
പുത്തുമല ∙ കഴിഞ്ഞവർഷം ഇതേദിനം ഇതുപോലൊരു തോരാമഴക്കാലത്ത് ഉയിരെടുത്തുപോയ ജീവനുകളുടെ മറക്കാത്ത ഓർമകൾക്കു മുന്നിൽ കൂപ്പുകൈകളും പനിനീർപ്പൂക്കളുമായി നാടാകെ ഒഴുകിയെത്തി. ഹൃദയഭൂമിയെന്നു പേരിട്ട
പുത്തുമലയിലെ പൊതുശ്മശാനത്തിൽ കണ്ട പല വിശ്വാസങ്ങളിൽപെട്ടവരും വിശ്വാസികളല്ലാത്തവരുമായ ആളുകൾ മനുഷ്യൻ എന്ന മഹാപദത്തിന്റെ ഐക്യപ്പെടലുകളായി.
ലക്ഷ്മിയമ്മയുടെ കുഴിമാടത്തിൽ ഒരു പൊതി മുറുക്കാനുമായാണ് ഭർത്താവ് തങ്കപ്പൻ എത്തിയത്. ഭാര്യ മരിക്കുന്നതിനു മുൻപായി ഭർത്താവ് മരിക്കണമെന്നും ഇല്ലെങ്കിൽ വലിയ വേദനയാണെന്നും കൂടിനിന്നവരോടായി അദ്ദേഹം പറഞ്ഞു.
ലക്ഷ്മി മുറുക്കുന്നയാളാണ്.
എന്നെ മുറുക്കാൻ പഠിപ്പിച്ചതും അവളായിരുന്നു. അവളില്ലാത്ത ലോകത്ത് എങ്ങനെ തുടർന്നുജീവിക്കുമെന്നറിയില്ല– തങ്കപ്പന്റെ വാക്കുകളിൽ വേദന നിറഞ്ഞു.
ഉരുൾ എടുത്തുകൊണ്ടുപോയ മനുഷ്യർക്കു പ്രത്യേകം തയാറാക്കിയ പന്തലിൽ പൊലീസ് ഗാർഡ് ഓഫ് ഓണറിലൂടെ നാടിന്റെ ആദരമറിയിച്ചു. ഉരുൾ എടുത്ത വെള്ളാർമല സ്കൂളിലെ 33 കുട്ടികളുടെ ഛായാചിത്രത്തിനു മുന്നിൽ അധ്യാപകരും കണ്ണീർപ്പൂക്കൾ അർപ്പിച്ചു.
രാവിലെ നടന്ന സർവമത
പ്രാർഥനയിലും തുടർന്നു നടന്ന അനുശോചനയോഗത്തിലും പങ്കെടുക്കാൻ ദുരന്തബാധിതർക്കൊപ്പം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരുമെല്ലാമെത്തിയിരുന്നു.സർവമത പ്രാർഥനയ്ക്ക് മേപ്പാടി ജുമാ മസ്ജിദ് ഇമാം മുസ്തഫുൽ ഫൈസി, ഷംസുദ്ദീൻ റഹ്മാനി, കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻസ് ഫാ. ഡാനി, ഫാ.
ഫ്രാൻസിസ്, മുണ്ടക്കൈ മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരി പി.ആർ. ശ്രീരാജ് നമ്പൂതിരി, അഡ്വ.
ബബിത എന്നിവർ നേതൃത്വം നൽകി. മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിലെ അനുസ്മരണയോഗത്തിൽ പങ്കെടുക്കുന്നവർക്കായി പുത്തുമലയിൽനിന്ന് കെഎസ്ആർടിസി ബസുകൾ സജ്ജീകരിച്ചിരുന്നു.
