
തിരുവനന്തപുരം: കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിലെ വാട്ടർ ടാങ്കിൽ അസ്ഥികൂടം കണ്ടെത്തിയ കേസിൽ വമ്പൻ വഴിത്തിരവ്. ഏഴ് വർഷം മുമ്പ് കാണാതായ തലശേരി സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. തലശേരി സ്വദേശിയുടെ ഡ്രൈവിംഗ് ലൈസൻസ് മൃതദേഹ അവശിഷ്ടത്തിൽ നിന്നും കണ്ടെത്തിയിരുന്നു. കാണാതായ യുവാവിന്റെ അച്ഛൻ തലസ്ഥാനത്തെത്തിയാൽ ഡിഎൻഎ പരിശോധന നടത്തുമെന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ ബാബു കുട്ടൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരമാണ് വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന വാട്ടർ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തുന്നതിനിടെ ജീവനക്കാർ ഒരു കുടയും ബാഗും ടാങ്കിനടുത്ത് യാദൃശ്ചികമായി കണ്ടതാണ്. തുടർന്ന് ടാങ്കിനുള്ളിൽ പരിശോധിച്ചപ്പോഴാണ് അസ്ഥി കഷണങ്ങള്‍ കണ്ടത്. ഫൊറൻസിക് ഉദ്യോഗസ്ഥരും പൊലിസും ഇന്ന് ടാങ്കിലിറങ്ങി പരിശോധിച്ചു. ശരീര അവശിഷ്ടങ്ങള്‍ക്കിടയിൽ നിന്നും തലശേരി സ്വദേശിയായ ഒരു യുവാവിന്റെ 2011 ലെടുത്ത ലൈസൻസ് കണ്ടെത്തി. ഈ വിലാസത്തിൽ കഴക്കൂട്ടം പൊലിസ് അന്വേഷണം നടത്തിയപ്പോഴാണ് കേസിൽ വഴിത്തിരിവുണ്ടായത്.
2017 ന് ശേഷം മകനെ കുറിച്ച് വിവരമൊന്നുമില്ലെന്നാണ് ചെന്നൈയിൽ താമസിക്കുന്ന മാതാപിതാക്കള്‍ പൊലിസിനോട് പറഞ്ഞത്. അച്ഛനോട് തിരുവനന്തപുരത്ത് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് ശേഷം ഡി എൻ എ പരിശോധന നടത്തും. എസ് സി എ ബിരുദധാരിയായ യുവാവ് ഇൻഫോപാർക്കിലും ടെക്നോപാർക്കിലും ജോലി ചെയ്തിട്ടുണ്ട്. അച്ഛനിൽ നിന്നും മകന്റെ ഒരു ബാങ്ക് അക്കൗണ്ടിന്റെ വിവരവും പൊലിസിന് ലഭിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടിന്റെ വിശദാശങ്ങള്‍ക്കായി ഇന്ന് കത്ത് നൽകമെന്നും പൊലിസ് വ്യക്തമാക്കി.
Last Updated Mar 1, 2024, 1:03 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]