക്ക് 21 ദിവസത്തിനുള്ളിൽ നികുതി ചുമത്തുമെന്ന് അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു. പകരച്ചുങ്കം ഏർപ്പെടുത്തുമെന്ന് മെക്സിക്കോയും വ്യക്തമാക്കി.
മാർച്ച് 5
∙ മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഒരു മാസത്തെ തീരുവ ഇളവ്.
മാർച്ച് 10
∙ ചിക്കൻ, പന്നിയിറച്ചി, സോയാബീൻ, ബീഫ് എന്നിവയുൾപ്പെടെയുള്ള യുഎസ് ഉൽപന്നങ്ങൾക്ക് ചൈന 15 ശതമാനം അധിക തീരുവ ഏർപ്പെടുത്തി.
മാർച്ച് 12
∙ എല്ലാവിധ സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്കും 25 ശതമാനം തീരുവ. ഇതിനു മറുപടിയായി സ്റ്റീൽ, അലുമിനിയം ഉൽപന്നങ്ങൾ, തുണിത്തരങ്ങൾ, വീട്ടുപകരണങ്ങൾ, മോട്ടർ സൈക്കിളുകൾ, ബേർബൺ, പീനട്ട് ബട്ടർ, ജീൻസ് തുടങ്ങിയ യുഎസ് ഉൽപന്നങ്ങൾക്ക് യൂറോപ്യൻ യൂണിയൻ നികുതി ഏർപ്പെടുത്തി.
മാർച്ച് 13
∙ അമേരിക്കൻ വിസ്കിക്ക് യൂറോപ്യൻ യൂണിയൻ 50% തീരുവ ചുമത്തിയാൽ യൂറോപ്യൻ വൈൻ, ഷാംപെയ്ൻ എന്നിവയ്ക്ക് 200% തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.
മാർച്ച് 24
∙ വെനസ്വേലയിൽനിന്ന് എണ്ണയോ വാതകമോ വാങ്ങുന്ന ഏതു രാജ്യത്തു നിന്നുള്ള ഇറക്കുമതികൾക്കും 25 ശതമാനം തീരുവ പ്രഖ്യാപിച്ചു. ട്രംപിന്റെ ഈ തീരുമാനം ചൈനയെ ലക്ഷ്യം വച്ചായിരുന്നു. യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കുകളനുസരിച്ച് 2023ല് വെനസ്വേലയിൽനിന്ന് 68 ശതമാനം എണ്ണയും ഇറക്കുമതി ചെതത് ചൈനയായിരുന്നു.
മാർച്ച് 26
∙ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ട്രംപ് വാഹന ഇറക്കുമതിക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ചു.
അമേരിക്കയെ രക്ഷിക്കാനുള്ള വഴി, ഏപ്രിൽ 2ന് എന്തുസംഭവിക്കും ?
പകരച്ചുങ്കം ഏർപ്പെടുത്തുന്നതോടെ വിപണിയിലെ മത്സരങ്ങളിൽനിന്ന് അമേരിക്കയെ രക്ഷിക്കാനും കൂടുതൽ പണം കണ്ടെത്താനും കഴിയുമെന്നാണ് യുഎസിന്റെ വാദം. ഏതാണ്ട് 60 കോടി ഡോളർ അധികമായി നേടാൻ പകരച്ചുങ്കം ഏർപ്പെടുത്തുന്നതിലൂടെ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ വലിയ രീതിയിലുള്ള പകരച്ചുങ്കം ഏർപ്പെടുത്തൽ യുഎസിന്റെ സാമ്പത്തികസ്ഥിതി മോശമാക്കുമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. ഏപ്രിൽ 2ന് ട്രംപ് എന്താണു പ്രഖ്യാപിക്കുക എന്നത് അജ്ഞാതമാണെങ്കിലും ട്രംപ് ഏർപ്പെടുത്തുന്ന നികുതി പല രാജ്യങ്ങൾക്കും വലിയ ബുദ്ധിമുട്ടാകുമെന്ന് ഉറപ്പാണ്.
ഇന്ത്യയും പകരച്ചുങ്കവും
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് യുഎസ്. അതുകൊണ്ടുതന്നെ പകരച്ചുങ്കം ഏർപ്പെടുത്തുന്നത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും. ട്രംപ് എന്റെ ഏറ്റവും അടുത്ത സുഹൃത്തെന്ന് മോദിയും, മോദി എന്റെ അടുത്ത സുഹൃത്തെന്നു ട്രംപും പറഞ്ഞെങ്കിലും അത് നാളെ വരാനിരിക്കുന്ന പകരച്ചുങ്ക പ്രഖ്യാപനത്തിൽ ഇന്ത്യയ്ക്ക് അനുകൂലമാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയർന്ന നികുതി ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നാണ് നേരത്തേ ട്രംപ് പറഞ്ഞത്. ഇന്ത്യ യുഎസിനെ നന്നായി മുതലെടുക്കുന്നു എന്നുപോലും ഒരു സമയത്ത് ട്രംപ് പറഞ്ഞിരുന്നു. പിന്നാലെ, ഇന്ത്യയ്ക്കെതിരെ 100 ശതമാനം നികുതി ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടുതൽ താരിഫ് ഏർപ്പെടുത്തുന്ന ഉൽപന്നങ്ങളെപ്പറ്റിയും വൈറ്റ്ഹൗസ് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.