പുൽപള്ളി ∙ പരാധീനതകളുടെ നടുവിലും ലഹരിയോടു മുഖംതിരിച്ച് ചെണ്ടമേളത്തിൽ ഹരം തേടുന്ന ഗോത്രയുവാക്കൾക്ക് സഹായവുമായി മേഖലയിലെ ഉദ്യോഗസ്ഥ കൂട്ടായ്മ. പാളകൊല്ലി ഊരിൽ മരത്തടിയിലും കല്ലിലും താളമിട്ട് മേളം അഭ്യസിക്കുന്ന പ്രദേശത്തെ യുവാക്കളുടെ ആവശ്യം പരിഗണിച്ച് ഉദ്യോഗസ്ഥ കൂട്ടായ്മ 2 ചെണ്ട
വാങ്ങിനൽകി. മനോരമ വാർത്ത ശ്രദ്ധയിൽ പെട്ട കൂട്ടായ്മ അംഗങ്ങൾ ഇവരുടെ പരിശീലനം നേരിൽ കണ്ടാണ് അവർക്ക് സഹായമെത്തിച്ചത്. പഞ്ചായത്തിലെ വീട്ടിമൂല, ചാത്തമംഗലം, ആനപ്പാറ ഊരുകളിലെ മുപ്പതോളം ഗോത്രയുവാക്കളാണ് ദിവസവും 5 കിലോമീറ്ററകലെയുള്ള പാളക്കൊല്ലി ഊരിലെത്തി ചെണ്ടപരിശീലനം നടത്തിവരുന്നത്.
കൊടും തണുപ്പിലും സന്ധ്യയോടെ ഒത്തുകൂടുന്ന ഇവർ പരിശീലനത്തിനുശേഷവും നടന്നാണ് വീടുകളിലെത്തുന്നത്.
ഈ പ്രായത്തിലുള്ള മറ്റുയുവാക്കൾ ലഹരിയുടെയും മറ്റും വഴിയെപോകുമ്പോഴാണ് പ്രഫഷനൽ ചെണ്ട ടീമായി വളരാൻ ഈ യുവാക്കൾ ശ്രമിക്കുന്നത്.
വനത്തിൽ നിന്നുവെട്ടിയെടുത്ത കാട്ടുനാരകത്തിന്റെ കമ്പുകൾ ചെത്തിമിനുക്കി ചെണ്ടക്കോലായും മുട്ടിത്തടികൾ മുറിച്ച് ചെണ്ടയായും ഉപയോഗിച്ചാണ് പരിശീലനം. സ്വന്തമായി ചെണ്ടയില്ലാത്തതിനാൽ കൽപറ്റയിൽ നിന്നാണ് ചിലപ്പോൾ വാടകയ്ക്കെടുക്കുന്നത്. ഞായറാഴ്ച സീതാദേവിക്ഷേത്ര ഉത്സവ താലപ്രദക്ഷിണത്തിൽ അരങ്ങേറ്റം നടത്താനുള്ള തീവ്ര പരിശീലനത്തിലാണിവർ.ഉദ്യോഗസ്ഥ കൂട്ടായ്മ നൽകിയ ചെണ്ടകൾക്കു പുറമെ ടീമിലെ എല്ലാവർക്കും ചെണ്ട
വേണമെന്നതാണ് ഇവരെ അലട്ടുന്ന പ്രശ്നം.
തങ്ങളുടെ അവസ്ഥ മനസിലാക്കി ഇനിയും ആളുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണവർ. എക്സൈസും പൊലീസും ഇവരുടെ ശ്രമങ്ങൾക്ക് പ്രോത്സാഹനം നൽകുമെന്ന് അറിയിച്ചിരുന്നു.
വീട്ടിമൂല കൈരളി ക്ലബിൽ നടന്ന ചടങ്ങിൽ ഉദ്യോഗസ്ഥ കൂട്ടായ്മാ ഭാരവാഹികൾ ചെണ്ട കൈമാറി.
ടി.ആർ.ബിനിൽകുമാർ, എം.വി.സതീഷ്, എ.സി.രാജീവ്, പി.എൻ.വിനോദ്, സി.യു.പ്രവീൺകുമാർ, പ്രസാദ് പാലമൂല, ലൈബ്രേറിയൻ കെ.എസ്. മഹേശൻ, ചെണ്ടസംഘത്തിലെ വിഷ്ണു, ബാലൻ,വാസു എന്നിവർപങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

