പടിഞ്ഞാറത്തറ∙ ബാണാസുര ഡാമിലെ ജലനിരപ്പിനു മുകളിലെ മത്സ്യക്കൃഷി ആറാം വർഷത്തിലേക്ക്. 2020ൽ റീബിൽഡ് കേരള പദ്ധതി ഫണ്ട് ഉപയോഗിച്ച് ബാണാസുര ഡാമിൽ ആരംഭിച്ച കൂട് മത്സ്യക്കൃഷിയാണ് ആറാം വർഷത്തിലേക്ക് കടന്നത്. വർഷം തോറും ശരാശരി 3 ടൺ വരെ മത്സ്യം ഇവിടെ നിന്ന് വിളവെടുത്ത് വിൽപന നടത്തിയിട്ടുണ്ട്.
പിടയ്ക്കുന്ന രുചിയേറിയ വിഷ രഹിത മത്സ്യം എന്നും രാവിലെ വീടുകളിൽ എത്തുന്നത് നാട്ടുകാർക്കും ഏറെ ആശ്വാസമായി തുടരുന്നു. അക്വാ കൾചർ ഡവലപ്മെന്റ് അതോറിറ്റി ഓഫ് കേരള (അഡാക്) പദ്ധതിയുടെ കീഴിൽ ബാണാസുര റിസർവോയർ എസ്സി എസ്ടി സൊസൈറ്റിയാണ് ഇതിന്റെ നടത്തിപ്പുകാർ.
30 മുതൽ 40 മീറ്റർ വരെ ആഴത്തിലുള്ള ഡാമിലെ വെള്ളക്കെട്ടിനു മുകളിൽ സ്ഥാപിച്ച 100 ഫ്ലോട്ടിങ് കൂടുകളിലാണ് മത്സ്യം വളർത്തുന്നത്.
ഒരു കൂടിൽ 6000 മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുക. ഇവ വലുതാകുമ്പോൾ പകുതി എണ്ണത്തിനെ മറ്റ് കൂടുകളിലേക്കു മാറ്റിയാണ് വളർത്തിയെടുക്കുന്നത്. 5 മുതൽ 6മാസം വരെ വളർച്ചയെത്തുന്നതോടെ വിളവെടുത്ത് വിൽപന നടത്തുകയാണ് ചെയ്യുന്നത്.
മത്സ്യക്കുഞ്ഞുങ്ങളുടെ പരിചരണത്തിനും വിളവെടുപ്പിനുമായി ജീവനക്കാർ ഉണ്ടാകും. രാവിലെ വിളവെടുക്കുന്ന മത്സ്യം വിവിധയിടങ്ങളിൽ ഒരുക്കിയ സ്റ്റാളുകളിൽ എത്തിച്ചാണ് വിൽപന നടത്തുന്നത്. കിലോയ്ക്ക് 200 രൂപയാണ് വില.
ഇക്കഴിഞ്ഞ കാലയളവിൽ വിവിധ പ്രതിസന്ധികൾ നേരിട്ടെങ്കിലും ഇവയെല്ലാം തരണം ചെയ്ത് നിലവിൽ മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
തൊഴിലാളികൾക്ക് ശാസ്ത്രീയമായ അറിവില്ലായ്മയും പുതുതായി വന്ന സംരംഭത്തിന്റെ പരിചയക്കുറവും മീൻ കുഞ്ഞുങ്ങളുടെ ലഭ്യതക്കുറവും ആയിരുന്നു പ്രധാന വില്ലനായത്. ടൂറിസം മേഖലയെ ഉപയോഗിച്ച് പദ്ധതിയിൽ വരുമാനം വർധിപ്പിക്കാനുള്ള നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ടൂറിസ്റ്റുകൾക്ക് മീൻ വളർത്തുന്ന കൂട് സന്ദർശിക്കാനും മീൻ പാചകം ചെയ്ത് വിൽപന നടത്താനും സംവിധാനം ഒരുക്കിയാൽ വരുമാനം ഗണ്യമായി ഉയരുകയും തൊഴിൽ സാധ്യത ഉയരുമെന്നും ഈ മേഖലയിലുള്ളവർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

