ന്യൂഡൽഹി: മൂന്നാംമോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്റാണ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. നിർമലയുടെ തുടർച്ചയായ എട്ടാമത്തെ ബഡ്ജറ്റ് അവതരണമാണ് ഇന്നത്തേത്ത്. ഇതോടെ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കാഡാണ് നിർമല മറികടന്നിരിക്കുന്നത്. കഴിഞ്ഞ ഏഴ് തവണയും ബഡ്ജറ്റ് അവതരിപ്പിക്കാൻ നിർമല ധരിച്ചെത്തിയ സാരികളുടെ പ്രത്യേകതകൾ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സാരികൾക്ക് വിവിധ തരത്തിലുളള പ്രശംസകളും ലഭിച്ചിരുന്നു.
എന്നാൽ ഇത്തവണയും ഏറെ നിർമല സീതാരാമൻ പതിവ് തെറ്റിച്ചിട്ടില്ല. മത്സ്യ തീം എംബ്രോയിഡറിയും ഗോൾഡൻ ബോർഡറും ഉളള ഓഫ് വൈറ്റ് ഹാൻഡ്ലൂം സിൽക്ക് സാരി ധരിച്ചാണ് ബഡ്ജറ്റ് അവതരിപ്പിക്കാനായി മന്ത്രി എത്തിയത്. മധുബനി കലയ്ക്കുളള ആദരസൂചകമായാണ് നിർമല സീതാരാമൻ സാരി തിരഞ്ഞെടുത്തത്. പത്മശ്രീ പുരസ്കാര ജേതാവും ചിത്രകാരിയുമായ ദുലരി ദേവിയാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്.
ബീഹാറിലെ മിഥിലയിൽ നിലനിൽക്കുന്ന ഒരു പരമ്പരാഗത നാടൻ ചിത്രകലയാണ് മധുബനി. നിറങ്ങൾ കൊണ്ടും പ്രതീകാത്മകത രൂപങ്ങൾ കൊണ്ടും അറിയപ്പെടുന്ന കലയാണിത്. പ്രമുഖ ചിത്രകാരിയായ കർപ്പൂര ദേവിയിൽ നിന്നാണ് ദുലരി ദേവി ഈ കലാരീതി തിരഞ്ഞെടുത്തത്. ദുലരിയുടെ ജീവിതം സങ്കീർണതകൾ നിറഞ്ഞതായിരുന്നു. തന്റെ ചിത്രങ്ങളിലൂടെ സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ ശക്തമായ ആശയം പകരാൻ അവർക്ക് സാധിച്ചു. ബാല്യവിവാഹം, എയ്ഡ്സ്, ഭ്രൂണഹത്യ തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കിയാണ് ദുലരി ദേവി ചിത്രങ്ങൾ വരച്ചിട്ടുളളത്. തന്റെ 10,000ൽ അധികം ചിത്രങ്ങൾ 50ൽ അധികം എക്സിബിഷനുകളിൽ അവതരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ ബഡ്ജറ്റ് അവതരിപ്പിക്കാൻ നിർമല സീതാരാമൻ ആന്ധ്രാപ്രദേശിൽ തയ്യാറാക്കിയ മംഗൽഗിരി സാരി ധരിച്ചാണ് എത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ ധനമന്ത്രി ഇടക്കാല ബഡ്ജറ്റ് അവതരിപ്പിച്ചപ്പോൾ ധരിച്ച നീല സാരിയും ശ്രദ്ധേയമായിരുന്നു. അതിൽ പശ്ചിമബംഗാളിലെ പ്രശസ്തമായ കാന്ത സ്റ്റിച്ചും (പശ്ചിമബംഗാളിൽ സജീവമായി കാണുന്ന ഒരു എംബ്രോയിഡറി വർക്ക്) ചേർന്നിട്ടുണ്ട്. ഇത് ഇന്ത്യയുടെ മത്സ്യബന്ധന മേഖലയുടെ സമ്പദ്വ്യവസ്ഥയും ഉയർത്താൻ ലക്ഷ്യമിട്ടുളള സർക്കാരിന്റെ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുളള ശ്രമത്തിന്റെ സൂചനയാണ്.
2023ൽ അവതരിപ്പിച്ച ബഡ്ജറ്റിൽ ചുവന്ന നിറത്തിലുളള സാരിയാണ് നിർമലാ സീതാരാമൻ ധരിച്ചത്. ക്ഷേത്രങ്ങളുടെ ചിത്രങ്ങളുളള ബോർഡറുകളോടുകൂടിയുളള സാരിയായിരുന്നു അത്. കർണാടക ധാർവാഡ് മേഖലയിലെ ഇൽക്കൽ സിൽക്ക് സാരിയിൽ കസൂട്ടി ഡിസൈനുകളും ഉണ്ടായിരുന്നു. ഇത് പൂർണമായും കൈകൊണ്ട് നെയ്തെടുത്തതാണ്.കൂടാതെ സാരിയിൽ രഥത്തിന്റെയും മയിലിന്റെയും താമരയുടെയും ചിത്രങ്ങളും നെയ്ത് ചേർത്തിട്ടുണ്ട്. കർണാടകയിൽ നിന്നും മത്സരിച്ച് ലോക്സഭയിലെത്തിയ നേതാവാണ് നിർമലാ സീതാരാമൻ എന്ന് കാണിക്കുന്നതിന് ഈ സാരി തിരഞ്ഞെടുത്തതെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2022ൽ ബഡ്ജറ്റ് സമ്മേളനത്തിൽ തവിട്ടുനിറത്തിലുളള ബോംകായ് സാരിയാണ് ധനമന്ത്രി ധരിച്ചത്. ഇത് ഒഡീഷയിലെ ഗഞ്ചം ജില്ലയോടുളള ആദരവായിരുന്നു. 2021ലെ സമ്മേളനത്തിൽ ഹൈദരാബാദിലെ പോച്ചമ്പളളി ഗ്രാമത്തിൽ നിന്നുളള ഓഫ് വൈറ്റ് സാരിയാണ് മന്ത്രി ധരിച്ചത്. 2020ൽ മഞ്ഞ നിറത്തിലുളള സാരിയും ബ്ലൗസും ധരിച്ചാണ് നിർമലാ സീതാരാമൻ ബഡ്ജറ്റ് സമ്മേളനത്തിനായി എത്തിയത്. ഇത് രാജ്യത്തിന്റെ സമ്പന്നതയെയാണ് സൂചിപ്പിക്കുന്നത്. 2019ൽ ഗോൾഡൻ ബോർഡറുകളുളള പിങ്ക് മംഗൽഗിരി സാരി ധരിച്ചാണ് നിർമലാ സീതാരാമൻ എത്തിയത്. ഇത് ഐശ്വര്യത്തിന്റെ പ്രതീകമായാണ് കാണുന്നത്.