
അബുദാബി: അബുദാബി ബാപ്സ് ഹിന്ദുമന്ദിറിന്റെ അവസാന ഘട്ട മിനുക്കുപണികള്‍ പുരോഗമിക്കുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിര്‍, ഈ മാസം 14ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔപചാരികമായി ഉദ്ഘാടനം ചെയ്യുമെന്ന് ബാപ്സ് ഹിന്ദു മന്ദിര്‍ മേധാവി പൂജ്യ സ്വാമി ബ്രഹ്മ വിഹാരിദാസ് പറഞ്ഞു. ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ സഹിഷ്ണുതാപരമായ കാഴ്ചപ്പാടുകളാണ് ക്ഷേത്ര നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടന ചടങ്ങില്‍ യുഎഇ ഭരണാധികാരികള്‍ ഉള്‍പ്പെടെ അറബ് പ്രമുഖകരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും.
Read Also –
ഓരോ എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റന്‍ ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നല്കിയ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചത്. 2018ലാണ് ക്ഷേത്ര നിര്‍മാണത്തിന് ശിലയിട്ടത്. 2019 ഡിസംബറിലാണ് ബാപ്സ് ഹിന്ദു മന്ദിറിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 32 മീറ്റര്‍ ആണ് ക്ഷേത്രത്തിന്റെ ഉയരം. ശിലാരൂപങ്ങൾ കൊണ്ട് നിർമിച്ച 96 തൂണുകളാണ് ക്ഷേത്രത്തിനകത്തുള്ളത്. ഇന്ത്യയിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളുമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. പിങ്ക് മണല്‍ക്കല്ലുകള്‍ 1000 വര്‍ഷത്തിലേറെക്കാലം ഈടു നില്‍ക്കുമെന്നാണ് വിലയിരുത്തുന്നത്. ഭൂകമ്പങ്ങളിൽ നിന്നു പോലും സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ രൂപകൽപന. പുരാതന ഹൈന്ദവ ക്ഷേത്രങ്ങളുടെ മാതൃകകള്‍ ഉള്‍ക്കൊണ്ടുള്ള ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് ഹൈന്ദവ പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും കഥകള്‍ കൊത്തിയ കല്ലുകളാണ് ഉപയോഗിച്ചത്.
ലോകമെമ്പാടുമുള്ള ഐക്യത്തിന്റെയും ശാന്തിയുടെയും ഒരുമയുടേയും സ്നേഹത്തിന്റെയും പ്രതീകമാണ് ക്ഷേത്രമെന്ന് സ്വാമി ബ്രഹ്മവിഹാരി പറഞ്ഞു. ആത്മീയവും സാംസ്കാരികവുമായ ആശയവിനിമയങ്ങള്‍ക്കുള്ള ആഗോള വേദി, സന്ദര്‍ശക കേന്ദ്രം, പ്രദര്‍ശന ഹാളുകള്‍, പഠന മേഖലകള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള കായിക കേന്ദ്രങ്ങള്‍, ഉദ്യാനങ്ങള്‍, ജലാശയങ്ങള്‍, ഭക്ഷണശാലകള്‍, ഗ്രന്ഥശാല എന്നിവയും ക്ഷേത്രത്തോട് അനുബന്ധിച്ച് നിർമിക്കുന്നുണ്ട്. മഹാഭാരതം, രാമായണം തുടങ്ങിയ പുരാണങ്ങളിലെ കഥാപാത്രങ്ങൾക്കൊപ്പം ബുർജ് ഖലീഫ, അബൂദബിയിലെ ശൈഖ് സായിദ് മോസ്ക് ഉൾപ്പെടെയുള്ള യുഎഇയിലെ പ്രമുഖ നിർമിതികളുടെ രൂപങ്ങളും വെണ്ണക്കല്ലിൽ കൊത്തിയിട്ടുണ്ട്. ഫെബ്രുവരി 18 മുതൽ പൊതു ജനങ്ങൾക്ക് ക്ഷേത്ര സന്ദർശനം അനുവദിക്കുമെങ്കിലും മാർച്ച് ഒന്നുമുതലാണ് പൂർണമായ തോതിൽ സന്ദർശനം അനുവദിക്കുക.
Last Updated Feb 1, 2024, 2:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]