ദുരന്തമേഖലയിലെ ആദിവാസി വിഭാഗത്തിന്റെ പുനരധിവാസത്തിനായി മേപ്പാടി പഞ്ചായത്തിലെ വെള്ളരിമല പുതിയ വില്ലേജിൽ സർക്കാർ കണ്ടെത്തിയ അഞ്ച് ഹെക്ടർ ഭൂമിയുടെ ആർഒആർ (റെക്കോർഡ് ഓഫ് റൈറ്റ്സ്) ലഭ്യമാക്കാൻ വയനാട് കലക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ.
രാജൻ പറഞ്ഞു. 13 കുടുംബങ്ങൾക്കാണ് ഇവിടെ വീടുകൾ ഉയരുക.
പുഞ്ചിരിമട്ടം ഊരിലെ അഞ്ചു കുടുംബങ്ങളും ഏറാട്ടുകുണ്ട് ഊരിലെ അഞ്ച് കുടുംബങ്ങളും പുതിയ വില്ലേജിലെ 3 കുടുംബങ്ങളുമാണ് സെറ്റിൽമെന്റിന്റെ ഭാഗമാകുന്നത്. ഓരോ കുടുംബത്തിനും വീടും 10 സെന്റ് ഭൂമിയും നൽകുമെന്നു മന്ത്രി അറിയിച്ചു.
മന്ത്രി ഒ.ആർ.
കേളു, ടി. സിദ്ദീഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, പഞ്ചായത്ത് അംഗങ്ങൾ, മറ്റ് തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, കലക്ടർ ഡി.ആർ.
മേഘശ്രീ, എഡിഎം കെ. ദേവകി, സബ് കലക്ടർ മിസാൽ സാഗർ ഭരത്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ശേഖർ കുര്യാക്കോസ്, ഡോ.
ജോയ് ഇളമൺ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മുൻ എംഎൽഎ സി.കെ. ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമാണം പൂർത്തിയായ മാതൃകാ വീട് കാണാനെത്തിയ മന്ത്രി കെ.
രാജനെ നിറകണ്ണുകളോടെ കെട്ടിപ്പിടിച്ചാണു മുണ്ടക്കൈ റാട്ടപ്പാടിയിലെ വിജയകുമാർ സന്തോഷം പങ്കുവച്ചത്. ഭാവിയിൽ രണ്ടുനിലയ്ക്കു പറ്റുന്നവിധം ഗുണമേന്മയുള്ള നിർമാണമാണെന്ന് അദ്ദേഹം പറഞ്ഞു.പുത്തുമല ഹൃദയ ഭൂമിയിലെ സർവമത പ്രാർഥനയും പുഷ്പാർച്ചനയും മനസ്സ് വേദനിപ്പിച്ചെങ്കിലും ടൗൺഷിപ്പിലെത്തിയപ്പോൾ ഗുണഭോക്താക്കളുടെ ഉള്ളു നിറഞ്ഞ പ്രതികരണം നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചതെന്ന് മന്ത്രി കെ.
രാജൻ പറഞ്ഞു.
അതിജീവിതർക്കു വീടു നൽകുകയെന്നതു സർക്കാരിന്റെയും സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടെയും ഉത്തരവാദിത്തമാണ്. ദുരന്തം പിന്നിട്ട് 62 ദിവസങ്ങൾക്കകം എൽസ്റ്റൺ – നെടുമ്പാല എസ്റ്റേറ്റുകളിൽ പുനരധിവാസത്തിനായി സ്ഥലം കണ്ടെത്തി.
മുണ്ടക്കൈ -ചൂരൽമല അതിജീവിതർക്കായി 105 ദിവസത്തിനകം മാതൃകാവീട് പൂർത്തിയാക്കാനായി.
എൽസ്റ്റണിൽ കൂടുതൽ തൊഴിലാളികളെ ഏർപ്പെടുത്തി 2025 ഡിസംബർ 31 ന് അകം ടൗൺഷിപ്പിലെ മുഴുവൻ വീടുകളുടെയും നിർമാണം പൂർത്തീകരിക്കുമെന്നും 2026 ജനുവരിയിൽ ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറുമെന്നും മന്ത്രി പറഞ്ഞു. ടൗൺഷിപ്പിൽ 5 സോണുകളിലെയും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മന്ത്രി ഒ.ആർ.
