
കൊച്ചി: യെമനിലേക്ക് പോകാൻ അനുമതി കിട്ടിയതിൽ സന്തോഷമെന്ന് യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. മകളുടെ സ്ഥിതി ആലോചിക്കുമ്പോഴാണ് വിഷമം. കാണാൻ പോകണമെന്ന് ഏറെക്കാലത്തെ പ്രാർത്ഥന ആയിരുന്നു എന്നും പ്രേമകുമാരി പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് അനുമതി കിട്ടുമെന്നാണ് പ്രതീക്ഷ. ദില്ലി ഹൈക്കോടതിയാണ് പ്രേമകുമാരി യെമനിലേക്ക് പോകാൻ അനുമതി നൽകിയത്. ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു പ്രേമകുമാരി.
മകളെ യെമനിൽ പോയി സന്ദര്‍ശിക്കാനുള്ള അനുവാദം തേടി അമ്മ സമര്‍പ്പിച്ച ഹര്‍ജിയിൽ ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു ദില്ലി ഹൈക്കോടതി. ഇതിനായി നടപടികള്‍ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. മകളുടെ ജീവൻ രക്ഷിക്കാൻ പോകാൻ അനുമതി തേടുമ്പോൾ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി ചോദിച്ചു. വാദത്തിനിടെ അനുമതി നൽകുന്നതിനെ വിദേശകാര്യ മന്ത്രാലയം എതിര്‍ത്തിരുന്നു. എന്നാൽ ഇത് കണക്കിലെടുക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടത്.
യമനിലേക്കുള്ള യാത്ര അനുമതി തേടിയാണ് അമ്മ പ്രേമകുമാരി ഹൈക്കോടതിയെ സമീപിച്ചത്. യമനിൽ പ്രേമകുമാരിയെ സഹായിക്കാൻ സന്നദ്ധത അറിയിച്ച തമിഴ്നാട് സ്വദേശി സാമുവേൽ ജെറോമിന്റെ വിവരങ്ങൾ നിമിഷയുടെ അമ്മയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഒപ്പം അമ്മക്കൊപ്പം യാത്ര ചെയ്യാൻ സന്നദ്ധത അറിയിച്ച രണ്ട് മലയാളികളുടെ വിവരങ്ങളും ധരിപ്പിച്ചു. ഇവരോട് വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. ഇത് ലഭിച്ച ശേഷമാണ് കോടതി ഉത്തരവ്.
നേരത്തെ ഇന്ത്യക്കാർക്ക് യമനിലേക്ക് യാത്രാ അനുമതി ഇല്ലെന്ന് നിലപാട് അറിയിച്ച കേന്ദ്രം ഇക്കാര്യം പിന്നീട് കോടതിയിൽ തിരുത്തിയിരുന്നു. വർഷങ്ങളായി യമനിൽ ബിസിനസ് നടത്തുന്ന ഇന്ത്യക്കാർക്ക് യാത്രാനുമതി നൽകാറുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. കോടതിയുടെ കരുണയിലാണ് നിമിഷയുടെ ജീവിതമെന്നായിരുന്നു പ്രേമകുമാരിയുടെ അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ കോടതിയിൽ പറഞ്ഞത്. തുടർന്നാണ് കോടതി അനുമതി നൽകിയത്.
Last Updated Mar 1, 2024, 8:30 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]