
എമ്പുരാന്റെ പ്രദർശനം നിർത്തണം, മോഹൻലാലിന്റെ ഖേദം മാർക്കറ്റിങ് തന്ത്രം: ഹൈക്കോടതിയിൽ ഹർജി
കൊച്ചി∙ വിവാദങ്ങൾ തുടരുന്നതിനിടെ എമ്പുരാൻ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. സിനിമയുടെ പ്രദർശനം നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ജില്ലാ കമ്മിറ്റിയംഗം എന്നവകാശപ്പെടുന്ന വി.വി.
വിജേഷാണ് ഹർജി നൽകിയത്. മോഹൻലാൽ, പൃഥ്വിരാജ്, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് ഹർജി.
എമ്പുരാന് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും കലാപം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ എത്രയും വേഗം എമ്പുരാന്റെ പ്രദര്‍ശനം തടയണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ചിത്രം രാജ്യവിരുദ്ധത പ്രചരിപ്പിക്കുകയും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തേയും ദേശീയ അന്വേഷണ ഏജന്‍സികളെയും മോശമായി ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാർത്താ, വിതരണ മന്ത്രാലയം, സെൻസർ ബോർഡ് തുടങ്ങിയവർക്ക് പരാതി നല്‍കിയിരുന്നു എങ്കിലും നടപടികളൊന്നും ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് എന്ന് ഹർജിയിൽ പറയുന്നു. പൃഥ്വിരാജ് സുകുമാരൻ തന്റെ ചിത്രങ്ങളിലൂടെ നിരന്തരമായി എൻഡിഎ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്ന് ഹർജിയിൽ പറയുന്നു. ഇ.ഡിയുടെ അന്വേഷണം നേരിടുന്നവരാണ് നിർമാതാക്കൾ.
അവരാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയേയും സത്യസന്ധതയേയും സിനിമയിൽ ചോദ്യം ചെയ്തിരിക്കുന്നത് എന്നും ഹർജിയിൽ പറയുന്നു. ചിത്രത്തിന്റെ റിലീസിങ്ങിനു ശേഷം എതിർപ്പുകൾ ഉയർന്നതോടെ മോഹൻലാൽ സമൂഹമാധ്യമത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത് കൂടുതൽ ആളുകൾ കാണുന്നതിനു വേണ്ടിയുള്ള മാർക്കറ്റിങ് തന്ത്രമായാണ് കാണാൻ സാധിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
ചിത്രത്തിന്റെ റിലീസിനു ശേഷം ജനങ്ങൾ ഗുജറാത്ത് കലാപത്തെക്കുറിച്ചും മറ്റും സജീവമായി ചർച്ച ചെയ്യുകയും ഇതു സംബന്ധിച്ച കുറിപ്പുകൾ പങ്കുവയ്ക്കുകയും ചെയ്യുന്നു. ചിത്രവുമായി ബന്ധപ്പെട്ട് കലാപത്തിന് ആരെങ്കിലും ആസൂത്രണം നടത്തിയിരുന്നോ എന്ന കാര്യത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന ഡിജിപിക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]