കൽപറ്റ ∙ ചുരംയാത്രയിലെ അനിശ്ചിതത്വത്തിന് എന്നു പൂർണ പരിഹാരമാകുമെന്ന് വയനാട്ടുകാർ ചോദിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. തുരങ്കപ്പാത വയനാട്ടിലേക്കുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്നുറപ്പാണെങ്കിലും ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകില്ലെന്നാണു ബദൽപാതകളുടെ യാഥാർഥ്യത്തിനായി പരിശ്രമിക്കുന്നവരുടെ അഭിപ്രായം. തുരങ്കപ്പാതയുടെ പൂർത്തീകരണത്തിനൊപ്പം ചുരത്തിന് ബദൽപാത കൂടി യാഥാർഥ്യമാക്കിയാലേ ചുരം യാത്ര സുഗമമാവുകയുള്ളു.
താരതമ്യേന ചെലവും സങ്കീർണതകളും കുറഞ്ഞതും വേഗത്തിൽ പൂർത്തിയാക്കാനാകുന്ന ബദൽ പാതകൾ വേഗത്തിൽ യാഥാർഥ്യമാക്കണമെന്നാണു ആവശ്യമുയരുന്നത്. താമരശ്ശേരി ചുരത്തിന്റെ ബദൽപാത ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ ബൈപാസ് മാത്രമാണ്.
ഇതോടൊപ്പം മറ്റു പാതകൾ കൂടി യാഥാർഥ്യമാക്കാൻ അധികൃതർ തയാറാകണമെന്നാണു വയനാട്ടുകാർ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. ചുരത്തിൽ അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്കിനെ കുറിച്ചും വയനാട്ടുകാരുടെ ചുരംയാത്രാദുരിതത്തിന് എന്തൊക്കെ ചെയ്യാനാകുമെന്നതിനെ കുറിച്ചും വിവിധ മേഖലകളിൽ നിന്നുള്ളവർ പ്രതികരിക്കുന്നു.
പൂഴിത്തോട് റോഡ് യാഥാർഥ്യമാക്കണം
പടിഞ്ഞാറത്തറ∙ പൂഴിത്തോട് റോഡ് യാഥാർഥ്യമാക്കാൻ അടിയന്തര നടപടി വേണമെന്ന് പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഗതാഗത സൗകര്യത്തിനൊപ്പം നാടിന്റെ വികസനത്തിനും ഈ റോഡ് അനിവാര്യമാണ്. നിലവിലെ സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ അപകട
ഭീഷണി നിലനിൽക്കുന്നതിനാൽ ജില്ലയ്ക്കു നിന്ന് പുറത്തേക്കുള്ള യാത്ര ഏറെ പ്രതിസന്ധിയിലാണ്.
കോഴിക്കോട്, പേരാമ്പ്ര, പൂഴിത്തോട്, പടിഞ്ഞാറത്തറ, കൽപറ്റ പ്രദേശങ്ങളെയും അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട് ഭാഗങ്ങളിലേക്കും എളുപ്പത്തിൽ എത്താനുള്ള മാർഗമാണ് ഇത്. 70% പൂർത്തിയായ റോഡിന്റെ ബാക്കി വരുന്ന ഭാഗത്തെ നിർമാണം വനം വകുപ്പിന്റെ എതിർപ്പ് കാരണം മുടങ്ങി. വനം വകുപ്പിന്റെ അനുമതി ലഭിച്ചാൽ അടുത്ത 2 വർഷത്തിനകം റോഡ് നിർമാണം പൂർത്തിയാകും.
സാധ്യത പഠനങ്ങൾ പൂർത്തീകരിച്ചെങ്കിലും തുടർ നടപടികൾ മുടങ്ങി.
താമരശ്ശേരി ചുരം വഴിയുള്ള യാത്ര അപകട സാധ്യത ആയതിനാൽ ബദൽ മാർഗം അത്യാവശ്യമാണ്.
1.5 കോടി രൂപ ചെലവഴിച്ച് നടത്തുന്ന സാധ്യത പഠനം ഉടനെ പൂർത്തിയാക്കണം. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ, പൊതുമരാമത്ത് വകുപ്പ്, വനം വകുപ്പ് എന്നിവയുടെ സഹകരണത്തോടെ റോഡ് യാഥാർഥ്യമാക്കാനുള്ള നടപടി വേണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
പഞ്ചായത്തംഗം ബഷീർ ഈന്തൻ പ്രമേയം അവതരിപ്പിച്ചു. റഷീദ് വാഴയിൽ പിന്താങ്ങി.
പ്രസിഡന്റ് പി. ബാലന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐകകണ്ഠ്യേന പ്രമേയം പാസാക്കി.
സ്ഥിരം സമിതി അധ്യക്ഷൻ പി.എ. ജോസ്, കെ.കെ.
അനീഷ്, യു.എസ്. സജി, ബിന്ദു ബാബു, ബുഷ്റ അഷ്റഫ്, സതി വിജയൻ, സാജിദ നൗഷാദ്, രജിത ഷാജി, പി.
നിഷമോൾ, റഷീന ഐക്കാരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പ്രമേയം കേന്ദ്ര–സംസ്ഥാന വകുപ്പുകൾ, മുഖ്യമന്ത്രി, എംഎൽഎ, പൊതുമരാമത്ത്, വനം വകുപ്പ്, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എന്നിവിടങ്ങളിൽ സമർപ്പിക്കാനും യോഗം തീരുമാനിച്ചു.
കൽപറ്റ ∙ വയനാട് ചുരത്തിലൂടെയുള്ളത് ഏതു നിമിഷവും വഴി മുടങ്ങിയേക്കാവുന്ന യാത്രയായി മാറിയിരിക്കുന്നു.
ചുരം യാത്രാദുരിതങ്ങൾക്കും അപകടങ്ങൾക്കും ശാശ്വത പരിഹാരം കണ്ടെത്താൻ മലയാള മനോരമ ഒരുക്കുന്ന സംവാദം ‘കണക്ട് വയനാട് ടേബിൾ ടോക്ക്’ നാളെ രാവിലെ 11ന് കൽപറ്റ ഹോട്ടൽ ഹോളിഡേയ്സിൽ നടക്കും. ചുരത്തിന്റെ അവസ്ഥയും പരിഹാരമാർഗങ്ങളും ചർച്ച ചെയ്യുന്ന സംവാദ വേദിയാകും ‘കണക്ട് വയനാട് ടേബിൾ ടോക്ക്’.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]