
ദോഹ: വിമാനത്തിനുള്ളിൽ മൃതശരീരത്തിനടുത്തിരുന്ന് ദമ്പതികൾക്ക് യാത്ര ചെയ്യേണ്ടി വന്നതിൽ വിശദീകരണവുമായി ഖത്തർ എയർവേസ്. തങ്ങളുടെ ജീവനക്കാർ വേഗത്തിലും, ഉചിതമായും, പ്രൊഫഷണലായും പ്രവർത്തിച്ചുവെന്നാണ് എയർലൈനിന്റെ പ്രതികരണം. ബിബിസിക്ക് നൽകിയ പ്രസ്താവനയിലാണ് വിശദീകരണം.
‘സ്ത്രീയുടെ മരണം വിമാന ജീവനക്കാർ കൈകാര്യം ചെയ്തത് പരിശീലനത്തിനും നിലവാരത്തിനും അനുസൃതമായിരുന്നു. മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും പിന്തുണയും നൽകും. സംഭവം നേരിട്ട് ബാധിച്ചവരെയും പരിഗണിക്കും. യാത്രക്കാരെ മറ്റ് സീറ്റുകളിലേയ്ക്ക് മാറ്റിയിരുന്നു. വിമാനം ദോഹയിൽ എത്തുന്നതുവരെ മരണപ്പെട്ട യാത്രക്കാരിയുടെ അടുത്തായി ഒരു ക്രൂ അംഗം ഇരുന്നു. വിമാനത്തിനുള്ളിൽ അപ്രതീക്ഷിതമായി മരണങ്ങൾ സംഭവിക്കുന്നത് ഖേദകരമാണ്. ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പരിശീലനം നേടിയവരാണ് ക്രൂ അംഗങ്ങൾ’- ഖത്തർ എയർവേസ് പ്രസ്താവനയിൽ വ്യക്തമാക്കി.
മെൽബോണിൽ നിന്ന് ദോഹയിലേയ്ക്കുള്ള വിമാനത്തിലുണ്ടായ അനുഭവം മാനസികാഘാതമുണ്ടാക്കിയെന്നാണ് ഓസ്ട്രേലിയാസ് ചാനൽ നയൺ എന്ന മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ യാത്രക്കാരായ മിച്ചൽ റിംഗും ജെന്നിഫർ കോളിനും പറഞ്ഞത്. ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം മിച്ചൽ റിംഗിന്റെ അരികിലായി ഇരുത്തിയെന്നാണ് ദമ്പതികൾ പരാതിപ്പെട്ടത്. 14 മണിക്കൂർ വിമാനത്തിന്റെ അവസാന നാല് മണിക്കൂർ ഈ നിലയിൽ യാത്ര ചെയ്യേണ്ടി വന്നുവെന്നും അവർ പറഞ്ഞു. നീങ്ങിയിരിക്കാൻ ക്രൂ അംഗം ആവശ്യപ്പെടുകയും താൻ ഇരുന്ന സീറ്റിൽ മൃതദേഹത്തെ ഇരുത്തുകയും ചെയ്തു. സീറ്റുകൾ ഒഴിവുണ്ടായിരുന്നിട്ടും തനിക്ക് മറ്റൊരു സീറ്റ് നൽകിയില്ലെന്നും റിംഗ് പരാതിപ്പെട്ടു. മെഡിക്കൽ സംഘവും പൊലീസും എത്തുന്നതുവരെ യാത്രക്കാരോട് വിമാനത്തിനുള്ളിൽ തുടരാൻ ജീവനക്കാർ ആവശ്യപ്പെട്ടുവെന്നും റിംഗ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]