
കറാച്ചി : ഇംഗ്ളണ്ടിനെ ഏഴുവിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് ട്രോഫിയുടെ സെമിയിൽ പ്രവേശിച്ചു. കറാച്ചിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് 38.2 ഓവറിൽ 179 റൺസിന് ആൾഔട്ടായി. ദക്ഷിണാഫ്രിക്ക 29.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. നേരത്തേ ഓസ്ട്രേലിയയോടും അഫ്ഗാനിസ്ഥാനോടും ഇംഗ്ളണ്ട് തോറ്റിരുന്നു. ഈ ടൂർണമെന്റിൽ മൂന്ന് മത്സരങ്ങളും തോറ്റ ഏകടീമും ഇംഗ്ളണ്ടാണ്.മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാർക്കോ യാൻസനും വിയാൻ മുൾഡറും രണ്ട് വിക്കറ്റ് നേടിയ കേശവ് മഹാരാജും ചേർന്നാണ് ഇംഗ്ളണ്ടിനെ ചുരുട്ടിക്കൂട്ടിയത്. 37 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ളീഷ് നിരയിലെ ടോപ്സകോററർ.ഈ മത്സരത്തോടെ ക്യാപ്ടൻ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചിരുന്ന ജോസ് ബട്ട്ലർ 21 റൺസെടുത്ത് പുറത്തായി.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റാസി വാൻഡർഡസൻ (72*) ഹെൻറിച്ച് ക്ളാസൻ (64) എന്നിവർ അർദ്ധസെഞ്ച്വറികൾ നേടി. ഈ വിജയത്തോടെ ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ബിയിൽ മൂന്ന് കളികളും ജയിച്ച് ഒന്നാമന്മാരായി.