
സംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന ടെലിവിഷൻ അവാർഡ് ദാന ചടങ്ങിൽ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറി സാധാരണ പങ്കെടുക്കുന്ന പതിവില്ല. സാംസ്കാരിക വകുപ്പ് സെക്രട്ടറിയോ ഡയറക്ടറോ ആയിരിക്കും മുഖ്യസംഘാടകരാവുന്നത്. എന്നാൽ ഇന്നലെ തിരുവനന്തപുരത്ത് നടന്ന 2023ലെ സംസ്ഥാന ടെലിവിഷൻ പുരസ്കാരദാന ചടങ്ങിൽ സംഘാടകയോ അതിഥിയോ അല്ലാതെ ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവും അപ്രതീക്ഷിതമായി എത്തി. കാണികളായി പരിപാടി വീക്ഷിക്കാത്തിയ ഇരുവരും സദസിൽ മറ്റുള്ളവർക്കൊപ്പം മുൻ നിരയിലെ ഇരിപ്പിടത്തിൽ സ്ഥാനംപിടിച്ചു.
ചീഫ് സെക്രട്ടറി ശാദര മുരളീധരനും ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവും പങ്കെടുത്ത അഭിമുഖത്തിന് പ്രത്യേക സംസ്ഥാന ടെലിവിഷൻ പുരസ്കാരത്തിൽ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി കെ.അരുൺകുമാർ നടത്തിയ പ്രത്യേക അഭിമുഖത്തിനായിരുന്നു ഈ പുരസ്കാരം. അരുൺകുമാർ അവാർഡ് ഏറ്റുവാങ്ങുന്നത് കാണാനാണ് ഔദ്യോഗിക തിരക്കുകളെല്ലാം മാറ്റിവെച്ച് ചീഫ് സെക്രട്ടറി, ഭർത്താവിനൊപ്പം കാണികളിലൊരാളായി എത്തിയത്. പരിപാടി തുടങ്ങിയപ്പോൾ സ്വാഗത പ്രാസംഗികനായ ചലച്ചിത്ര അക്കാദമി ചെയർമാർ പ്രേംകുമാർ ചീഫ് സെക്രട്ടറിയെ കണ്ടു. അദ്ദേഹം പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. പിന്നീട് വേദിയിലെത്തിയ പുരസ്കാര ദാതാവ് കൂടിയായ മന്ത്രി സജി ചെറിയാൻ ചീഫ് സെക്രട്ടറിയെ വേദിയിലേക്ക് ക്ഷണിച്ച് ഇരുത്തുകയും ചെയ്തു.
ചടങ്ങ് പുരോഗമിക്കവെ പുരസ്കാരം സമ്മാനിക്കാനായി കെ. അരുൺ കുമാറിനെ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ പുരസ്കാരാർഹമായ അഭിമുഖത്തിൽ നിന്നുള്ള തങ്ങളുടെ ദൃശ്യങ്ങൾ സ്ക്രീനിൽ തെളിഞ്ഞത് ചിരി പടർത്തി. അവാർഡ് സമ്മാനിക്കാൻ മന്ത്രി സജി ചെറിയാൻ ചീഫ് സെക്രട്ടറിയെ കൂടി ക്ഷണിക്കുകയും ചെയ്തു. മന്ത്രിയും ചീഫ് സെക്രട്ടറിയും ചേർന്നാണ് പ്രത്യേക പരാമർശത്തിനുള്ള പ്രശംസിപത്രിയും ശിൽപവും അടങ്ങുന്ന പുരസ്കാരം അരുൺകുമാറിന് കൈമാറിയത്. ചടങ്ങിന് ആശംസ അറിയിക്കാനും ചീഫ് സെക്രട്ടറിയെ ക്ഷണിച്ചു. രണ്ട് വാക്കിൽ എല്ലാവർക്കും അഭിനന്ദനം ചേർന്ന് പിൻവാങ്ങി.
ഉദ്യോഗസ്ഥ മേധാവിത്വം ഒട്ടുമില്ലാതെ സാധാരണക്കാരായി ജീവിക്കുന്ന ഉദ്യോഗസ്ഥ ദമ്പതികളെക്കുറിച്ച് 2023ലെ ഓണക്കാലത്ത് തയ്യാറാക്കിയതാണ് പുരസ്കാരാർഹമായ ‘കഥ പറയും കാട്, ഒരു സിവിൽ സർവീസ് യാത്ര’ എന്ന അഭിമുഖ പരിപാടി. തിരുവനന്തപുരം പാലോടിന് സമീപമുള്ള വാഴ്വന്തോൾ വനമേഖലയിൽ വെച്ച് അഭിമുഖം ചിത്രീകരിക്കുമ്പോൾ ഡോ. വി വേണു സംസ്ഥാന ചീഫ് സെക്രട്ടറിപദം ഏറ്റെടുത്തിട്ട് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. അന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായിരുന്നു ശാരദ മുരളീധരൻ. ജോലിത്തിരിക്കുകളെക്കുറിച്ചും എടുക്കാനാവാതെ പോകുന്ന അവധികളെക്കുറിച്ചും മാറ്റവെയ്ക്കപ്പെട്ട യാത്രകളെക്കുറിച്ചുമൊക്കെ ഇരുവരും മനസ് തുറന്ന് സംസാരിക്കുന്ന ഈ അഭിമുഖം സംസ്ഥാന ടെലിവിഷൻ പുരസ്കാരത്തിനും അർഹമായി.
പ്രത്യേക ജൂറി പരാമർശം നേടിയ അഭിമുഖം ഇവിടെ കാണാം…
കഥ പറയും കാട്
സംസ്ഥാനത്തെ സിവിൽ സർവീസ് ചരിത്രത്തിൽ ഏറെ അപൂർവതകൾ നിറഞ്ഞതാണ് ശാരദ മുരളീധരന്റെയും ഡോ വി വേണുവിന്റെയും കരിയർ. 2024 ഓഗസ്റ്റ് 31ന് ഭർത്താവ് ചീഫ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോൾ ഭാര്യ അതേ സ്ഥാനം ഏറ്റെടുത്തത് കേരളത്തിലെ ചരിത്ര നിമിഷമായിരുന്നു. നീണ്ട സിവിൽ സർവീസ് കരിയറിൽ ഉടനീളം ഉന്നത സർക്കാർ പദവികൾ വഹിക്കുമ്പോഴും ഏറ്റവുമൊടുവിൽ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥന്റെ കസേരയിൽ ഇരിക്കുമ്പോഴും സാധാരണക്കാരെ പോലെ ഇടപെടുകയും സംസാരിക്കുകയും അവരിൽ ഒരാളായി മാറുകയും ചെയ്യുന്നതാണ് ഈ ദമ്പതികളെ വ്യത്യസ്തരാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]