കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമാണം ഉടൻ തുടങ്ങുമെന്ന വാഗ്ദാനം പാലിക്കാത്തതിനെ ചൊല്ലി രാഷ്ട്രീയ വിവാദം തുടരുന്നു. ദുരന്തബാധിതരെ കോൺഗ്രസ് വഞ്ചിച്ചെന്നായിരുന്നു എൽഡിഎഫിന്റെ ആരോപണം.
കോൺഗ്രസും ടി.സിദ്ദീഖ് എംഎൽഎയും ജനങ്ങളെ പച്ചയ്ക്കു പറ്റിച്ചെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് തുറന്നടിച്ചിരുന്നു. കോൺഗ്രസ് വീടുകളുടെ നിർമാണം തുടങ്ങിയത് എവിടെയാണ്, വീട് നിർമാണത്തിനു സ്ഥലമെങ്കിലും കോൺഗ്രസ് കണ്ടെത്തിയോ, മാധ്യമങ്ങൾക്കു മുൻപിൽ സ്ഥലം കാണിക്കാൻ തയാറുണ്ടോ തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
പിന്നാലെ, കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമാണം ഉടൻ തുടങ്ങുമെന്ന ടി.സിദ്ദീഖ് എംഎൽഎയുടെ ചാനൽ പ്രതികരണം അടങ്ങിയ വിഡിയോ ദൃശ്യങ്ങളുമായി ഇടത് സൈബർ ഹാൻഡിലുകൾ കളം നിറഞ്ഞതോടെ വിവാദം കത്തി.
എന്നാൽ, കോൺഗ്രസ് സ്ഥാപക ദിനമായ ഡിസംബർ 28ന് വീടുകളുടെ നിർമാണം ആരംഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അതു നേതൃത്വത്തെ അറിയിക്കുമെന്നായിരുന്നു അന്നു ചാനൽ പ്രതികരണത്തിൽ പറഞ്ഞതെന്നും ഇക്കാര്യം മുറിച്ചുമാറ്റിയാണു എൽഡിഎഫ് പ്രചാരണം നടത്തുന്നതെന്നും ടി.സിദ്ദീഖ്് തിരിച്ചടിച്ചു. കോൺഗ്രസ് പറഞ്ഞ വാക്ക് പാലിക്കുമെന്നും വീട് നിർമാണത്തിനുള്ള തുക കെപിസിസിയുടെ അക്കൗണ്ടിലുണ്ടെന്നും 10 ദിവസത്തിനുള്ളിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും വിശദാംശങ്ങൾ ഉടൻ പത്രസമ്മേളനം വിളിച്ചു ചേർത്ത് മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരുവർഷമെടുത്താണ് സർക്കാരിനു തന്നെ സ്ഥലം ഏറ്റെടുക്കാനായത്. ടൗൺഷിപ്പിന് തറക്കല്ലിടുമെന്ന് പറഞ്ഞ തീയതി പലതവണ മന്ത്രി കെ.രാജൻ മാറ്റിപറഞ്ഞിട്ടുണ്ട്.
കോൺഗ്രസ് പാർട്ടി പറഞ്ഞ വാക്ക് പാലിക്കുമെന്നും കോൺഗ്രസിന്റെ വീട് നിർമാണത്തെ ചൊല്ലിയുള്ള ചർച്ചകൾ ജനുവരി ആദ്യവാരം സിപിഎമ്മിന് അവസാനിപ്പിക്കേണ്ടി വരുമെന്നും ടി.സിദ്ദീഖ് മറുപടി നൽകി.
കൽപറ്റ ∙ ദുരന്തബാധിതരുടെ പേരിൽ കോൺഗ്രസ് ജനങ്ങളിൽനിന്നു പണംപിരിച്ചു മുക്കിയെന്നു കെ.ടി.ജലീൽ എംഎൽഎ. മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ് പദ്ധതി പ്രദേശം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തബാധിതരോടു കോൺഗ്രസ് അനീതിയാണ് കാണിക്കുന്നത്. വീട് നിർമാണത്തിനുള്ള സ്ഥലം പോലും കാണിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
ടൗൺഷിപ്പിൽ ഒരുതരി അവകാശവാദം ഉന്നയിക്കാൻ കോൺഗ്രസിനോ മുസ്ലിം ലീഗിനോ സാധിക്കില്ല. ടൗൺഷിപ് നിർമാണത്തിനു സർക്കാരിനു പണം നൽകാൻ തയാറായവരെ നിരുത്സാഹപ്പെടുത്തിയവരാണു കോൺഗ്രസും മുസ്ലിം ലീഗും.
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവർ പണം കൈക്കലാക്കി. ടൗൺഷിപ്പിൽ വീടുകളുടെ നിർമാണം വേഗത്തിലാണ്.
സർക്കാർ സംവിധാനത്തിൽ നിന്നു കുറച്ചുപേരെ അടർത്തിയെടുത്തു ചില സംഘടനകൾ കൊണ്ടുപോയിട്ടുണ്ട്. വീട് നിർമിച്ചു നൽകുന്നത് കൊണ്ടുമാത്രം ഉത്തരവാദിത്തം അവസാനിക്കുന്നില്ല.
ടൗൺഷിപ്പിൽ സർക്കാർ ഒരുക്കുന്നതിനു സമാനമായ സൗകര്യങ്ങളും സംവിധാനങ്ങളും ദുരന്തബാധിതർക്കു നൽകാൻ തയാറാവണം. ഇല്ലെങ്കിൽ ദുരന്തബാധിതരെ വഞ്ചിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാധ്യക്ഷൻ പി.വിശ്വനാഥൻ, ഉപാധ്യക്ഷ എസ്.സൗമ്യ, ടൗൺഷിപ് സ്പെഷൽ ഓഫിസർ ഒ.ജെ.അരുൺ, സിപിഎം കൽപറ്റ ഏരിയ സെക്രട്ടറി വി.ഹാരിസ് എന്നിവർ ഒപ്പമുണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

