
പാലക്കാട്: ഒറ്റപ്പാലത്ത് ക്ളാസ് മുറിയിൽ സഹപാഠിയുടെ ആക്രമണത്തിൽ ഐടിഐ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. സ്വകാര്യ ഐടിഐ വിദ്യാർത്ഥി സാജനാണ് (20) ക്രൂരമർദ്ദനമേറ്റത്. ആക്രമണത്തിൽ സാജന്റെ മൂക്കിന്റെ എല്ല് പൊട്ടി. വിദ്യാർത്ഥിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഫെബ്രുവരി 19നാണ് സംഭവം നടന്നത്. മൂക്കിലെ പൊട്ടലിന് പുറമെ സാജന്റെ ഇടതുകണ്ണിന്റെ താഴെയും ആഴത്തിലുള്ള മുറിവുണ്ട്. സംഭവത്തിൽ സഹപാഠിയായ കിഷോറിനെതിരെ (20) പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കിഷോർ യാതൊരു പ്രകോപനവുമില്ലാതെ സാജനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. കിഷോറിനെ കസ്റ്റഡിയിലെടുത്തതിനുശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി ഒറ്റപ്പാലം പൊലീസ് പറഞ്ഞു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
സീറ്റിലിരിക്കുമ്പോൾ ആക്രമിക്കുകയായിരുന്നുവെന്നാണ് മകൻ പറഞ്ഞതെന്ന് സാജന്റെ അമ്മ സിന്ധു പറഞ്ഞു. മകന് മൂന്ന് സ്റ്റിച്ച് ഉണ്ട്. മകന്റെ നില ഗുരുതരമാണ്. മൂക്കിന്റെ പാലം വളഞ്ഞു. സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഇതിന് മുൻപും കിഷോർ ആക്രമിച്ചതായി മകൻ പറഞ്ഞുവെന്നും പുറത്തുപറഞ്ഞാൽ ശരിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സിന്ധു വെളിപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]