
തിരുവനന്തപുരം: കേരളത്തിൽ കെപിസിസിയിലും ഡിസിസികളിലും മാറ്റം ആലോചിക്കുമ്പോൾ പ്രവർത്തിക്കാത്തവരെ ഒഴിവാക്കാൻ ഹൈക്കമാൻഡ് നിർദ്ദേശം. സംസ്ഥാന നേതൃത്വം പ്രവർത്തന മികവില്ലാത്തവരെ കണ്ടെത്തി പട്ടിക ദീപ ദാസ് മുൻഷിക്ക് കൈമാറണമെന്ന് മല്ലികാർജ്ജുൻ ഖർഗെ നിർദ്ദേശം നൽകി. കേരളത്തിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകില്ലെന്ന് വിഡി സതീശൻ പ്രതികരിച്ചു. കൂട്ടായി പോകാനുള്ള നിർദ്ദേശം എല്ലാവരും അംഗീകരിക്കുമെന്ന് വിഎം സുധീരൻ വ്യക്തമാക്കി.
ഹൈക്കമാൻഡ് വിളിച്ച കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ കേരളത്തിൽ പാർട്ടി നേരിടുന്ന പ്രധാന വിഷയം അനൈക്യം ആണെന്ന വിലയിരുത്തലിലേക്കാണ് എത്തിയത്. നേതാക്കൾക്കിടയിൽ യോജിപ്പില്ലെന്ന് ജനം കരുതുന്നുവെന്ന് രാഹുൽ ഗാന്ധി തന്നെ ആഞ്ഞടിച്ചു. മുഖ്യമന്ത്രി ചർച്ച അനാവശ്യമായി ഉയർത്തരുതെന്ന് വിഡി സതീശനുമായുള്ള സംഭാഷണത്തിൽ രാഹുൽ ഗാന്ധി പറഞ്ഞതും ശ്രദ്ധേയമായി. മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും എന്നാണ് താൻ മറുപടി നൽകുന്നതെന്ന് സതീശൻ ചൂണ്ടിക്കാട്ടി. എന്നാൽ അങ്ങനെ ഒരു മറുപടി പോലും നൽകേണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ നിലപാട്.
തനിക്കും വിഡി സതീശനും ഇടയിൽ അനൈക്യമില്ലെന്ന് സ്ഥാപിക്കാനാണ് കെ സുധാകരനും ശ്രമിച്ചത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ച് തർക്കമില്ലെന്ന് ഇന്ന് വിഡി സതീശൻ മാധ്യമങ്ങളോടും പറഞ്ഞുക്രിയാത്മ ചർച്ചയാണ് നടന്നതെന്നും അല്ലാതെയുള്ള പ്രചാരണം ശരിയില്ലെന്നും വി എം സുധീരൻ ദില്ലിയിൽ നിന്ന് മടങ്ങുന്നതിന് മുമ്പ് വ്യക്തമാക്കി. കൂട്ടായി നിൽക്കണം എന്ന നിർദ്ദേശം അംഗീകരിക്കുന്നുവെന്നാണ് സുധീരനും വ്യക്തമാക്കിയത്.
കെ സുധാകരനെ മാറ്റാനുള്ള ആലോചന തത്കാലം ഉണ്ടാവില്ല. പകരം അദ്ധ്യക്ഷനെ സഹായിക്കുന്നതിന് സംവിധാനം വരും. സംഘടനയെ ചലിപ്പിക്കാനുള്ള കൂടുതൽ നീക്കങ്ങളിലേക്കും പാർട്ടി കടക്കും. കെപിസിസിയിലും ഡിസിസിയിലും മാറ്റങ്ങൾ ആലോചിക്കുമ്പോൾ പ്രവർത്തന മികവ് ഇല്ലാത്തവരെ ഒഴിവാക്കാനാണ് നിർദ്ദേശം. പത്തു കൊല്ലമായി മാറ്റങ്ങളില്ലാത്ത ഡിസിസികളുണ്ടെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]