തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 120 രൂപ വർദ്ധിച്ച് 61,960 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,745 രൂപയും ഒരു ഗ്രാം 24കാരറ്റ് സ്വർണത്തിന് 8,449 രൂപയുമായി. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണനിരക്കാണിത്. കഴിഞ്ഞ ദിവസവും സ്വർണവിലയിൽ റെക്കാഡ് വർദ്ധനവാണ് ഉണ്ടായത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 960 രൂപ കൂടി 61,840 രൂപയായിരുന്നു. ഈ വർഷം ആദ്യമായാണ് സ്വർണവില 61,000 കടക്കുന്നത്.
ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ മാർച്ചിന് മുൻപ് പവൻ വില 65,000 കടന്നേക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാപാര തീരുവ യുദ്ധം ശക്തമാക്കിയതോടെ ഫണ്ടുകൾ സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് വ്യാപാരികൾ പണമൊഴുക്കിയതാണ് വിലക്കുതിപ്പിന് കാരണം. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,800 ഡോളർ വരെ ഉയർന്നു. ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും സ്വർണ വില ഉയർത്തി. 24 കാരറ്റ് സ്വർണ കട്ടിക്ക് വില 84.5 ലക്ഷം രൂപയാണ്.
ഡൊണാൾഡ് ട്രംപ് കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലെ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 25 ശതമാനം ഇറക്കുമതി തീരുവ ഇന്ന് പ്രാബല്യത്തിലാകും. ട്രംപിന്റെ വ്യാപാര നയങ്ങൾ ആഗോള സാമ്പത്തിക മേഖലയിൽ വലിയ അനുരണനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. അതുപോലെ മൂന്നാം മോദി സർക്കാരിന്റെ ആദ്യ കേന്ദ്ര ബഡ്ജറ്റിൽ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുമെന്ന ആശങ്കയും വില കൂടാൻ കാരണമായിട്ടുണ്ട്.
ഇന്നത്തെ വെളളിവില
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സംസ്ഥാനത്തെ വെളളിവിലയിൽ ഇന്ന് മാറ്റമുണ്ടായിട്ടില്ല. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 107 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 107,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.