
വായ്പ ലഭിച്ചില്ല, ബാങ്കിനോട് വൈരാഗ്യം; കവർന്ന 13 കോടിയുടെ സ്വർണം കിണറ്റിലെ ‘ലോക്കറിൽ’: അറസ്റ്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു ∙ കർണാടകയിൽ ദാവനഗരെ ന്യാമതി ശാഖയിൽനിന്നു 13 കോടി രൂപ വിലയുള്ള 17.7 കിലോ സ്വർണം കവർന്ന കേസിൽ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണവും കണ്ടെടുത്തു. കഴിഞ്ഞ ഒക്ടോബർ 26നാണ് കവർച്ച നടന്നത്. ദാവനഗരെയിൽ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശികളായ സഹോദരങ്ങൾ വിജയ്കുമാർ, അജയ്കുമാർ എന്നിവരാണ് കവർച്ച ആസൂത്രണം ചെയ്തത്.
2023ൽ വിജയ്കുമാർ 15 ലക്ഷം രൂപ വായ്പ തേടിയെങ്കിലും ക്രെഡിറ്റ് സ്കോർ കുറവായതിനാൽ ലഭിച്ചില്ല. പിന്നാലെ മറ്റൊരു ബന്ധുവിന്റെ പേരിൽ വായ്പയ്ക്ക് അപേക്ഷിച്ചെങ്കിലും നിരാകരിച്ചു. ഇതിന്റെ വൈരാഗ്യമാണു കവർച്ചയിലേക്കു നയിച്ചത്. ബാങ്ക് കവർച്ചയെ ആസ്പദമാക്കിയുള്ള സിനിമ, സീരിയലുകളും യുട്യൂബ് വിഡിയോകളും കണ്ട് 6 മാസം കൊണ്ടാണ് പദ്ധതി തയാറാക്കിയത്.
കവർച്ചയെക്കുറിച്ച് ഒരു വിവരവും പുറത്തു പറയില്ലെന്ന നിബന്ധനയോടെ 6 അംഗ സംഘം രൂപീകരിച്ചു. കവർച്ചയ്ക്കായി 4 കിലോമീറ്ററോളം നടന്നാണ് ബാങ്കിലെത്തിയത്. കൃത്യത്തിനിടെ മൊബൈലും ഉപയോഗിച്ചില്ല. ബാങ്കിലെ സിസിടിവി ക്യാമറകളും ഇവയുടെ ഹാർഡ് ഡിസ്ക്കുകളും മോഷ്ടിച്ചു.
കവർന്ന സ്വർണം വിജയകുമാറിന്റെ തമിഴ്നാട്ടിലെ കുടുംബ വീട്ടിലെ കിണറ്റിൽ ഒളിപ്പിച്ചു. ലോക്കറിൽ അടച്ച നിലയിൽ സ്വർണം കിണറ്റിൽനിന്ന് കണ്ടെടുത്തു. ഒരു വർഷത്തിനു ശേഷം ഇവ പുറത്തെടുത്തു വിൽക്കാമെന്ന ധാരണയിൽ സാധാരണ ജീവിതം നയിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. അഞ്ചുമാസം നീണ്ട അന്വേഷണങ്ങൾക്കിടെ കണ്ടെത്തിയ സാങ്കേതിക തെളിവുകളാണ് പ്രതികളെ കുടുക്കാൻ പൊലീസിനെ സഹായിച്ചത്.