
വാഷിംഗ്ടൺ: യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയോട് രൂക്ഷമായി കയർത്ത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും. ഇന്നലെ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. റഷ്യയുമായുള്ള യുദ്ധത്തിന്റെ പേരിൽ ട്രംപും സെലെൻസ്കിയും പരസ്പരം രോഷാകുലരായി.
യുദ്ധം നയതന്ത്റത്തിലൂടെ അവസാനിപ്പിക്കണമെന്ന് വാൻസ് സെലെൻസ്കിയോട് പറഞ്ഞതോടെയാണ് ചർച്ച രോഷകുലമായ അന്തരീക്ഷത്തിലേക്ക് കടന്നത്. എന്ത് നയതന്ത്റമെന്നായിരുന്നു സെലെൻസ്കിയുടെ മറുപടി. പിന്നാലെ സെലെൻസ്കി അനാദരവ് കാട്ടുന്നെന്ന് വാൻസ് കുറ്റപ്പെടുത്തി. മൂന്ന് വർഷത്തെ അമേരിക്കൻ പിന്തുണയ്ക്ക് സെലെൻസ്കി നന്ദി കാട്ടുന്നില്ലെന്നായി ട്രംപും വാൻസും.
‘സെലെൻസ്കി ഒന്നുകിൽ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന് തയ്യാറാകണം. അല്ലെങ്കിൽ തങ്ങൾ തങ്ങളുടെ വഴിക്ക് പോകും. സെലെൻസ്കി മൂന്നാം ലോകമഹായുദ്ധം വച്ച് ചൂതാട്ടം നടത്തുകയാണ്. അമേരിക്കയോട് നന്ദി വേണം. റഷ്യയുമായി സമാധാന കരാറിലെത്താൻ യുക്രെയിൻ വിട്ടുവീഴ്ച ചെയ്യണം.” ട്രംപ് കുറ്റപ്പെടുത്തി.
ട്രംപിന്റെ റഷ്യൻ ചായ്വിനെതിരെ സെലെൻസ്കിയും തുറന്നടിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നാണ് സെലെൻസ്കിയുടെ നിലപാട്. കുപിതനായ സെലെൻസ്കി വൈറ്റ് ഹൗസ് വിട്ടതോടെ ഇരുവരുടെയും സംയുക്ത വാർത്താ സമ്മേളനവും റദ്ദാക്കി. സെലെൻസ്കി അമേരിക്കയെ വൈറ്റ് ഹൗസിൽ വച്ച് അനാദരിച്ചെന്ന് ട്രംപ് സോഷ്യൽ മീഡിയയിലും കുറിച്ചു. സമാധാനത്തിന് തയ്യാറെങ്കിൽ സെലെൻസ്കിയ്ക്ക് മടങ്ങിവരാമെന്നും കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
യുക്രെയിനിലെ അപൂർവ്വ ധാതു സമ്പത്ത് യു.എസുമായി പങ്കിടുന്ന കരാർ സംബന്ധിച്ച ചർച്ചയ്ക്കാണ് സെലെൻസ്കി യു.എസിലെത്തിയത്. യുദ്ധത്തിനിടെ തങ്ങൾ നൽകിയ സാമ്പത്തിക, സൈനിക സഹായത്തിന് പ്രതിഫലമായി ധാതു ശേഖരത്തിലെ പങ്ക് യു.എസ് ആവശ്യപ്പെടുകയായിരുന്നു. ട്രംപ് മുന്നോട്ടുവച്ച കരാറിനെ സെലെൻസ്കി ആദ്യം എതിർത്തിരുന്നു. ഇത് ട്രംപിന്റെ രൂക്ഷ വിമർശനത്തിനും ഇടയാക്കി. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായി യു.എസ് ചർച്ച തുടങ്ങിയിരുന്നു.