
12:14 PM IST:
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് ആണെന്ന് സച്ചിൻ പൈലറ്റ്. മറ്റ് രാഷ്ട്രീയ പാർട്ടികൾ മണ്ഡലത്തിന്റ കാര്യത്തിൽ അഭിപ്രായം പറയേണ്ടതില്ല. എല്ലാ കാലത്തും രാഹുൽ ഗാന്ധി ബിജെപിക്ക് എതിരെ നിലപാട് സ്വീകരിക്കുന്നയാളാണ്. ബിജെപി വിരുദ്ധ പോരാട്ടമാണ് രാഹുലിന്റെ നയം. ഇന്ത്യ മുന്നണി തെരഞ്ഞെടുരപ്പിന് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
12:13 PM IST:
ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലുകൾ രാഷ്ട്രപതിതടഞ്ഞതോടെ വിസിനിർണയ നടപടികളുമായി രാജ്ഭവൻ മുന്നോട്ട്. സെര്‍ച്ച് കമ്മിറ്റിയിലേക്ക് നോമിനികളെ നൽകാൻ മുഴുവൻ വിസിമാരോടും വീണ്ടും ആവശ്യപ്പെടും. അതേസമയം, രാഷ്ട്രപതിയുടെ തീരുമാനത്തിന്റെ നിയമവശങ്ങൾ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
11:45 AM IST:
ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നലെ രാത്രി ദില്ലിയിൽ ചേർന്നിരുന്നു. പുലർച്ചെ വരെ നീണ്ട യോഗത്തിൽ നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ് സിംഗ്, പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവർ പങ്കെടുത്തു. 160 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, സംഘടനാ ചുമതലയുള്ളവരും യോഗത്തിന് മുമ്പായി ബിജെപി ആസ്ഥാനത്തെത്തി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി. കെ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവരും കേന്ദ്ര നേതാക്കളെ കണ്ടു.
11:44 AM IST:
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിന് കാരണമായ റാഗിംങിലുണ്ടായ ആറു വിദ്യാർത്ഥികളെ കൂടി സസ്പെൻഡ് ചെയ്തു. 12 വിദ്യാർത്ഥികളെ കഴിഞ്ഞ മാസം 22ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ പ്രതിച്ചേർത്ത 18 പേരെയും സസ്പെൻറ് ചെയ്തു. ബിൽഗേറ്റ് ജോഷ്വാ, അഭിഷേക്.എസ്,(കോളേജ് യൂണിയൻ സെക്രട്ടറി ), ആകാശ് .ഡി,ഡോൺസ് ഡായി, രഹൻ ബിനോയ്, ശ്രീഹരി ആർ ഡി എന്നിവരെയാണ് ഒടുവിൽ സസ്പെൻഡ് ചെയ്തത്.
11:44 AM IST:
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തിയതോടെ ഓവർഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരകയറി. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഇത്തവണ വൈകില്ല. 2736 കോടി നികുതി വിഹിതവും ഐ.ജി.എസ്.ടി വിഹിതവും കേന്ദ്രത്തിൽ നിന്നും ലഭിച്ചു. കേന്ദ്രം കേരളത്തിന് അവകാശപ്പെട്ട പണം നൽകാതെ തടഞ്ഞുവെച്ചതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധി കൂടിയതെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു. പണം ലഭിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി.
11:43 AM IST:
ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന കാര്യം പരിഗണിച്ച് ബിജെപി നേതൃത്വം. ദക്ഷിണേന്ത്യയില്‍ കൂടി നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. നരേന്ദ്ര മോദിയുടെ രണ്ടാമത്തെ മണ്ഡലമായി തമിഴ്നാട്ടിലെ രാമനാഥപുരം മണ്ഡലമാണ് പരിഗണിക്കുന്നത്. രാമേശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ലയാണ് രാമനാഥപുരം. അയോധ്യ ക്ഷേത്ര ഉദ്ഘാടനത്തിന് മുമ്പ് മോദി രാമേശ്വരം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.