
ഇടുക്കി: വണ്ടിപ്പെരിയാർ കേസിൽ സിപിഎമ്മിനെതിരെ ബോധപൂർവം പ്രചരണം നടത്തുന്നുവെന്ന് വിമര്‍ശിച്ച് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കുടുംബത്തെ പാര്‍ട്ടി സഹായിക്കുമെന്നും കേസിൽ അപ്പീൽ ഹര്‍ജി വാദിക്കാൻ പ്രഗത്ഭനായ വക്കീലിനെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആറു വയസ്സുകാരിയുടെ കുടുംബത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിൽ പ്രതിയായ അര്ജുൻ ഡിവൈഎഫ്ഐയിൽ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛനും സിപിഎം പ്രവര്‍ത്തകനായിരുന്നു. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാൻ അനുവദിച്ച സർക്കാരാണ് കേരളത്തിലുള്ളത്. പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. മൂന്ന് വര്‍ഷം കൊണ്ട് വിധിയും വന്നു. എന്നാൽ അപ്രതീക്ഷിതമായ വിധിയാണ് വന്നത്. അത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
കേസിന്റെ നിയമ വശത്തിലേക്ക് കടക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം അത് അവസാന വിധിയല്ലെന്നും ഓര്‍മ്മിപ്പിച്ചു. ഇതിനും മുകളിൽ കോടതികളുണ്ട്. കേസിൽ അപ്പീൽ നൽകാൻ സർക്കാർ തീരുമാനിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനും സിപിഎമ്മിനും ഒന്നും മറച്ചുവെക്കാനില്ല. പെൺകുട്ടിക്കും കുടുംബത്തിനും വേണ്ടി കേസിൽ പ്രഗത്ഭനായ അഭിഭാഷകനെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിച്ച് അപ്പീൽ തുടരും. തെറ്റായ നിലപാട് സ്വീകരിക്കുന്ന ഒരാളെയും പാർട്ടിയിൽ തുടരാൻ അനുവദിക്കില്ല. പാർട്ടി ശരിയായ നിലപാട് സ്വീകരിച്ചു മുന്നോട്ട് പോയിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബത്തെ ഇനി അങ്ങോട്ടും സഹായിക്കും. അത് പാർട്ടിയുടെ ബാധ്യതയാണ്. എന്നിട്ടും പാർട്ടിയെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമം മിഥ്യാ ധാരണയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Last Updated Jan 31, 2024, 6:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]