
ദില്ലി: തമിഴ്നാട് തൂത്തുക്കുടിയിലെ വേദാന്തയുടെ ചെമ്പ് സംസ്ക്കരണ യൂണിറ്റ് തുറക്കാന്‍ അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഫാക്ടറി അടച്ചൂപൂട്ടാനുള്ള മദ്രാസ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള വേദാന്തയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. വ്യാഴാഴ്ചയാണ് സുപ്രീം കോടതി വേദാന്തയുടെ ഹർജി തള്ളിയത്. 2018 മെയ് മാസത്തിലാണ് തമിഴ്നാട് സർക്കാർ വേദാന്തയുടെ ചെമ്പ് സംസ്ക്കരണ യൂണിറ്റ് സ്ഥിരമായി അടച്ചിടാൻ ഉത്തരവിട്ടത്. മലിനീകരണത്തിന് ഇടയാക്കുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു. അറ്റകുറ്റ പണികളുടെ ഭാഗമായി ഭാഗികമായി 2018 മാർച്ചിൽ കമ്പനി പ്രവർത്തനം നിർത്തിയിരുന്നു.
സ്റ്റെർലൈറ്റ് പ്ലാന്റിൽ നിന്ന് ഉയരുന്ന വിഷപ്പുക അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നടന്ന ജനകീയ പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ 13 പേരാണ് തൂത്തുക്കുടിയിൽ കൊല്ലപ്പെട്ടത്. നേരത്തെ ചെമ്പുശുദ്ധീകരണ ശാല ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന സർക്കാർ വാദം കോടതി അംഗീകരിച്ച് വേദാന്ത ഗ്രൂപ്പിന്റെ ഹർജി 2020ൽ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് കമ്പനി സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി ബി പർഡിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരുടെ ബെഞ്ചാണ് വേദാന്തയുടെ ഹർജി തള്ളിയത്.
സ്റ്റെര്‍ലൈറ്റ് അടക്കം ഒന്‍പത് സബ്‍സിഡയറികളുണ്ട് വേദാന്ത ഗ്രൂപ്പിനുള്ളത്. ലണ്ടനിലാണ് വേദാന്താ ഗ്രൂപ്പിന്റെ ആസ്ഥാനം. 1976 ല്‍ മുംബൈയില്‍ തുടങ്ങിയ കമ്പനിയുടെ സ്ഥാപകന്‍ അനില്‍ അഗര്‍വാളാണ്. ക്രാപ്പ് മെറ്റല്‍ (ലോഹാവശിഷ്ടം) ഡീലറായി തുടങ്ങി, ആഗോള അടിസ്ഥാനത്തില്‍ ഖനനം നടത്തുന്ന ബിസിനസ് ഗ്രൂപ്പായി വളര്‍ന്ന ചരിത്രമാണ് വേദാന്തയ്ക്കുള്ളത്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചെയ്ഞ്ചിലും ലിസ്റ്റ് ചെയ്തിട്ടുളള ബഹുരാഷ്ട്ര സ്ഥാപനമാണ് വേദാന്ത.
Last Updated Mar 1, 2024, 10:03 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]