കേളു, കലക്ടർ ഡി.ആർ. മേഘശ്രീ, ജില്ലാ പൊലീസ് മേധാവി തപേഷ് ബസുമതാരി, ജനപ്രതിനിധികൾ, ഗുണഭോക്താക്കൾ എന്നിവർ എൽസ്റ്റണിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.
നൂറിലേറെ പേരുടെ ഹിയറിങ് കഴിഞ്ഞെന്ന് മന്ത്രി കെ.രാജൻ
പുത്തുമല∙ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരിൽ വീടിനായുള്ള ഗുണഭോക്തൃ പട്ടികയിൽ അപേക്ഷ നൽകിയവരിൽ നൂറിലേറെ പേരുടെ ഹിയറിങ് കഴിഞ്ഞെന്നും പരിശോധന നടത്തിയശേഷം അർഹതപ്പെട്ടവരെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പട്ടിക പ്രകാരം ഉൾപ്പെടുത്തുമെന്നും മന്ത്രി കെ.രാജൻ.
മേപ്പാടി പഞ്ചായത്ത് സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികയിൽ ഉൾപ്പെടാൻ കഴിയാത്തവരെ ദുരന്ത അതിജീവിതർക്കുള്ള മറ്റു പദ്ധതികളിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്നു പരിശോധിക്കും.
ഫീൽഡ്തല പരിശോധന ഓഗസ്റ്റിൽത്തന്നെ തുടങ്ങും. വ്യാപാരികൾക്ക് സംഭവിച്ച നഷ്ടപരിഹാരത്തിന്റെ കണക്ക് ജില്ലാ ഭരണകൂടവും സാങ്കേതിക വിദഗ്ധരും ഉൾപ്പെട്ട
സമിതി തിട്ടപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ദുരന്തദിനത്തിൽ ഉയിർപ്പായി മാതൃകാ വീട്
ദുരന്ത വാർഷികദിനത്തിൽ കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ് ഭൂമിയിൽ മാതൃകാവീട് ഉയർന്നു. വീട് കാണാൻ ദുരന്തബാധിതർക്കൊപ്പം മന്ത്രിമാരായ കെ.രാജൻ, ഒ.ആർ.കേളു എന്നിവരുമെത്തി.
പുത്തുമലയിലെ അനുസ്മരണ യോഗത്തിനു ശേഷമാണു ദുരന്തബാധിതർ ടൗൺഷിപ്പിലെ മാതൃകാവീട് കാണാനെത്തിയത്. 70 ദിവസംകൊണ്ടു പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച് ഏപ്രിൽ 13നു നിർമാണം തുടങ്ങിയെങ്കിലും കാലാവസ്ഥയടക്കം പ്രതികൂല സാഹചര്യങ്ങൾ വില്ലനായി. അവസാനദിവസങ്ങളിൽ 24 മണിക്കൂറും ഷിഫ്റ്റ് അടിസ്ഥാനത്തിൽ തൊഴിലാളികളെ നിയോഗിച്ചാണു നിർമാണം പൂർത്തിയാക്കിയത്.
പ്രകൃതിദുരന്തങ്ങളെ നേരിടാൻ കെൽപുള്ള സാങ്കേതിവിദ്യ ഉപയോഗിച്ചാണു ടൗൺഷിപ് വീടുകളുടെ നിർമാണം. ഡിസംബർ 31 ആകുമ്പോഴേക്കും ടൗൺഷിപ്പിൽ മുഴുവൻ വീടുകളും പൂർത്തിയാക്കാൻ സാധിക്കുമെന്ന് മന്ത്രി കെ.രാജൻ ഉറപ്പു നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]