
ദില്ലി: ഇന്ത്യൻ സർക്കാർ ഉടമസ്ഥതയിലുള്ള എയ്റോസ്പേസ് പ്രതിരോധ കമ്പനിയായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്) റഷ്യയ്ക്ക് ആയുധങ്ങൾ നൽകുന്ന കരിമ്പട്ടികയിൽപ്പെടുത്തിയ ഏജൻസിക്ക് സൈനിക ഉപയോഗത്തിന് സാധ്യതയുള്ള സെൻസിറ്റീവ് സാങ്കേതികവിദ്യ വിറ്റുവെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് തെറ്റാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വസ്തുതാപരമായി തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ റിപ്പോർട്ടാണിതെന്നും രാഷ്ട്രീയ പ്രശ്നങ്ങൾ സൃഷ്ടിക്കാനും വസ്തുതകൾ വളച്ചൊടിക്കാനും ശ്രമിക്കുന്നുവെന്നും ആരോപിച്ചു. റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ഇന്ത്യൻ സ്ഥാപനം വ്യാപാര നിയന്ത്രണങ്ങളും പ്രതിബദ്ധതകളും സംബന്ധിച്ച എല്ലാ അന്താരാഷ്ട്ര ബാധ്യതകളും സൂക്ഷ്മമായി പാലിച്ചിട്ടുണ്ടെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ ശക്തമായ നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂട് പാലിച്ചാണ് എച്ച്എഎൽ പ്രവർത്തിക്കുന്നതെന്നും ഇത്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുമ്പോൾ മാധ്യമങ്ങൾ അടിസ്ഥാന ജാഗ്രത പാലിക്കണമെന്നും വൃത്തങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ആരോപണത്തിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് അഥവാ എച്ച്എഎൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മാർച്ച് 28-ന് ന്യൂയോർക്ക് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എച്ച്എഎല്ലിന്റെ ദാതാവ് യുകെയിലെ റിഫോം പാർട്ടിയുടെ നേതാവ് നിഗൽ ഫാരേജ് റഷ്യൻ വിതരണക്കാരന് ആയുധങ്ങളുടെ ഉപയോഗിച്ച ഭാഗങ്ങൾ വിറ്റുവെന്നായിരുന്നു ലേഖനത്തിലെ ആരോപണം. ബ്രിട്ടീഷ് എയ്റോസ്പേസ് നിർമ്മാതാക്കളായ എച്ച്ആർ സ്മിത്ത് ഗ്രൂപ്പ് എച്ച്എഎൽ വഴി ഏകദേശം 2 മില്യൺ ഡോളറിന്റെ ട്രാൻസ്മിറ്ററുകൾ, കോക്ക്പിറ്റ് ഉപകരണങ്ങൾ, മറ്റ് സെൻസിറ്റീവ് സാങ്കേതികവിദ്യ എന്നിവ കയറ്റി അയച്ചതായി റിപ്പോർട്ട് പറയുന്നു.
എച്ച്എഎൽ എച്ച്ആർ സ്മിത്തിൽ നിന്ന് ഉപകരണങ്ങൾ സ്വീകരിക്കുകയും ദിവസങ്ങൾക്കുള്ളിൽ, അതേ തിരിച്ചറിയൽ ഉൽപ്പന്ന കോഡുകൾ ഉപയോഗിച്ച് റഷ്യയിലേക്ക് ആയുധ ഭാഗങ്ങൾ അയച്ചുവെന്നും റിപ്പോർട്ട് അവകാശപ്പെട്ടു. 2023 ലും 2024 ലും എച്ച്ആർ സ്മിത്ത് എച്ച്എഎല്ലിലേക്ക് 118 നിയന്ത്രിത സാങ്കേതികവിദ്യാ കയറ്റുമതി നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ആ കാലയളവിൽ, അമേരിക്കയും യുകെയും കരിമ്പട്ടികയിൽ പെടുത്തിയ റഷ്യൻ ആയുധ ഏജൻസിയായ റോസോബോറോൺ എക്സ്പോർട്ടിലേക്ക് എച്ച്എഎൽ ഇതേ ഭാഗങ്ങളുടെ 13 കയറ്റുമതികൾ നടത്തിയതായും പറയുന്നു.
14 മില്യൺ ഡോളറിലധികം വിലവരുന്ന ഭാഗങ്ങളാണ് കയറ്റിയതെന്നും ആരോപിക്കുന്നു. എച്ച്എഎല്ലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് റോസോബോറോൺ എക്സ്പോർട്ട്. അതേസമയം, വിൽപ്പന നിയമാനുസൃതമാണെന്നും, ഉപകരണങ്ങൾ ഇന്ത്യൻ തിരച്ചിൽ-രക്ഷാ ശൃംഖലയ്ക്ക് വേണ്ടിയാണെന്നും ജീവൻ രക്ഷാ ഉപകരണങ്ങളാണ് കയറ്റിയയച്ചതെന്നും സൈനിക ഉപയോഗത്തിനായി രൂപകൽപ്പന ചെയ്തല്ലെന്നും എച്ച്ആർ സ്മിത്തിന്റെ അഭിഭാഷകൻ നിക്ക് വാട്സൺ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]