
ബത്തേരി∙ തൊഴുത്തു തകർത്തും വീടിനും വീട്ടുകാർക്കും നേരെ പാഞ്ഞടുത്തും തെങ്ങുകൾ പിഴുതെറിഞ്ഞും ഇരുട്ടിന്റെ മറവിൽ കാട്ടാനയുടെ പരാക്രമം. വീടിനുള്ളിലേക്ക് ഓടിക്കയറിയും വീടിനു മുകളിൽ കയറിയുമാണ് കാട്ടാനയുടെ മുൻപിൽ പെട്ടവർ രക്ഷപ്പെട്ടത്.ചെതലയം പടിപ്പുര ചൂരിക്കുനി ഭാഗത്ത് ഇന്നലെ പുലർച്ചെ 2നാണ് നാടിനെ വിറപ്പിച്ച് കാട്ടുകൊമ്പൻ എത്തിയത്.
ആർആർടി സംഘവും വനപാലകരുമെത്തി പുലർച്ചെ മൂന്നോടെയാണ് ആനയെ തുരത്തിയത്.
പടിപ്പുര ചൂരിക്കുനി ലക്ഷ്മിയുടെ വീടിനോടു ചേർന്ന തൊഴുത്താണ് കാട്ടാന ആദ്യം തകർത്തത്. തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെയും ആക്രമിക്കാൻ ശ്രമിച്ചു.പശുവിന്റെ കരച്ചിലും തൊഴുത്തു തകരുന്നതിന്റെ ശബ്ദവും കേട്ട് സമീപത്തെ വീട്ടിൽ താമസിക്കുന്ന ജയേഷ് പുറത്തിറങ്ങി കാട്ടാനയെ തുരത്താൻ ശ്രമിച്ചു.
ലക്ഷ്മിയുടെ മകനായ ജയേഷ് ടോർച്ചടിച്ചതോടെ കാട്ടാന അലറിക്കൊണ്ട് പാഞ്ഞെത്തി. വീടിനുള്ളിലേക്ക് ഓടിക്കയറിയാണ് ജയേഷ് രക്ഷപ്പെട്ടത്.
ജയേഷ് ഓടി മാറിയതോട വീടിന്റെ ചാർത്തും കാട്ടാന ആക്രമിച്ചു.ചാർത്തിന്റെ മേൽക്കൂര ഭാഗികമായി തകർന്നു.
പിന്നീട് സമീപവാസികളായ പടിപ്പുര ശ്രീധരൻ, നാരായണൻ, കൃഷ്ണകുമാർ, സ്വപ്ന, പടിപ്പുര രവീന്ദ്രൻ തുടങ്ങിയവരുടെ കൃഷിയും നശിപ്പിച്ചു.
കാട്ടാന വന്നപ്പോൾ വീടിനു മുകളിൽ കയറിയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് രവീന്ദ്രൻ പറയുന്നു.ശ്രീധരന്റെ കൃഷിയിടത്തിലെ കായ്ഫലമുള്ള 4 തെങ്ങുകളാണ് കാട്ടാന പിഴുതറിഞ്ഞത്.ഒപ്പം മൂപ്പെത്താറായ എഴുപതോളം വാഴക്കുലകളും നശിപ്പിച്ചു.
പ്രദേശത്ത് കാട്ടാനശല്യം അതിരൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.കഴിഞ്ഞ ദിവസം പ്രദേശവാസിയായ അപ്പുച്ചെട്ടിയുടെ വീടിനോടു ചേർന്ന തൊഴുത്തിന്റെ മേൽക്കൂരയിലേക്ക് കാട്ടാന മരം മറിച്ചിട്ടിരുന്നു.അതിനും ദിവസങ്ങൾക്കു മുൻപാണ് അടിവാരം തേലക്കാട്ട് ശിവനെ വീടിനു മുൻപിൽ വച്ച് കാട്ടാന ആക്രമിച്ചത്. ശിവൻ ഇപ്പോഴും ചികിത്സയിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]